KeralaNews

10000 രൂപയുടെ ടിക്കറ്റിന് 75000, തൊട്ടാല്‍പൊള്ളും നിരക്ക്, കേരള-ഗള്‍ഫ് സെക്ടറിലെ യാത്രക്കാര്‍ വലയും

കൊച്ചി: കേരള ഗള്‍ഫ് സെക്ടറിലെ വിമാന ടിക്കറ്റ് നിരക്കുകള്‍ കുതിച്ചുയരുന്നു. ആറിരട്ടിയിലേറെയാണ് വര്‍ധനവ് ടിക്കറ്റ് നിരക്കില്‍ ഉണ്ടായിരിക്കുന്നത്. കേരളത്തിലെ നാല് വിമാനത്താവളങ്ങളില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള യാത്രയ്ക്ക് വന്‍ തോതിലാണ് വിമാന കമ്പനികള്‍ നിരക്ക് ഉയര്‍ത്തിയിരിക്കുന്നത്. ക്രിസ്മസ്-പുതുവത്സര സീസണും ഗള്‍ഫിലെ അവധിക്കാലവും ലക്ഷ്യമിട്ടാണ് നിരക്ക് വര്‍ധന.

ഡിസംബര്‍ മൂന്നാം വാരം മുതല്‍ ജനുവരി രണ്ടാം വരെയാണ് ഗള്‍ഫില്‍ സ്‌കൂളുകള്‍ക്ക് ശൈത്യകാല അവധി. അതേസമയം ഡല്‍ഹി, മുംബൈ ഉള്‍പ്പെടെ രാജ്യത്തെ പ്രധാന നഗരങ്ങളില്‍ നിന്ന് ഇതേ സമയത്ത് ഗള്‍ഫിലേക്കുള്ള ടിക്കറ്റ് നിരക്കില്‍ വലിയ വര്‍ധനവില്ല. അതേസമയം സംഘടനകള്‍ അടക്കം നിരക്കുകള്‍ക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്.

പ്രവാസികളെ കൊള്ളയടിക്കുന്ന വിമാനക്കമ്പനികളെ നിയന്ത്രിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാവണമെന്നാണ് ഇവരുടെ ആവശ്യം. ഇത്തിഹാദ് എയര്‍വേയ്‌സില്‍ പുതുവത്സര ദിനത്തില്‍ തിരുവനന്തപുരത്ത് നിന്ന് ദുബായിലേക്ക് ഇക്കോണമി ക്ലാസില്‍ 75000 രൂപയാണ് നിരക്ക്. നിലവില്‍ പതിനായിരത്തില്‍ താഴെയാണ് ടിക്കറ്റ് നിരക്ക്. 50000 രൂപയാണ് ബിസിനസ് ക്ലാസിന് നിലവില്‍ നല്‍കേണ്ടത്.

എന്നാല്‍ പുതുവത്സര ദിനത്തില്‍ 1,61213 രൂപയാണ് നല്‍കേണ്ടത്. പ്രവാസികളുടെ പോക്കറ്റ് കീറാന്‍ തന്നെയാണ് വിമാനക്കമ്പനികള്‍ ലക്ഷ്യമിടുന്നതെന്ന് ഉറപ്പ്. കോഴിക്കോട്, കൊച്ചി വിമാനത്താവളങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. കോഴിക്കോട്ട് നിന്ന് ദുബായിലേക്ക് നിലവില്‍ ഇത്തിഹാദില്‍ 26417 രൂപയ്ക്ക് യാത്ര ചെയ്യാം. എന്നാല്‍ ക്രിസ്മസ്-പുതുവത്സര സീസണില്‍ 50000 രൂപ നല്‍കണം.

നാല് അംഗങ്ങളുള്ള കുടുംബത്തിന് ദുബായില്‍ നിന്ന് നാട്ടിലെത്താന്‍ രണ്ട് ലക്ഷം രൂപ ടിക്കറ്റ് ഇനത്തില്‍ ചെലവാകുമെന്ന് ചുരുക്കം. കേരള-യുഎഇ സെക്ടറില്‍ കൂടുതല്‍ സര്‍വീസ് നടത്തുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് മുന്‍കൂട്ടി നിരക്ക് ഉയര്‍ത്തി കഴിഞ്ഞു. നേരത്തെ 13500 രൂപ വരെയായിരുന്നു ടിക്കറ്റിന് ഇനി അരലക്ഷത്തിന് മുകളില്‍ നല്‍കേണ്ടി വരും. കേരളത്തിലെ നാല് വിമാനത്താവളങ്ങളില്‍ നിന്നും സീസണ്‍ കഴിയുന്നത് വരെ യുഎഇയിലേക്ക് യാത്ര ചെയ്യാന്‍ 40000 രൂപ വരെ നല്‍കേണ്ടി വരും.

അബുദാബി, ഷാര്‍ജ എന്നിവിടങ്ങളിലേക്കും നിരക്കില്‍ മൂന്നിരട്ടിയിലേറെ വര്‍ധനയുണ്ട്. ഡിസംബര്‍ 22 മുതല്‍ ജനുവരി 8 വരെ എയര്‍ ഇന്ത്യയില്‍ യാത്ര ചെയ്യണമെങ്കില്‍ 30000 രൂപയ്ക്ക് മുകളില്‍ നല്‍കണം. അതേസമയം അവധിക്കാലത്തും ഉത്സവ സീസണിലും ഗള്‍ഫിലേക്കും തിരിച്ചും ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റ് പ്രഖ്യാപനം ഇതുവരെ നടപ്പായില്ല. ഓണത്തിനും ചാര്‍ട്ടേര്‍ഡ് സര്‍വീസ് നടത്താന്‍ അനുമതി ലഭിച്ചിരുന്നില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker