അങ്ങനെ ഉള്ളപ്പോൾ ബാത്ത്‌റൂമിൽ പോയി പൊട്ടിക്കരയും; ഷാരൂഖ് ഖാൻ
മുംബൈ: പരാജയം മറികടക്കുന്നതിനെക്കുറിച്ച് ആരാധകരോട് വെളിപ്പെടുത്തി ഷാരൂഖ് ഖാൻ. ദുബായിൽ ഗ്ലോബൽ ഫ്രെയ്റ്റ് സമ്മിറ്റിൽ സംസാരിക്കുകയായിരുന്നു നടൻ. വേദിയിൽ സ്വന്തം പ്രകടനത്തെ വിമർശനാത്മകമായി സമീപിക്കാറുണ്ടോയെന്ന് അദ്ദേഹത്തോട് ചോദിച്ചിരുന്നു. ഇതിനോട് ആയിരുന്നു അദ്ദേഹത്തിന്റെ മറുപടി.
ആ വികാരം ഞാൻ വെറുക്കുന്നുവെന്ന് പറഞ്ഞുകൊണ്ടായിരുന്നു ഷാരൂഖ് പ്രതികരണം ആരംഭിച്ചത്. സിനിമ പരാജയപ്പെട്ടാൽ ബാത്ത്‌റൂമിൽ പോയി കരയാറാണ് പതിവ്. ആ സങ്കടം ആരെയും ഞാൻ കാണിക്കില്ല. ഒരിക്കലും ലോകം നിങ്ങൾക്ക് എതിരല്ല. ആരും കാരണം അല്ല നിങ്ങളുടെ സിനിമ പരാജയപ്പെട്ടത്. ആരും അതിനായി ഗൂഢാലോചന നടത്തിയിട്ടില്ല. എന്താണ് തെറ്റെന്ന് തിരിച്ചറിഞ്ഞ് അത് തിരുത്താൻ നോക്കണം. അങ്ങനെ മാത്രമേ പരാജയം മറികടന്ന് നമുക്ക് മുന്നോട്ട് പോകാൻ സാധിക്കൂ എന്നും ഷാരൂഖ് കൂട്ടിച്ചേർത്തു.
ഡങ്കിയാണ് ഷാരൂഖിന്റെ അവസാന ചിത്രം. ഈ ചിത്രം വലിയ ഹിറ്റ് ആയിരുന്നു. ആഗോള ബോക്‌സ് ഓഫീസിൽ 470 കോടി രൂപ ആയിരുന്നു സിനിമയ്ക്ക് ലഭിച്ചത്. എന്നാൽ ഷാരൂഖിനടക്കം കുറഞ്ഞ പ്രതിഫലം ആയിരുന്നു ലഭിച്ചിരുന്നത്. രാജ് കുമാർ ഹിറാനി ആണ് സിനിമയുടെ നിർമ്മാണം നിർവ്വഹിച്ചിരിക്കുന്നത്.