KeralaNews

വിമാനത്തിനുള്ളിൽ പാമ്പ്, പരിഭ്രാന്തരായി നിലവിളിച്ച് യാത്രക്കാർ

ന്യൂജേഴ്‌സി: ലാന്റിംഗിനിടെ യുനൈറ്റഡ് വിമാനത്തിൽ പാമ്പ്. വിമാനത്തിലെ യാത്രക്കാരാണ് പാമ്പിനെ കണ്ടത്. പാമ്പിനെ കണ്ടതോടെ ആളുകൾ പരിഭ്രാന്തരായി. ഫ്‌ളോറിഡയിലെ ടാംപ സിറ്റിയിൽ നിന്ന് ന്യൂജേഴ്‌സിയിലേക്കുള്ള വിമാനത്തിലാണ് അപ്രതീക്ഷിതമായി പാമ്പ് പ്രത്യക്ഷപ്പെട്ടത്. സംഭവം ഉടൻ തന്നെ നെവാർക്ക് ലിബർട്ടി ഇന്റർനാഷണൽ എയർപോർട്ട് ജീവനക്കാരെ വിവരമറിയിച്ചു. എയർപോർട്ടിലെ വൈൽഡ് ലൈഫ് ഓപ്പറേഷൻസ് സ്റ്റാഫും പോർട്ട് അതോറിറ്റി പോലീസ് ഡിപ്പാർട്ട്‌മെന്റ് ഓഫീസർമാരും ഉടൻ തന്നെ സ്ഥലത്തെത്തി. പാമ്പിനെ പിടികൂടിയ ഇവർ ഇതിനെ കാട്ടിലേക്ക് തുറന്നുവിട്ടതായാണ് വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്. 

വിമാനം ലാൻഡ് ചെയ്തതിന് പിന്നാലെയാണ് ബിസിനസ് ക്ലാസിലെ യാത്രക്കാർ പാമ്പിനെ കണ്ടതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് വാഷിംഗ്ടൺ ടൈംസ് റിപ്പോർട്ട് ചെയ്തു. പാമ്പിനെ കണ്ട് യാത്രക്കാർ നിലവിളിക്കുകയായിരുന്നു. ആർക്കും പരിക്കേറ്റിട്ടില്ലെന്നും യാത്രയെ ബാധിച്ചില്ലെന്നും യുനൈറ്റഡ് വിമാന അധികൃതർ പ്രസ്താവനയിൽ പറഞ്ഞു. പാമ്പിനെ നീക്കം ചെയ്ത ശേഷം യാത്രക്കാർ അവരുടെ ബാഗേജുകളുമായി ഇറങ്ങി. വിമാനത്തിൽ മറ്റ് ഇഴജന്തുക്കൾ ഉണ്ടോ എന്ന് തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയില്ല.

വിമാനത്തിൽ കണ്ടെത്തിയ പാമ്പ് ഉപദ്രവകാരിയല്ലെന്നാണ് ഫ്ലോറിഡ മ്യൂസിയം ഓഫ് നാച്ചുറൽ ഹിസ്റ്ററിയെ ഉദ്ധരിച്ച് വാഷിംഗ്ടൺ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. സാധാരണയായി 18 മുതൽ 26 ഇഞ്ച് വരെ നീളമുള്ള ഈ പാമ്പുകൾ മനുഷ്യരുമായോ വളർത്തുമൃഗങ്ങളുമായോ നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കുകയും അങ്ങോട്ട് ആക്രമിച്ചാൽ ​​മാത്രം കടിക്കുകയും ചെയ്യും.

നേരത്തെ, ഫെബ്രുവരിയിൽ മലേഷ്യയിലെ എയർഏഷ്യ വിമാനത്തിൽ സമാനമായ സംഭവം നടന്നിരുന്നു. വിമാനം പറന്നുകൊണ്ടിരിക്കുന്നതിനിടെയാണ് യാത്രക്കാർ പാമ്പിനെ കണ്ടത്. വിമാനത്തിലുള്ളവർ പകർത്തിയ വീഡിയോയിൽ പാമ്പ് യാത്രക്കാർക്ക് മുകളിലുള്ള ലൈറ്റിനുള്ളിൽ ഉണ്ടെന്ന് വ്യക്തമായിരുന്നു. 

അതേസമയം, 2016-ൽ, മെക്സിക്കോയിലെ എയ്റോമെക്സിക്കോ വിമാനത്തിൽ പറക്കുന്നതിനിടെ വിഷപാമ്പിനെ കണ്ടെത്തിയിരുന്നു. വിമാനം മെക്‌സിക്കോ സിറ്റിയിലെത്തിയപ്പോൾ മുൻ‌ഗണനാ ലാൻഡിംഗ് ക്ലിയറൻസ് ലഭിച്ച ശേഷം വിമാനത്തിൽ നിന്ന് ഇതിനെ പിടികൂടുകയായിരുന്നു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker