കൊച്ചി:പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത നാരീ ശക്തി വേദിയില്‍ വ്ച്ച ശോഭന പറഞ്ഞ വാക്കുകള്‍ വലിയ വിവാദമായിരുന്നു. ഇതിനെതിരെ രംഗത്തു വന്ന ശീതള്‍ ശ്യാമിനെതിരെ സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം സൈബര്‍ ആക്രമണം നടത്തുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ശോഭനയ്‌ക്കെതിരായ തന്റെ വിമര്‍ശനത്തെക്കുറിച്ച് സംസാരിക്കുകയാണ് ശീതള്‍ ശ്യാം.
അവര്‍ എന്ന വ്യക്തിയെയോ, അവരുടെ ജീവിത സാഹചര്യത്തെയോ അവരുടെ സാമൂഹിക സാഹചര്യത്തെയോ അവരുടെ കഴിവിനെയോ ഒന്നുമല്ല, അവര്‍ അന്ന് പറഞ്ഞതിനെക്കുറിച്ച് മാത്രമാണ്. സര്‍ക്കാസം പോലെയാണ് ഞാനന്ന് എഴുതിയത്. മൊത്തം മലയാളികള്‍ക്കല്ല, ഒരു പ്രത്യേക തരം ആളുകള്‍ക്ക് അതിത്രയും വലിയ പ്രശ്‌നമാകേണ്ട ഒരാവശ്യവുമില്ല. കള്ളം പറയുമ്പോള്‍ അത് ശ്രദ്ധയോടെ പറയണം. അത് കണ്ടുപിടിക്കാന്‍ മറ്റുള്ളവരുണ്ടാകും എന്ന ആശയം കൂടി ഉള്‍പ്പെടുത്തിയാണ് ഞാനത് പറഞ്ഞതെന്നാണ് ശീതള്‍ പറയുന്നത്.
അതൊരു വലിയൊരു കള്ളമാണ്. ജെന്റര്‍ ഇന്‍ഡക്‌സ് പോലുള്ള കണക്കുകള്‍ എടുക്കുമ്പോള്‍ സ്ത്രീകള്‍ക്ക് സുരക്ഷിതമായി നടക്കാന്‍ പറ്റാത്ത രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ എത്രാമത് ആണെന്ന് നമുക്ക് കാണാം. നമ്മുടെ സമൂഹിക സുരക്ഷയുടെ കാര്യത്തിലും, അതിക്രമങ്ങളുടെ കാര്യത്തിലും വയലന്‍സിന്റെ കാര്യത്തിലൊക്കെ നമ്മള്‍ മുന്നിലാണ്. പഴയ കാലത്തേക്കാളും കൂടുതലാകുന്നലാണത്. മികച്ച ഭരണാധികാരിയുടെ കീഴിലല്ല നമ്മളുള്ളത്. സമകാലീന വിഷയങ്ങള്‍ നോക്കിയാല്‍ നമുക്ക് മനസിലാകും ഇന്ത്യ എവിടേക്കാണ് പോകുന്നതെന്നും ശീതള്‍ പറയുന്നു.
ജനാധിപത്യപരമായൊരു ഇടത്തു നിന്നും ആത്മീയതയിലേക്കും ജാതീയതയിലേക്കും ഇന്ത്യയെ കൊണ്ടു പോകാന്‍ ഈ മികച്ച ഭരണാധികാരിയ്ക്ക് സാധിച്ചിട്ടുണ്ട്. അതുകൊണ്ടാണ് അദ്ദേഹം മാധ്യമങ്ങള്‍ക്ക് മുന്നില്‍ പോലും വരാന്‍ ഭയക്കുന്നത്. അതൊരു മികച്ച ഭരണാധികാരിയുടെ ലക്ഷണമല്ല. മികച്ച ഭരണാധികാരി ജനങ്ങളുടെ അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് മറുപടി നല്‍കാന്‍ കഴിയുന്ന ആളായിരിക്കണമെന്നാണ് ശീതള്‍ ശ്യാം അഭിപ്രായപ്പെടുന്നത്.
