കൃഷ്ണവിഗ്രഹം സ്ഥാപിക്കുമെന്ന പ്രഖ്യാപനം: മഥുരയില്‍ കനത്ത ജാഗ്രത
മഥുര: ശ്രീകൃഷ്ണന്‍ ജനിച്ച സ്ഥലമെന്ന് അവകാശപ്പെട്ട് മുസ്ലിം ആരാധനാലയത്തില്‍ കൃഷ്ണവിഗ്രഹം സ്ഥാപിക്കുമെന്ന പ്രഖ്യാപനത്തെത്തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ മഥുരയില്‍ കനത്ത സുരക്ഷ. മഥുരയിലെ ഷാഹി ഈദ്ഗാ മസ്ജിദില്‍ തിങ്കളാഴ്ച കൃഷ്ണവിഗ്രഹം സ്ഥാപിക്കുമെന്ന് അഖില ഭാരത് ഹിന്ദു മഹാസഭാനേതാവ് രാജ്യശ്രീ ചൗധരി നേരത്തെ പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍, പ്രഖ്യാപനത്തില്‍നിന്ന് പിന്‍മാറിയതായി കഴിഞ്ഞയാഴ്ച സംഘടന അറിയിക്കുകയും ചെയ്തു. എങ്കിലും സുരക്ഷയില്‍ വിട്ടുവീഴ്ചയില്ലെന്ന നിലപാടിലാണ് അധികൃതര്‍. ശനിയാഴ്ച മുതല്‍ നഗരാതിര്‍ത്തിയില്‍ പരിശോധന കര്‍ശനമാക്കിയ പോലീസ് നഗരത്തെ എട്ടായി വിഭജിച്ച് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് സുരക്ഷാച്ചുമതല കൈമാറുകയും ചെയ്തു.
തിങ്കളാഴ്ച അര്‍ധസൈനികവിഭാഗത്തെയും വിന്യസിച്ചു. ഗതാഗ തനിയന്ത്രണവും ഏര്‍പ്പെടുത്തി. ക്ഷേത്രത്തിന്റെയും മുസ്ലിം ആരാധനാലയത്തിന്റെയും സമീപത്തേക്കു വാഹനഗതാഗം നിരോധിച്ചു. നിരോധനാജ്ഞയും പ്രഖ്യാപിച്ചു. സേനയിലെ ആയുധങ്ങള്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ജില്ലാ മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തില്‍ ഉറപ്പു വരുത്തിയതായും എസ്എസ്പി ഗൗരവ് ഗ്രോവര്‍ പറഞ്ഞു.