അര്‍ജുനുവേണ്ടി തിരച്ചിൽ: നദിയിൽനിന്ന് നിർണായക സിഗ്നൽ ലഭിച്ചെന്ന് നാവികസേന, ചിത്രം പുറത്തുവിട്ടു
അങ്കോല (കര്‍ണാടക): ഷിരൂരിലെ തിരച്ചിലുമായി ബന്ധപ്പെട്ട് നിർണായക വിവരം ലഭിച്ചതായി നാവികസേന. അഡ്വാൻസ്ഡ് പോർട്ടൽ പോളാർ സിസ്റ്റം ഉപയോഗിച്ചുള്ള സ്കാനിങ്ങിൽ ഗംഗാവാലി നദിയിൽ നിന്നാണ് സിഗ്നൽ ലഭിച്ചിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ നാവിക സേനയുടെ മുങ്ങൽവിദഗ്ധർ പരിശോധന നടത്തുന്നു.
നാവികസേനയുടെ പ്രത്യേക സംഘം പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ തിരച്ചിൽ നടത്തുന്നുണ്ട്. അത്യാധുനിക ഉപകരണങ്ങൾ അടക്കം ഷിരൂരിൽ എത്തിച്ചായിരുന്നു നാവിക സേനയുടെ തിരച്ചിൽ. ഗംഗാവാലി നദിയിൽ നടത്തിയ പരിശോധനയിലാണ് സുപ്രധാന വിവരങ്ങൾ ലഭിച്ചത്. ഇതിന്റെ ദൃശ്യങ്ങളും നാവിക സേന പുറത്തുവിട്ടു.
ശബ്ദതരംഗങ്ങൾവെള്ളത്തിനടിയിലേക്ക് വിട്ട്, അവിടെയുള്ള സാധനങ്ങൾ കണ്ടെത്തുക എന്ന സംവിധാനമാണ് നാവികസേന ഉപയോഗിച്ചത്. ഇതിനെത്തുടർന്ന് പകർത്തിയ ചിത്രങ്ങളാണ് ലോറിയുടേതെന്ന് സംശയിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ ഈ പ്രദേശം കേന്ദ്രീകരിച്ചാണ് പരിശോധനകൾ.സ്ഥലത്ത് ശക്തമായ മഴ തുടരുന്നത് രക്ഷാപ്രവർത്തനത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.