കൊച്ചി: നെടുമ്പാശ്ശേരിയിൽ ന്യൂജനറേഷൻ മയക്കുമരുന്നായ എംഡിഎംഎയും കഞ്ചാവുമായി യുവാവിനെയും യുവതിയെയും എക്സൈസ് അറസ്റ്റ് ചെയ്തു. പറവൂർ കുന്നുകര സ്വദേശി ഷാരൂഖ് സലിം (27 ), മണ്ണാർക്കാട് കള്ളമല സ്വദേശി ഡോണ പോൾ (25) എന്നിവരാണ് പിടിയിലായത്.
ഇവരിൽ നിന്നും 4.962 ഗ്രാം Mഎംഡിഎംഎയും 2.484 ഗ്രാം കഞ്ചാവും എക്സൈസ് കണ്ടെടുത്തു. നെടുമ്പാശ്ശേരിയിലുള്ള ഒരു സ്വകാര്യ സ്ഥാപനത്തിന്‍റെ സ്യൂട്ട് റൂമിൽ നിന്നുമാണ് ഇരുവരെയും എക്സൈസ് സംഘം മയക്കുമരുന്നുമായി പിടികൂടിയത്.
എറണാകുളം എക്‌സൈസ് എൻഫോഴ്സ്മെന്റ് & ആന്റി നാർക്കോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡിലെ എക്‌സൈസ് ഇൻസ്പെക്‌ടർ കെ.പി.പ്രമോദും സംഘവും നടത്തിയ പരിശോധനയിലാണ് ഇരുവരും കുടുങ്ങിയത്.
പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ ജിനേഷ് കുമാർ, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) പി.എസ്.ബസന്ത് കുമാർ, മനോജ്.കെ.എ, സിവിൽ എക്‌സൈസ് ഓഫീസർ എം.ടി.ശ്രീജിത്ത്, വനിത സിവിൽ എക്‌സൈസ് ഓഫീസർ എം.ലത എന്നിവരുമുണ്ടായിരുന്നു.
കഴിഞ്ഞ ദിവസം വാളയാർ ടോൾ പ്ലാസയിൽ വാഹന പരിശോധനയ്ക്കിടെ 7.1 കിലോഗ്രാം കഞ്ചാവ് കടത്തിക്കൊണ്ട് വന്ന വെസ്റ്റ് ബംഗാൾ സ്വദേശിയെ എക്സൈസ് അറസ്റ്റ് ചെയ്തു. മുർഷിദാബാദ് ജില്ലക്കാരനായ സുജൻ മണ്ഡൽ (24 വയസ്സ്) ആണ് കഞ്ചാവുമായി അറസ്റ്റിലായത്.
പാലക്കാട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ റിനോഷ്.ആർ, വാളയാർ ടാസ്ക് ഫോഴ്സ് ഡ്യൂട്ടിയിലുള്ള ഒറ്റപ്പാലം റേഞ്ചിലെ എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) എൻ.പ്രേമാനന്ദകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പൊക്കിയത്.