25.4 C
Kottayam
Friday, May 17, 2024

‘നിന്നെ തൊട്ടാല്‍ നീയെന്തുചെയ്യുമെടീ’, തിരുവനന്തപുരത്ത് നടുറോഡിൽ ലൈംഗികാതിക്രമം; വിവരം അറിയിച്ചിട്ടും അനങ്ങാതെ പൊലീസ്

Must read

തിരുവനന്തപുരം: തിരുവനന്തപുരത്ത് നടുറോഡിൽ സ്ത്രീക്കെതിരെ വീണ്ടും ലൈംഗികാതിക്രമം. വഞ്ചിയൂർ മൂലവിളാകം ജംഗ്ഷനിൽ വച്ചാണ് 49 കാരിയെ അജ്ഞാതൻ ക്രൂരമായി ആക്രമിച്ചത്. സംഭവം നടന്ന് നിമിഷങ്ങൾക്കകം പേട്ട പൊലീസിൽ വിവരം അറിയിച്ചിട്ടും പേട്ട പൊലീസ് അനങ്ങിയില്ലെന്നാണ് പരാതി. മൊഴി രേഖപ്പെടുത്താൻ പരാതിക്കാരിയോട് സ്റ്റേഷനിലെത്താൻ ആവശ്യപ്പെട്ട പൊലീസ് കേസെടുത്തത്, മൂന്ന് ദിവസത്തിന് ശേഷം മാത്രം

തിങ്കളാഴ്ച രാത്രി 11 മണിയോടെ മരുന്ന് വാങ്ങാന്‍ ജനറല്‍ ആശുപത്രി ജങ്ഷനിലെത്തിയ യുവതിക്കെതിരെയാണ് അതിക്രമമുണ്ടായത്. പൈസ എടുത്തിട്ടില്ലെന്ന് മനസിലാക്കിയതിനെത്തുടര്‍ന്ന് തിരിച്ചുപോകുമ്പോഴാണ് മൂലവിളാകം ജങ്ഷനില്‍വെച്ച് അജ്ഞാതന്‍ തന്നെ പിന്തുടരുന്നതായി യുവതിക്ക് മനസിലായത്. റോഡില്‍ ഹമ്പ് കടക്കുന്നതിനിടെ ഇയാള്‍ ആദ്യം ആക്രമിക്കാന്‍ ശ്രമം നടത്തി. എന്നാല്‍, യുവതി ഇരുചക്രവാഹനം വേഗത്തില്‍ ഓടിച്ചുപോവുകയായിരുന്നു.

വാഹനം വീടിന്റെ കോംപൗണ്ടിലേക്ക് കയറ്റാന്‍ ശ്രമിക്കുമ്പോള്‍ ബൈക്ക് വട്ടംവെച്ച് തടയുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ യുവതിയുടെ സ്വകാര്യഭാഗങ്ങളില്‍ വേദനിപ്പിക്കും വിധം സ്പര്‍ശിക്കുകയായിരുന്നു. ‘എന്തിനാണ് എന്റെ ദേഹത്ത് തൊട്ടത്’ എന്ന് ചോദിച്ച് യുവതി കൈ തട്ടിമാറ്റിയപ്പോള്‍, ‘നിന്നെ തൊട്ടാല്‍ നീയെന്തുചെയ്യുമെടീ’ എന്ന് ചോദിച്ച് ഇയാള്‍ അതിക്രമം തുടരുകയായിരുന്നു. തലമുടി കുത്തിപ്പിടിക്കുകയും അടുത്തുള്ള കരിങ്കല്‍ ചുമരിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോവുകയും ചെയ്തു. ഇതിനിടെയില്‍ തന്റെ ഇടത് കണ്ണിനും കവിളിലും സാരമായ പരിക്ക് പറ്റിയെന്ന് യുവതി പറയുന്നു. എന്നിട്ടും അതിക്രമം അവസാനിപ്പിക്കാതെ ഇയാള്‍, മുടിയില്‍ പിടിവിടാതെ കറക്കിയെടുത്ത് തലയുടെ വലതുഭാഗം ചുമരില്‍ ഇടിച്ചു.

