KeralaNews

ലക്ഷ്യം ഉപതെരഞ്ഞെടുപ്പ് ! പാലക്കാട് സ്മാര്‍ട്ട് സിറ്റി വരുന്നു, പ്രഖ്യാപിച്ച് കേന്ദ്രം, അരലക്ഷത്തോളം പേര്‍ക്ക് തൊഴിലവസരം

ന്യൂഡല്‍ഹി: അരലക്ഷത്തോളം പേര്‍ക്ക് നേരിട്ട് തൊഴില്‍ നല്‍കുന്ന വ്യവസായ സ്മാര്‍ട്ട് സിറ്റി പാലക്കാട് വരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ബുധനാഴ്ച ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം പദ്ധതിക്ക് അനുമതി നല്‍കി. 51000 പേര്‍ക്ക് ഇതിലൂടെ നേരിട്ട് തൊഴില്‍ ലഭിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. വ്യവസായ ഇടനാഴികളെ തമ്മില്‍ ബന്ധിപ്പിച്ച് രാജ്യത്താകെ സ്ഥാപിക്കുന്ന 12 സ്മാര്‍ട്ട് സിറ്റികളില്‍ ഒന്നാണ് പാലക്കാട് വരുന്നത്.

3806 കോടി രൂപയുടെ പദ്ധതിയാണിത്. പാലക്കാട് പുതുശ്ശേരിയാണ് പദ്ധതിക്കായി കണ്ടെത്തിയ സ്ഥലം. സേലം-കൊച്ചി ദേശീയപാതയോട് ചേര്‍ന്ന് കിടക്കുന്ന സ്ഥലമാണിത്. ആകെ 28,500 കോടി രൂപ മുതല്‍മുടക്കില്‍ 12 വ്യാവസായിക സ്മാര്‍ട്ട് സിറ്റികള്‍ സ്ഥാപിക്കുന്നതിനാണ് സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരിക്കുന്നത്. ഇതുവഴി 12 ലക്ഷം പേര്‍ക്ക് നേരിട്ടും 20 ലക്ഷം പേര്‍ക്ക് പരോക്ഷമായും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും.

'പ്ലഗ്-എന്‍-പ്ലേ', 'വാക്ക്-ടു-വര്‍ക്ക്' എന്നീ ആശയങ്ങളോടെ ലോകോത്തര ഗ്രീന്‍ഫീല്‍ഡ് വ്യാവസായിക സ്മാര്‍ട്ട് സിറ്റികള്‍ നിര്‍മ്മിക്കാന്‍ ഇന്ത്യ ഒരുങ്ങുകയാണ് എന്ന് കേന്ദ്ര വൃത്തങ്ങള്‍ അറിയിച്ചു. ശക്തവും സുസ്ഥിരവുമായ അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കുന്നതിനും നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് പദ്ധതികള്‍ ലക്ഷ്യമിടുന്നത് എന്ന് സാമ്പത്തിക കാര്യ കാബിനറ്റ് കമ്മിറ്റി പത്രക്കുറിപ്പില്‍ പറഞ്ഞു.

പാലക്കാടിന് പുറമെ ഉത്തരാഖണ്ഡിലെ ഖുര്‍പിയ, പഞ്ചാബിലെ രാജ്പുര-പട്യാല, ഉത്തര്‍പ്രദേശിലെ ആഗ്രയും പ്രയാഗ് രാജും, ബീഹാറിലെ ഗയ, ഹാരാഷ്ട്രയിലെ ഈഗി പോര്‍ട്ട് ഇന്‍ഡസ്ട്രിയല്‍ ഏരിയ, രാജസ്ഥാനിലെ ജോധ്പൂര്‍-പാലി, ആന്ധ്രാപ്രദേശിലെ കോപര്‍ത്തി, ഒര്‍വക്കല്‍, തെലങ്കാനയിലെ സഹീറാബാദ് എന്നിവിടങ്ങളിലാണ് മറ്റ് സ്മാര്‍ട്ട് സിറ്റികള്‍ വരുന്നത്.

കേന്ദ്ര സര്‍ക്കാരിന്റെ വികസിത് ഭാരത് പദ്ധതി പ്രകാരമാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഇതിലൂടെ 1.5 ലക്ഷം കോടി രൂപയുടെ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനാകും എന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തെ 100 നഗരങ്ങളിലോ നഗരങ്ങളോട് ചേര്‍ന്നോ സംസ്ഥാന സര്‍ക്കാരുകളുമായി ചേര്‍ന്ന് വ്യവസായ പാര്‍ക്കുകള്‍ സ്ഥാപിക്കുമെന്ന് ബജറ്റില്‍ കേന്ദ്ര സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു

വന്‍കിട വ്യവസായങ്ങളില്‍ നിന്നും മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങളില്‍ നിന്നോ നിക്ഷേപം സുഗമമാക്കുന്നതിലൂടെ ഊര്‍ജ്ജസ്വലമായ ഒരു വ്യാവസായിക ആവാസവ്യവസ്ഥയെ പരിപോഷിപ്പിക്കുന്നതിനാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇവ 2030 ഓടെ കയറ്റുമതിയില്‍ 2 ട്രില്യണ്‍ ഡോളര്‍ കൈവരിക്കുന്നതിനുള്ള ഉത്തേജകമായി പ്രവര്‍ത്തിക്കും.

അതേസമയം ഒരു ലക്ഷം കോടി രൂപ ബജറ്റില്‍ 2020 ല്‍ ആരംഭിച്ച അഗ്രി ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ടിന്റെ വിപുലീകരണവും മന്ത്രിസഭായോഗം പ്രഖ്യാപിച്ചു. പാക്ക് ഹൗസുകള്‍, കോള്‍ഡ് സ്റ്റോറേജ്, ശീതീകരിച്ച വാഹനങ്ങള്‍, പ്രാഥമിക സംസ്‌കരണ യൂണിറ്റുകള്‍ തുടങ്ങിയ വിളവെടുപ്പിന് ശേഷമുള്ള കാര്‍ഷിക അടിസ്ഥാന സൗകര്യങ്ങളില്‍ ആയിരിക്കും ഈ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് ശ്രദ്ധ കേന്ദ്രീകരിക്കുക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker