KeralaNews

പെൺമക്കൾ സാക്ഷി,ഷുക്കൂർ വക്കീലിനും ഷീന ഷുക്കൂറിനും രണ്ടാം വിവാഹം

കാസര്‍കോട്: ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിലൂടെ പ്രശസ്തനായ നടനും അഭിഭാഷകനുമായ ഷുക്കൂറും കണ്ണൂര്‍ സര്‍വകലാശാല നിയമവകുപ്പ് മേധാവിയുമായ ഷീനയും രണ്ടാമതും വിവാഹിതരായി. ബുധനാഴ്ച രാവിലെ 10.15ന് ഹൊസ്ദുര്‍ഗ് സബ് രജിസ്ട്രര്‍ ഓഫീസില്‍ സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമാണ് വിവാഹം നടന്നത്.

ലോക വനിതാ ദിനത്തില്‍ തങ്ങളുടെ പെണ്‍മക്കളെ സാക്ഷിയാക്കിയാണ് ദാമ്പത്യത്തിന്റെ 28-ാം വര്‍ഷത്തില്‍  ഇരുവരും രജിസ്ട്രര്‍ വിവാഹം ചെയ്തത്. ഷുക്കൂറിന്റേയും ഷീനയുടേയും മക്കളായ ഖദീജ ജാസ്മിന്‍, ഫാത്തിമ ജെബിന്‍, ഫാത്തിമ ജെസ എന്നിവരൊപ്പമെത്തിയാണ് ഷുക്കൂറും ഷീനയും രണ്ടാമതും വിവാഹിതരായത്.

അഡ്വ.സജീവനും സിപിഎം നേതാവായ വി.വി.രമേശുമാണ് വിവാഹ രജിസ്റ്ററില്‍ സാക്ഷികളായി ഒപ്പുവെച്ചത്. പെണ്‍മക്കളുടെ അവകാശസംരക്ഷണത്തിനായി ആണ് മുസ്‌ലിം മതാചാര പ്രകാരം ആദ്യം വിവാഹിതരായ ഇരുവരും സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വീണ്ടും വിവാഹിതരാകുന്നതും ഇതിനായി വനിതാ ദിനം തെരഞ്ഞെടുക്കുന്നതും.

 മുസ്​ലിം വ്യക്തി നിയമത്തിലെ വ്യവസ്ഥ മറികടക്കാനും തന്റെ സ്വത്തുക്കളുടെ അവകാശം പൂർണമായും പെൺമക്കൾക്ക് ലഭിക്കുന്നതിനും വേണ്ടിയാണ് സ്പെഷ്യൽ മാര്യേജ് നിയമപ്രകാരം വീണ്ടും വിവാഹം കഴിക്കാനൊരുങ്ങുന്നതെന്നും അഡ്വ. ഷുക്കൂര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

 മുസ്ലിം പിന്‍തുടര്‍ച്ചാ നിയമപ്രകാരം ആണ്‍മക്കളുണ്ടെങ്കിലെ മുഴുവന്‍ സ്വത്തും കൈമാറാനാകൂ. ഷൂക്കൂറിനും ഷീനയ്ക്കും മൂന്ന് പെണ്‍മക്കളായതിനാല്‍ സ്വത്തിന്റെ മൂന്നില്‍രണ്ട് ഓഹരി മാത്രമാണ് മക്കള്‍ക്ക് കിട്ടുക. ബാക്കി സഹോദരങ്ങള്‍ക്ക് അവകാശപ്പെട്ടതാണ്.

ഇയൊരു പ്രതിസന്ധി മറികടക്കാനാണ് സ്‌പെഷ്യല്‍ മാര്യേജ്  ആക്ട് പ്രകാരം വീണ്ടും കല്യാണം കഴിക്കുന്നതെന്ന് അഡ്വ ഷുക്കൂര്‍ പറയുന്നു. രണ്ടുതവണയുണ്ടായ കാര്‍ അപകടമാണ് ജീവിതത്തിന്റെ മറ്റൊരു തലത്തിലേക്കുകൂടി ആലോചനയെത്താന്‍ കാരണമായതെന്നും ഷുക്കൂര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker