
കൊച്ചി: കുറുപ്പംപടിയില്‍ സഹോദരിമാരെ പീഡനത്തിനിരയാക്കിയെന്ന് പരാതി. പെണ്‍കുട്ടികളുടെ അമ്മയുടെ ആണ്‍സുഹൃത്തായ അയ്യമ്പുഴ സ്വദേശി ധനേഷാണ് പീഡിപ്പിച്ചുവെന്നാണ് പരാതി. സംഭവത്തിൽ ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ധനേഷ് രണ്ട് വര്‍ഷത്തോളം കുട്ടികളെ പീഡനത്തിനിരയാക്കിയെന്ന് പരാതിയില്‍ പറയുന്നുണ്ട്.
രണ്ട് പെണ്‍കുട്ടികളും സ്‌കൂളിലെ സുഹൃത്തിനെഴുതിയ കുറിപ്പില്‍ നിന്നാണ് അതിക്രമത്തിന്റെ വിവരം പുറത്തറിയുന്നത്. പെണ്‍കുട്ടികളുടെ സുഹൃത്ത് ആ കുറിപ്പ് അധ്യാപികയ്ക്ക് കൈമാറുകയായിരുന്നു. അധ്യാപികയാണ് കുറുപ്പംപടി പോലീസില്‍ പരാതി നല്‍കിയത്.
രണ്ട് വര്‍ഷമായി ധനേഷ് പലപ്പോഴായി വീട്ടില്‍ വന്നു പോകാറുണ്ടായിരുന്നു. അതിനിടെ ഇയാള്‍ പല തവണ തങ്ങളോട് അതിക്രമം കാണിച്ചുവെന്ന് കുട്ടികളെഴുതിയ കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്.
പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്ത് വരികയാണ്. ഇതിന് ശേഷമാകും അറസ്റ്റ് ഉള്‍പ്പടെയുള്ള നടപടികളിലേക്ക് നീങ്ങുക.