തിരുവനന്തപുരം: കാമുകനായിരുന്ന ഷാരോൺ എന്ന യുവാവിന് കഷായത്തിൽ കീടനാശിനി കലക്കി നൽകി കൊലപ്പെടുത്തിയ കേസിൽ വിധി ഈ മാസം 17 ന്. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാകും വിധി പറയുക. ഷാരോൺ രാജ് വധക്കേസിൽ പ്രതിഭാഗത്തിന്റേയും വാദിഭാഗത്തിന്റേയും വാദങ്ങൾ പൂർത്തിയായിരുന്നു.
വിഷത്തെക്കുറിച്ച് പ്രതി ഗ്രീഷ്മ ഗൂഗിളിൽ സെർച്ച് ചെയ്തത് ആത്മഹത്യ പ്രവണത ഉണ്ടായിരുന്നത് കൊണ്ടാണ് എന്നാണ് പ്രതിഭാഗം വാദിച്ചത്. പാരസെറ്റാമോളിനെ കുറിച്ച് ഗൂഗിളിൽ സെർച് ചെയ്തത് പനി ആയതിനാലെന്നും വാദമുണ്ട്.
പ്രണയബന്ധത്തിൽ നിന്ന് പിൻമാറാൻ തയ്യാറാകാതെ വന്നതോടെയാണ് ഷാരോണിനെ കൊലപ്പെടുത്താൻ ഗ്രീഷ്മ തീരുമാനിച്ചത്.വീട്ടുകാർ ആരുമില്ലാത്ത ദിവസം തന്ത്രപൂർവം വീട്ടിലേക്ക് വിളിച്ചുവരുത്തി ഷാരോണിന് താൻ കുടിക്കുന്ന കഷായമാണെന്നും രുചിച്ച് നോക്കാന് പറ്റുമോയെന്ന് വെല്ലുവിളിച്ചു. ചലഞ്ച് ഏറ്റെടുത്ത ഷാരോൺ മണിക്കൂറുകൾക്കുള്ളിൽ അവശനായി.
രക്തം ശർദിച്ച് ആശുപത്രിയിൽ ചികിത്സ തേടി. ചികിത്സ കാലയളവിലും സുഖവിവരം അന്വേഷിച്ച് ഗ്രീഷ്മ ബന്ധപ്പെട്ടു. സന്ദേശങ്ങൾ അയച്ചു.ചികിത്സയിലിരിക്കെ കൃത്യം 11 ദിവസത്തിന് ശേഷം ഒക്ടോബർ 25 ന് ഷാരോൺ കൊല്ലപ്പെട്ടു. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കൊലപാതകമെന്ന് ബോധ്യപ്പെട്ടു. പിന്നാലെ അന്വേഷണം ഗ്രീഷ്മയിലേക്ക് എത്തി. ശാസ്ത്രീയ തെളിവുകളാണ് ഗ്രീഷ്മയെ കുടുക്കിയത്.