തിരുവനന്തപുരം: അന്തരിച്ച സിനിമ – സീരിയൽ നടൻ ദിലീപ് ശങ്കറിന് ആദരാഞ്ജലികൾ അർപ്പിച്ച് നടി സീമ ജി നായർ. ദിലീപ് അഞ്ച് ദിവസം മുൻപ് തന്നെ വിളിച്ചതായിരുന്നുവെന്നും അന്ന് തനിക്ക് സുഖമില്ലാത്തതിനാൽ സംസാരിക്കാൻ കഴിഞ്ഞില്ലെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ സീമ ജി നായർ പറഞ്ഞു.
സീമ ജി നായർ പങ്കുവെച്ച കുറിപ്പ്:
ആദരാഞ്ജലികൾ. 5 ദിവസം മുന്നേ എന്നെ വിളിച്ചതല്ലേ നീ ..അന്ന് തലവേദനയായി കിടന്നതുകൊണ്ടു സംസാരിക്കാൻ പറ്റിയില്ല ..ഇപ്പോൾ ഒരു പത്ര പ്രവർത്തകൻ വിളിച്ചപ്പോളാണ് വിവരം അറിയുന്നത്. എന്താണ് ദിലീപ് നിനക്ക് പറ്റിയത്. ഒന്നും പറ്റുന്നില്ലല്ലോ ഈശ്വര. എന്ത് എഴുതണമെന്നു അറിയില്ല. ആദരാഞ്ജലികൾ , സീമ ജി നായർ പറഞ്ഞു.
ഇന്നാണ് ദിലീപ് ശങ്കറിനെ തിരുവനന്തപുരത്തെ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് ദിവസത്തിലധികം പഴക്കം ഉണ്ടെന്ന് പോലീസ് വ്യക്തമാക്കി. നാല് ദിവസം മുൻപാണ് ദിലീപ് ശങ്കർ മുറിയെടുത്തതെന്നും മുറി വിട്ടി പുറത്തുപോയിരുന്നില്ലെന്നുമാണ് വിവരം.
മുറിക്കകത്ത് നിന്ന് ദുർഗന്ധം വമിച്ചതിന് പിന്നാലെയാണ് ജീവനക്കാർ മുറി തുറന്ന് നോക്കിയത്. അതേ സമയം ദിലീപ് ശങ്കറിന് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്ന് അദ്ദേഹം അഭിനയിച്ചുകൊണ്ടിരുന്ന സീരിയലിന്റെ സംവിധായകൻ മനോജ് പറഞ്ഞു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ദിലീപ് ശങ്കർ ചികിത്സ തേടിയിരുന്നുവെന്നും രോഗത്തെക്കുറിച്ച് കാര്യമായി ശ്രദ്ധിച്ചിരുന്നില്ലെന്നും മനോജ് പറഞ്ഞതായി റിപ്പോർട്ടർ ടിവി റിപ്പോർട്ട് ചെയ്യുന്നു.
ദിലീപ് ശങ്കറിനെ കാണാത്തതിനെ തുടർന്ന് പ്രൊഡക്ഷൻ മാനേജർ ഫോണിൽ വിളിച്ചിരുന്നു. തുടരെ വിളിച്ചിട്ടും അദ്ദേഹം ഫോൺ എടുത്തിരുന്നില്ല. ഇതേ തുടർന്ന് പ്രൊഡക്ഷൻ ടീമിലുള്ളവർ ഹോട്ടലിൽ നേരിട്ട് എത്തുകയായിരുന്നു. ഹോട്ടൽ അധികൃതർ നടത്തിയ പരിശോധനയിൽ മരിച്ച നിലയിൽ ദിലീപ് ശങ്കറിനെ കണ്ടെത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മരണത്തിൽ ദുരൂഹത ഉള്ളതായി തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഷൂട്ടിംഗിന്റെ ഭാഗമായി നാല് ദിവസം മുൻപാണ് ദിലീപ് ശങ്കർ തിരുവനന്തപുരത്ത് എത്തിയത്. രണ്ട് ദിവസം ഷൂട്ടിംഗിന് എത്തി. കഴിഞ്ഞ രണ്ട് ദിവസം ഷൂട്ടിംഗ് ഇല്ലാതിരുന്നതിനാൽ ഹോട്ടൽ മുറിയിൽ കഴിഞ്ഞു. സീരിയലിന്റെ പ്രൊഡക്ഷൻ വിഭാഗം അദ്ദേഹം ഫോണിൽ ബന്ധപ്പെട്ടപ്പോൾ കിട്ടാതെ വന്നതോടെയാണ് പ്രൊഡക്ഷൻ വിഭാഗത്തിലുള്ളവർ നേരിട്ടെത്തിയത്.