കണ്ണൂര്‍ ശ്രീകണ്ഠാപുരം വളക്കൈയില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. അപകടത്തില്‍ 13 വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ചിന്മയ സ്‌കൂളിന്റെ ബസ്സാണ് മറിഞ്ഞത്. അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി നേദ്യ എസ് രാജേഷ് (11) ആണ് മരിച്ചത്. ക്ലാസിന് ശേഷം വിദ്യാര്‍ഥികളുമായി മടങ്ങുംവഴിയാണ് അപകടം സംഭവിച്ചത്. സര്‍വീസ് റോഡില്‍ നിന്ന് സംസ്ഥാന ഹൈവേയിലേക്ക് പ്രവേശിക്കുമ്പോള്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
15 കുട്ടികളായിരുന്നു അപകടസമയത്ത് ബസിലുണ്ടായിരുന്നത്. അതില്‍ ഒരു കുട്ടി പുറത്തേക്ക് തെറിച്ചുവീഴുകയും ബസിനടിയില്‍പ്പെടുകയുമായിരുന്നു. നാട്ടുകാര്‍ ഉടനടി അപകട സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയും കുട്ടികളെ തളിപ്പറമ്പ് ആശുപത്രിയിലേക്കെത്തിക്കുകയും ചെയ്തു.റോഡിന്റെ അശാസ്ത്രീയതയാണ് അപകട കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ഇവിടെ സ്ഥിരം അപകടം ഉണ്ടാവാറുണ്ടെന്നും നാട്ടുകാര്‍ പറയുന്നു