അവര്‍ അവിടെ വായിച്ചത് എഴുതിയതാണ്. അത് കള്ളമാണ്. ഒരുപാട് ജനങ്ങള്‍ കേള്‍ക്കുന്നൊരു വേദിയിലായിരുന്നു. അത്തരമൊരു കള്ളത്തെ പ്രതിരോധിക്കേണ്ടിയിരുന്നു. അവര്‍ക്ക് രാഷ്ട്രീയമില്ലെന്ന് ഞാന്‍ മനസിലാക്കിയിട്ടുണ്ട്. അവര്‍ കേരളീയത്തിന്റെ വേദിയിലും വന്നിട്ടുണ്ട്. ചെറുപ്പം മുതലേ ഞാന്‍ അവരെ ഫോളോ ചെയ്യുന്നുണ്ട്. അവരുടെ പരിപാടികളും അഭിമുഖങ്ങളും ഞാന്‍ കാണാറുണ്ട്. ഒരു അഭിമുഖത്തില്‍ തനിക്ക് രാഷ്ട്രീയത്തിലേക്ക് ഇറങ്ങാന്‍ താല്‍പര്യമില്ലെന്ന് അവര്‍ പറഞ്ഞിട്ടുണ്ട്. കാരണമായി പറഞ്ഞത് രാഷ്ട്രീയം തനിക്ക് അറിയില്ലെന്ന് എന്നാണ് ശീതള്‍ ശ്യാം ചൂണ്ടിക്കാണിക്കുന്നത്.
രാഷ്ട്രീയം അവര്‍ ഇതുവരേയും പഠിച്ചിട്ടില്ലെന്ന് തോന്നുന്നു. ഇത്തരം വിഷയം പറയുമ്പോള്‍ വളരെ ശ്രദ്ധയോടെ ചെയ്യേണ്ടിയിരുന്നു. സ്ത്രീകളുടെ ശക്തിയുടെ വേദിയില്‍ ഇതുപോലെ വലിയൊരു കള്ളം പറയേണ്ടതില്ലായിരുന്നു. കുറേക്കൂടി ശ്രദ്ധയാകാമായിരുന്നു. നൃത്തവും കലയുമാണ് അവരുടെ ജീവിതം. അവരുടെ സാമൂഹിക പരിസരം വേറെയാണെന്ന് അറിയാം. പക്ഷെ അവര്‍ അന്ന് സംസാരിച്ച വിഷയത്തെ ഉള്‍പ്പെടുത്തിയാണ് അന്ന് സംസാരിച്ചതെന്നും ശീതള്‍ പറയുന്നു.
ഞാന്‍ അവരെ ഇഷ്ടപ്പെട്ടിരുന്നു. ഞാന്‍ അവരെ പോലെയാണെന്ന് എന്റെ സുഹൃത്തുക്കള്‍ പലരും പറഞ്ഞിട്ടുമുണ്ട്. മറ്റ് ചിലര്‍ കേള്‍ക്കുമ്പോള്‍ കളിയാക്കി ചിരിക്കും. പക്ഷെ ചിലരെങ്കിലും അങ്ങനെ പറഞ്ഞിട്ടുണ്ട്. അത് ഉദ്ദേശിച്ചായിരുന്നു ഞാന്‍ പറഞ്ഞത്. അവരെ വേദനിപ്പിക്കുമോ എന്നറിയില്ല. നമ്മള്‍ ഈ ചര്‍ച്ച ചെയ്യുന്നത് അവര്‍ കാണുമോ എന്നറിയില്ല. അവര്‍ വേറെ ലോകത്താണ്. പോസ്റ്റിടുന്നതിന് കുറച്ച് മുമ്പ് തിരുവനന്തപുരത്തെ സൂര്യ ഫെസ്റ്റിവലില്‍ വച്ച് അവരെ കാണുകയും ഫോട്ടോയെടുക്കുകയും ചെയ്തിരുന്നു. ഇപ്പോഴും അവരോട് ഇഷ്ടവും ബഹുമാനവുമുണ്ടെന്നും ശീതള്‍ പറഞ്ഞു.
ഞാന്‍ ഉദ്ദേശിച്ചത് ആ കള്ളത്തെക്കുറിച്ചാണ്. കള്ളം പ്രചരിപ്പിക്കരുത്. അതൊരു പ്രചാരണ വേദിയാണല്ലോ. തന്റെ സുഹൃത്തിനോട് സ്വകാര്യമായി പറഞ്ഞതല്ല. എഴുതിക്കൊടുത്തൊരു വിഷയം മൈക്കിലൂടെ ജനങ്ങള്‍ കേള്‍ക്കാനായി വായിച്ചതാണ്. ഇവിടുത്തെ സകലമാധ്യമങ്ങളും അത് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അപ്പോള്‍ അത് കേള്‍ക്കുമ്പോള്‍ കള്ളമാണെന്ന് ചൂണ്ടി കാണിക്കേണ്ട ആവശ്യമുണ്ട്. അത്രയേ ഞാന്‍ ചെയ്തിട്ടുള്ളൂവെന്ന് ശീതള്‍ ശ്യാം വ്യക്തമാക്കുന്നു.