അതിക്രമം നടക്കുന്ന സമയത്ത് റോഡില്‍ വാഹനങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍, തൊട്ടടുത്ത വീട്ടില്‍ രണ്ടുസ്ത്രീകള്‍ നോക്കി നില്‍ക്കുക മാത്രമാണ് ചെയ്തതെന്ന് യുവതി പരാതിപ്പെടുന്നു. തൊട്ടടുത്തെ കംപ്യൂട്ടര്‍ കടയിലെ സെക്യൂരിറ്റി അതിക്രമം കണ്ടുവെന്ന് പോലീസിന് മൊഴിനല്‍കിയെങ്കിലും തന്നെ സഹായിക്കാനെത്തിയില്ലെന്നും യുവതി പറയുന്നു.

സാരമായി പരിക്കേറ്റ താന്‍ മുഖത്തുനിന്നും ചോരയൊലിക്കുന്ന നിലയില്‍ മകളോട് അജ്ഞാതന്‍ അക്രമിച്ച കാര്യം പറഞ്ഞു. പേടിച്ചുപോയ മകള്‍ പേട്ട പോലീസിനെ ഉടന്‍ തന്നെ വിവരമറിയിച്ചു. അമ്മ ആക്രമിക്കപ്പെട്ടെന്നും ഗുരുതര പരിക്കുണ്ടെന്നും ഒരു ആംബുലന്‍സ് ഏര്‍പ്പാടാക്കുകയോ വീട്ടിലേക്ക് വരികയോ ചെയ്യാമോയെന്ന് പോലീസിനോട് ചോദിച്ചു. തിരിച്ച് ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരിക്കുകയല്ലാതെ, പോലീസ് നടപടിയൊന്നും സ്വീകരിക്കില്ലെന്ന് മനസിലായ താന്‍ മകളോട് ആശുപത്രിയില്‍ എത്തിക്കാന്‍ നിര്‍ദേശിച്ചു.

മകളാണ് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. തിരിച്ചുവിളിച്ച പോലീസ്, ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയില്‍ ഇരിക്കുകവെ സ്‌റ്റേഷനില്‍ വന്ന് പരാതി നല്‍കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍, നിലവിലെ അവസ്ഥയില്‍ തനിക്കോ മകള്‍ക്കോ സ്‌റ്റേഷനില്‍ എത്താന്‍ കഴിയില്ലെന്ന് പോലീസിനെ അറിയിച്ചു. പിറ്റേന്ന് അടുത്തുള്ള സ്റ്റേഷനില്‍ പരാതി നല്‍കാന്‍ സഹപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ടു. എന്നാല്‍, അത്യാവശ്യത്തിന് ഉപകരിക്കാത്ത പോലീസിന് ഇനി പരാതി നല്‍കില്ലെന്നായിരുന്നു താന്‍ എടുത്ത നിലപാടെന്ന് യുവതി പറഞ്ഞു.

‘ആക്രമത്തെ തുടര്‍ന്ന് രണ്ടുമൂന്ന് ദിവസത്തോളം കാഴ്ചയ്ക്ക് ബുദ്ധിമുട്ടുണ്ടായി. നടക്കാന്‍ പോലും കഴിയാത്ത സാഹചര്യമായിരുന്നു. പരാതി നല്‍കിയില്ലെങ്കില്‍ ഇയാള്‍ മറ്റുള്ളവര്‍ക്കെതിരേയും ആക്രമം നടത്തുമെന്ന് മറ്റുള്ളവര്‍ തന്നോട് പറഞ്ഞു. ഇതേത്തുടര്‍ന്നാണ് കമ്മിഷണര്‍ക്ക് പരാതി നല്‍കാന്‍ താന്‍ തയ്യാറായത്. അതിന് ശേഷം മൊഴിയെടുത്തു. അക്രമി മലയാളി തന്നെയാണ്. മദ്യപിച്ചിട്ടില്ല, ലഹരിക്ക് അടിമയാണോയെന്ന് സംശയമുണ്ട്.’, യുവതി പറഞ്ഞു. സംഭവം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും പോലീസിന് പ്രതിയെ പിടികൂടാന്‍ സാധിച്ചിട്ടില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week