സൂചികുത്താനിടിയില്ലാത്ത ബസിനുള്ളില്‍ വെച്ചന്റെ..പൊക്കിള്‍ തപ്പി വന്നവന്റെ പ്രായം 40” പാടിയ കാര്യങ്ങൾ അനുഭവിച്ചത്; വിശദീകരണവുമായി ഗൗരി ലക്ഷ്മി
കൊച്ചി: ”എന്റെ പേര് പെണ്ണ്,, എനിക്ക് വയസ്സ് 8.. സൂചികുത്താനിടിയില്ലാത്ത ബസിനുള്ളില്‍ വെച്ചന്റെ..പൊക്കിള്‍ തപ്പി വന്നവന്റെ പ്രായം 40”- ഇങ്ങനെ തുടങ്ങുന്ന ഒരു ഗാനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നത്. ഗായിക ഗൗരി ലക്ഷ്മി ആലപിച്ച മുറിവ് എന്ന ഗാനം, ശ്രദ്ധിക്കപ്പെട്ടതോടെ രൂക്ഷമായ സൈബര്‍ ആക്രമണവും ചില ഭാഗത്തുനിന്ന് തുടങ്ങിയിട്ടുണ്ട്. ഒരു വര്‍ഷം മുന്‍പിറങ്ങിയ ഗാനമാണ് ഇപ്പോള്‍ ചൂടേറിയ ചര്‍ച്ചകള്‍ക്ക് കാരണമായിരിക്കുന്നത്.
പരുഷന്‍മ്മാരെ മൊത്തം പ്രതിരോധത്തിലാക്കുന്ന ടോക്സിക്ക് ഫെമിനിസിമാണ് ഗൗരി ലക്ഷ്മി അടക്കമുള്ളവര്‍ മുന്നോട്ടുവെക്കുന്നതെന്നും, അല്‍പ്പ വസ്ത്രധാരികളായി ഇങ്ങനെ പാട്ടുപാടിയിട്ട് എന്തു ഗുണം എന്നും ചോദിച്ചാണ്, ഗൗരിക്കും ടീമിനുമെതിരെ സൈബര്‍ ആക്രമണം നടക്കുന്നുന്നത്. ”പൊക്കിള്‍ വരെ മാത്രം നീളമുള്ള ഒരു തുണിക്കഷ്ണം ധരിച്ചിട്ട് എന്റെ തുടകള്‍ നോക്കിയത് പുരുഷന്‍ എന്ന് പാടിയത് കൊണ്ട് ഇവിടെ എന്ത് പുരോഗമനം ആണ് നടക്കാന്‍ പോകുന്നത്…
നിങ്ങള്‍ പിന്നെ ആരെ കാണിക്കാന്‍ ആണ് ആ രീതിയില്‍ അണിഞ്ഞൊരുങ്ങുന്നത്?” -ഈ രീതിയിലായി വിമര്‍ശനങ്ങള്‍. പക്ഷേ സൈബര്‍ ആക്രമണങ്ങളില്‍ ഗൗരിലക്ഷ്മി ഒരിക്കലും ഭയക്കുന്നില്ല. തന്റെ അനുഭവങ്ങളാണ് പാട്ടില്‍ പറയുന്നത് എന്നാണ് അവര്‍ പറയുന്നത്.
”എന്റെ പേര് പെണ്ണ,് എനിക്ക് വയസ്സ് 13
വേനലവിധമാസമത് ബന്ധുവീട്ടില്‍ ഊണ്
ഓര്‍മ്മവെച്ചകാലം തൊട്ട് എന്റെ കണ്ടുവന്ന ഒരാള്‍
പിന്നില്‍നിന്ന് തൊട്ടതിന്റെ പേര് കാമം”-
ഇങ്ങനെയാണ് മുറിവ് ഗാനത്തിലെ അടുത്തവരികള്‍. എന്നാല്‍ ഇതെല്ലാം തന്റെ ജീവിതത്തില്‍ നടന്ന കാര്യമാണെന്ന് ഗൗരി ലക്ഷ്മി ഒരു ഡിജിറ്റല്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. -”ആ ഗാനത്തില്‍ എട്ടാം വയസിലും പതിമൂന്നാം വയസിലും ഇരുപത്തിരണ്ടാം വയസിലും നടന്നതായി പറയുന്ന കാര്യങ്ങള്‍ ജീവിതത്തില്‍ അനുഭവിച്ചതാണ്. താന്‍ അനുഭവിച്ചത് മാത്രമേ അതില്‍ എഴുതിയിട്ടുള്ളൂ, അല്ലാതെ സങ്കല്പിച്ചുണ്ടാക്കിയതല്ല. എട്ടാം വയസില്‍ സംഭവിച്ച കാര്യത്തേക്കുറിച്ച് പറയുകയാണെങ്കില്‍ അന്ന് ധരിച്ച വസ്ത്രം ഏതാണെന്നുപോലും ഓര്‍മയുണ്ടെന്നും ഗൗരി ലക്ഷ്മി പറഞ്ഞു.
വൈക്കത്തുനിന്ന് തൃപ്പൂണിത്തുറ ഹില്‍പാലസിലേക്കാണ് പോകുന്നത്. ബസില്‍ നല്ല തിരക്കുണ്ട്. അമ്മ എന്നെ സുരക്ഷിതയായി ഒരു സീറ്റിലേക്ക് കയറ്റി ഇരുത്തിയതായിരുന്നു. എന്റെ തൊട്ടു പുറകില്‍ ഉള്ള വ്യക്തി എന്റെ അച്ഛനെക്കാള്‍ പ്രായമുള്ള ആളാണ്. എന്റെ ടോപ്പ് പൊക്കി അയാളുടെ കൈ അകത്തേക്ക് പോകുന്നത് എനിക്ക് മനസിലായി. ജീവിതത്തില്‍ ആദ്യമായിരുന്നു അങ്ങനെയൊരനുഭവം. ഞാന്‍ അയാളുടെ കൈ തട്ടിമാറ്റി എനിക്ക് അമ്മയുടെ അടുത്ത് പോകണം എന്ന് പറഞ്ഞ് മുന്നോട്ട് പോയി. ഇത് പ്രശ്നം പിടിച്ച പരിപാടിയാണ് എന്ന് എനിക്ക് മനസിലായിരുന്നു”- ഗൗരിലക്ഷ്മി വ്യക്തമാക്കി
”13-ാം വയസില്‍ ബന്ധുവീട്ടില്‍പ്പോയ കാര്യവും പാട്ടില്‍ പറയുന്നുണ്ട്. അതും എന്റെ അനുഭവമാണ്. അവധിക്കാലത്ത് സ്ഥിരം പോകുന്ന വീടായിരുന്നു. അയാളുടെ പെരുമാറ്റത്തില്‍ മാറ്റം വന്നുതുടങ്ങിയതോടെ താന്‍ ആ വീട്ടില്‍ പോകാതെയായി”-ഗൗരി ലക്ഷ്മി പറഞ്ഞു. എന്നാല്‍ ഗൗരിയെ അനുകൂലിച്ച് ഫെമിനിസ്റ്റുകളും രംഗത്ത് എത്തിയിട്ടുണ്ട്. ലോകവ്യാപകമായി കാലകാരന്‍മ്മാര്‍ അവര്‍ക്ക് നേരിട്ട അനുഭവങ്ങളുടെ ആത്മാവിഷ്‌ക്കാരം നടത്താറുണ്ടെന്നും ഗൗരിക്കും അതിനുള്ള അവകാശമുണ്ടെന്നുമാണ് അവര്‍ പറയുന്നത്.