ന്യൂഡല്‍ഹി: ജയ്പുര്‍ വിമാനത്താവളത്തില്‍ സി.ഐ.എസ്.എഫ് ജവാന്റെ മുഖത്തടിച്ച സംഭവത്തില്‍ വസ്തുത വെളിപ്പെടുത്തി സ്‌പൈസ് ജെറ്റ് ജീവനക്കാരി. താന്‍ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടുവെന്നും ഇതാണ് മുഖത്തടിക്കാന്‍ കാരണമായതെന്നുമാണ് ജീവനക്കാരിയുടെ പറഞ്ഞു. ജവാന്‍ തന്നോട് മോശമായി പെരുമാറിയെന്നും ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നും ജീവനക്കാരി പറഞ്ഞു. പല തവണ മുന്നറിയിപ്പ് നല്‍കിയിട്ടും വിടാതായതിലുള്ള പ്രകോപനത്തിലാണ് സി.ഐ.എസ്.എഫ് ജവാനെ മുഖത്തടിച്ചതെന്നും ജീവനക്കാരി വ്യക്തമാക്കി.
”എല്ലാ ദിവസം ഒരോ സമയത്താണ് ഞാന്‍ ജോലിക്ക് റിപ്പോര്‍ട്ട് ചെയ്യുക. സംഭവ ദിവസം ജൂലൈ 11നും രാവിലെ 4.30ന് ഞാന്‍ റിപ്പോര്‍ട്ട് ചെയ്തു. ജോലി ചെയ്യുന്നതിനിടെ എ.എസ്.ഐ ഗിരിരാജ് പ്രസാദ് അടുത്തുവരികയും നിങ്ങളെ പരിചരിക്കാന്‍ എനിക്കും ഒരു അവസരം നല്‍കൂ എന്ന് പറയുകയും ചെയ്തു. ഒരു രാത്രിക്ക് എത്രയാണ് ഈടാക്കുന്നതെന്നും ആ വ്യക്തി ചോദിച്ചു. അദ്ദേഹത്തെ കേള്‍ക്കണമെന്നും ഡ്യൂട്ടി പെട്ടെന്ന് അവസാനിപ്പിക്കാമെന്നും അയാള്‍ പറഞ്ഞു.
പൊലീസില്‍ പരാതിപ്പെടുമെന്ന് പറഞ്ഞപ്പോള്‍ തന്നെ ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നും എന്നെപ്പോലെ പല സ്ത്രീകളെയും കണ്ടിട്ടുണ്ടെന്നും ജോലി ഇല്ലാതാക്കുമെന്നും അയാള്‍ പറഞ്ഞു,” ജീവനക്കാരി എ.എന്‍.ഐയോട് പറഞ്ഞു. സ്‌പൈസ് ജെറ്റും വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. ജീവനക്കാരിക്കൊപ്പം നില്‍ക്കുമെന്നും സംഭവത്തില്‍ പൊലീസിനെ സമീപിച്ചിട്ടുണ്ടെന്നും കമ്പനി പ്രതികരിച്ചു.
സ്‌പൈസ് ജെറ്റ് ജീവനക്കാരിയായ യുവതി സി.ഐ.എസ്.എഫ് ജവാനെ മുഖത്തടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. സുരക്ഷ പരിശോധനക്കിടെ മതിയായ രേഖകളില്ലാതെ പ്രവേശിക്കാന്‍ ശ്രമിച്ചതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിന് പിന്നാലെയാണ് ജീവനക്കാരി മുഖത്തടിച്ചത് എന്ന് ചൂണ്ടിക്കാട്ടി ഗിരിരാജ് പരാതി നല്‍കിയിരുന്നു. പിന്നാലെ ജീവനക്കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു.