KeralaNews

പേവിഷ ബാധയേറ്റ് ഏഴ് വയസുകാരന്‍ മരിച്ചു

കാസര്‍ഗോഡ്: ചെറുവത്തൂരില്‍ ഏഴു വയസുകാരന്‍ പേവിഷ ബാധയേറ്റ് മരിച്ചു. ആലന്തട്ട വലിയപൊയില്‍ തോമസിന്റെ മകന്‍ എം കെ ആനന്ദാണ് (7) മരിച്ചത്. കഴിഞ്ഞ മാസം വീടിനടുത്ത് വച്ച് നായയുടെ കടിയേറ്റ ആനന്ദ് ചികിത്സയിലായിരുന്നു. മൂന്ന് ഡോസ് കുത്തിവെയ്പ്പ് എടുത്തിരുന്നു. ആലന്തട്ട എ യു പി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ആനന്ദ്.

കഴിഞ്ഞ ദിവസം വയനാട് മുത്തങ്ങ സ്വദേശി കിരണ്‍ കുമാറും പേവിഷബാധയേറ്റ് മരിച്ചിരിന്നു. കാലില്‍ നായ മാന്തിയത് കാര്യാമാക്കാതിരുന്ന കിരണിന് പിന്നീട് പേവിഷബാധ യേല്‍ക്കുകയായിരുന്നു. ദിവസങ്ങള്‍ക്ക് ശേഷമാണ് പേവിഷ ബാധയുടെ ലക്ഷണങ്ങള്‍ കിരണ്‍ കാണിച്ചുതുടങ്ങിയത്. വെള്ളം കാണുമ്പോള്‍ ശ്വാസംമുട്ട് അനുഭവപ്പെട്ടതോടെ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാല്‍ അപ്പോഴേക്കും വൈകിയിരുന്നു. ഇന്നലെയോടെ മുപ്പതുകാരനായ കിരണ്‍ മരിച്ചു.

മനുഷ്യരെ ബാധിക്കുന്ന ഏറ്റവും മാരകമായ ജന്തുജന്യരോഗമാണ് പേവിഷബാധ. ഒരിക്കല്‍ രോഗബാധയേറ്റ് കഴിഞ്ഞാല്‍ മരണം സുനിശ്ചിതമാണ്. മനുഷ്യരില്‍ ഈ രോഗത്തെ ഹൈഡ്രോ ഫോബിയ അഥവാ ജലഭീതി എന്ന് വിളിക്കുന്നു. എന്നാല്‍ മൃഗങ്ങളെ സംബന്ധിച്ചിടത്തോളം ഇത് അപ്രസക്തമാണ്. വെള്ളം കാണുമ്പോള്‍ മനുഷ്യരോഗിയില്‍ കാണുന്ന ഭീതി മൃഗങ്ങളില്‍ പ്രകടമാവുന്നില്ല. ഉഷ്ണരക്തമുള്ള മൃഗങ്ങള്‍ക്കെല്ലാം റാബീസ് പിടിപെടാറുണ്ടെങ്കിലും നായ, കുറുക്കന്‍, ചെന്നായ്ക്കള്‍, സ്‌കങ്ക്, പൂച്ച എന്നീ മാംസഭോജി മൃഗങ്ങള്‍ക്കാണ് റാബീസ് സാധാരണ പിടിപെടുന്നത്.കാട്ടുമൃഗങ്ങളില്‍ കുറുക്കനാണ് മുഖ്യരോഗവാഹി.

പേവിഷബാധയ്ക്ക് കാരണം നാഡീയാനുവര്‍ത്തിയായ ഒരുതരം വൈറസ്സാണ്. ഈ വൈറസ് നാഡികളില്‍ മാത്രമല്ല ഉമിനീര്‍ ഗ്രന്ഥികളിലും ഉമിനീരിലും പ്രത്യക്ഷപ്പെടുന്നു. മൂത്രം, ശുക്ലം, രക്തം, പാല്‍ തുടങ്ങിയ ശരീരദ്രവങ്ങളിലും വൈറസ്സിനെ കാണാറുണ്ട്. സൂര്യപ്രകാശവും താപവും വൈറസ്സിനെ നശിപ്പിക്കുന്നു.രോഗാണുക്കള്‍ ശരീരത്തില്‍ കടന്നതിനുശേഷം രോഗലക്ഷണങ്ങള്‍ കാണിക്കുന്നതുവരെയുള്ള കാലത്തെ ഇന്‍ക്യുബേഷന്‍ പീരിയഡ് എന്ന് പറയുന്നു.

തൊലിയില്‍ പോറലുള്ള സ്ഥലത്ത് പേനായ്ക്കള്‍ നക്കിയാലും രോഗം ബാധിക്കാനിടയുണ്ട്. മുറിവിനും മസ്തിഷ്‌ക്ത്തിനും ഇടയ്ക്കുള്ള ദൂരം കുറയുന്നതിനനുസരിച്ച് ഇന്‍ക്യുബേഷന്‍ കാലം കുറഞ്ഞിരിക്കും.നായകളില്‍ ഇന്‍ക്യുബേഷന്‍ കാലം മൂന്ന് മുതല്‍ എട്ട് ആഴ്ചവരെയാണ്. നാഡിയറ്റങ്ങളെ പിടികൂടുന്നതിനുമുമ്പ് നിക്ഷേപസ്ഥലത്ത് രണ്ടുദിവസത്തോളം കിടന്ന് വൈറസ്സുകള്‍ പെരുകുന്നു. അതുകൊണ്ടാണ് ഇമ്മ്യൂണ്‍ സീറം 48 മണിക്കൂറിനകം കൊടുക്കണമെന്ന് പറയുന്നത്. റാബീസ് ബാധിച്ച എല്ലാ നായ്ക്കള്‍ക്കും രോഗം പരത്താന്‍ കഴിവില്ല. കാരണങ്ങള്‍ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന രോഗബാധിത മൃഗങ്ങളില്‍ 30 മുതല്‍ 40 ശതമാനം നായ്ക്കളുടേയും ഉമിനീരില്‍ വൈറസ്സുകള്‍ കാണുന്നില്ല.

രോഗലക്ഷണങ്ങള്‍നായക്കളില്‍ രോഗലക്ഷണങ്ങള്‍ പ്രധാനമായും രണ്ടുതരത്തില്‍ കണ്ടുവരുന്നു. ക്രൂര രൂപവും (ഫ്യൂറിയസ് ഫോം), മൂകരൂപവും (ഡമ്പ് ഫോം). ക്രൂര രൂപത്തില്‍ രോഗം ബാധിച്ച മൃഗങ്ങള്‍ പരിഭ്രാന്തി സൃഷ്ടിക്കുന്നു. ഇത് നാലോ അഞ്ചോ ദിവസം നീണ്ടുനിന്നേക്കാം.രോഗംബാധിച്ച നായ്ക്കള്‍ അനുസരണമില്ലാതെ ഇരുണ്ടമൂലകളില്‍ പോയി ഒളിച്ച് നില്‍ക്കുകയും ശബ്ദം, വെളിച്ചം എന്നിവയെ ഭയപ്പെടുകയും ചെയ്യുന്നു. സാങ്കല്പികവസ്തുക്കളെ കടിയ്ക്കുന്നു. മരം, കല്ല്, മണ്ണ്, കാഷ്ഠം എന്നിവ തിന്നുന്നതായി കാണാം. തുടര്‍ന്ന് അലഞ്ഞുനടക്കാന്‍ തുടങ്ങുകയും മനുഷ്യരേയും മറ്റുമൃഗങ്ങളേയും കടിക്കുകയും ചെയ്യുന്നു. സാധാരണഗതിയില്‍ നായ കുരച്ചാണ് കടിക്കുക.

എന്നാല്‍ പേവിഷ ബാധയേറ്റ നായകള്‍ കുരയ്ക്കാതെ കടിക്കുന്നു. ഉമിനീരൊലിപ്പിക്കല്‍ ധാരാളമായി കാണാം. കഴുത്തിലേയും താടിയിലേയും മാംസപേശികള്‍ക്ക് തളര്‍ച്ച ബാധിക്കുന്നതിനാല്‍ വെള്ളവും ഭക്ഷണസാധനങ്ങളും ഇറക്കാന്‍ വിഷമംനേരിടുന്നു. കുരയ്ക്കുന്ന ശബ്ദത്തിലും വ്യത്യാസം കാണാം.നേത്രങ്ങള്‍ ചുമന്നിരിക്കും. ക്രമേണ തളര്‍ച്ച ബാധിച്ച മൃഗങ്ങള്‍ ചത്തുപോവുന്നു.മറ്റൊരു രൂപമായ മൂകരൂപത്തില്‍ തളര്‍ച്ചയും ഉറക്കവുമാണ് പ്രധാനലക്ഷണം. വായില്‍നിന്ന് ഉമിനീര്‍ ഒലിച്ചുകൊണ്ടിരിക്കുക, കീഴ്ത്താടി തൂങ്ങിക്കിടക്കുക, മുഖത്തിന്റെ മ്ലാനഭാവം എന്നിവ ഇത്തരുണത്തില്‍ കാണാം.

പൂച്ചകളില്‍ മൂകഭാവവും ശൗര്യഭാവവും കാണാം.ഒന്നോ രണ്ടോ ദിവസം ഒളിവില്‍ക്കഴിഞ്ഞ പൂച്ച അക്രമാസക്തിയോടെയാവും പുറത്തിറങ്ങുക. വിക്ഷോഭത്തിന്റെ കാലം കഴിഞ്ഞാല്‍ അംഗങ്ങള്‍ ഓരോന്നായി തളര്‍ന്ന് പൂച്ച ചത്തുവീഴുന്നു.കന്നുകാലികളില്‍ റാബീസ് ക്രൂദ്ധരൂപത്തിലാണ് സാധാരണയായിക്കാണുന്നത്. മൃഗം ആക്രമണകാരിയാവുകയും കുത്തുകയും നിലത്ത് മാന്തുകയും ചെയ്യും.കെട്ടിയ കയര്‍ കടിക്കുകയും പല്ലുകള്‍ കൂട്ടി ഉറുമ്മുന്നതും കാണാം. വായില്‍ ഉമിനീര്‍ ഒഴുകിക്കൊണ്ടിരിക്കും. കൂടെക്കൂടെ മൂത്രമൊഴിക്കുകയും കരയുകയും ചെയ്യുന്നു. ക്രമേണ പിന്‍ഭാഗത്തിന് തളര്‍ച്ച ബാധിക്കുന്നതിനാല്‍ നടക്കാന്‍ പ്രയാസം നേരിടുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker