കൊച്ചി: സിദ്ദിഖ് എന്ന അതുല്യനായ സംവിധായകനെ ഓര്‍ക്കുമ്പോള്‍ എന്നും മലയാളിക്ക് ചിരി സമ്മാനിച്ച കുറേ സിനിമകള്‍ ഓര്‍മ്മവരും. തന്‍റെ മിമിക്രി മിമിക്സ് വേദിയില്‍ തുടങ്ങിയ കര്‍മ്മപഥത്തിന്‍റെ ഒരു തുടര്‍ച്ചയായിരുന്നു സിദ്ദിഖിന്‍റെ സിനിമകളും. കേരളത്തില്‍ ഗാനമേളകളുടെ ഇടവേളകളില്‍ അവതരിപ്പിച്ചിരുന്ന മിമിക്രിയെ ഒരു കലാരൂപം എന്ന നിലയില്‍ രൂപപ്പെടുത്തിയതിന് വലിയ പങ്കുവഹിച്ചത് കലാഭവന്‍റെ മിമിക്സ് പരേഡായിരുന്നു. അതിന്‍റെ ശില്‍പികളില്‍ ഒരാള്‍ സിദ്ദിഖായിരുന്നു.
മിമിക്രിയെ മുഴുനീളപരിപാടിയായി അവതരിപ്പിക്കാനുള്ള ആശയം രൂപപ്പെടുത്തിയത് കലാഭവന്‍റെ എല്ലാമായ ആബേലച്ചനായിരുന്നു. അദ്ദേഹത്തിന്‍റെ ഈ ആശയത്തിന് കൈകൊടുത്ത് സ്ക്രിപ്റ്റ് തയ്യാറാക്കിയത് സിദ്ദിഖും ലാലും ചേര്‍ന്നാണ്. സിദ്ദിഖാണ് പരിപാടിക്ക് മിമിക്‌സ് പരേഡ് എന്ന് പേരുനല്‍കിയത്. അത് ഒരു ചരിത്ര നിയോഗമായിരുന്നു. തുടര്‍ന്ന് ഹിറ്റ് സിനിമകളിലേക്ക് നീങ്ങിയ സിദ്ദിഖ് ലാല്‍ കൂട്ടുകെട്ട് ആരംഭിക്കുന്നതും അവിടെ നിന്നാണ്.
1981ലെ സ്വാതന്ത്ര്യദിനത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുമുന്നിലായിരുന്നു മിമിക്‌സ് പരേഡിന്റെ ട്രയല്‍ അവതരണം. അത് വിജയകരമായി നടന്നു. പിന്നീടാണ് സെപ്തംബര്‍ 21ന് ഫൈന്‍ ആര്‍ട്‌സ് ഹാളില്‍ മിമിക്‌സ് പരേഡ് അരങ്ങേറിയത്. ലാല്‍, സിദ്ദിഖ്, കലാഭവന്‍ റഹ്മാന്‍, കലാഭവന്‍ പ്രസാദ്, വര്‍ക്കിച്ചന്‍ പേട്ട, കലാഭവന്‍ അന്‍സാര്‍ എന്നിവരായിരുന്നു ആദ്യത്തെ മിമിക്സ് പരേഡ് ടീം.
തൃശൂര്‍ പൂരം വെടിക്കെട്ട്, യന്ത്രമനുഷ്യന്‍, ഗാന്ധി സിനിമയിലെ മലയാളതാരങ്ങള്‍, കഥാപ്രസംഗം, ഓട്ടോറിക്ഷയിലെ ഗര്‍ഭിണി തുടങ്ങിയവയായിരുന്നു പ്രധാനയിനങ്ങള്‍. ഓരോ അവതരണത്തിനും നിറഞ്ഞ കൈയടിയാണ് ലഭിച്ചത്. പിന്നീട് ചെറിയ ചെറിയ സ്കിറ്റുകള്‍ അടക്കം കൂട്ടിച്ചേര്‍ത്ത് ഇതിനെ ഒരു കലാരൂപമായി രൂപപ്പെടുത്തുന്നതില്‍ സിദ്ദിഖ് എന്നും സാമര്‍ത്ഥ്യം പുലര്‍ത്തിയിരുന്നു.
സിദ്ദിഖ് എന്ന പ്രതിഭയെ വളര്‍ത്തിയത് മിമിക്സ് വേദികളാണ്. അതിന്‍റെ സ്ക്രിപ്റ്റില്‍ കാണിക്കുന്ന ചരുത അദ്ദേഹം സിനിമ രംഗത്തും പലവട്ടം വിജയകരമായി നടപ്പിലാക്കി. ഇന്ന് ടിവി പരിപാടികളായും റിയാലിറ്റി ഷോകളുമായി ഒക്കെ ഹാസ്യപരിപാടികള്‍ തകര്‍ക്കുമ്പോള്‍ അതിന് തുടക്കമിട്ടയാളാണ് വിട വാങ്ങുന്നത്.