FeaturedHome-bannerKeralaNews

‘കെ സ്മാര്‍ട്ട്’ നാളെ മുതൽ സ്‌കാൻചെയ്താൽ ഭൂമി വിവരംകിട്ടും,തദ്ദേശ സേവനങ്ങൾക്ക് പുതിയ സംവിധാനം

തിരുവനന്തപുരം: മൊബൈല്‍ ആപ്പുപയോഗിച്ച് സ്‌കാന്‍ ചെയ്യുമ്പോള്‍ ഭൂമിവിവരം കിട്ടുന്ന ‘കെ സ്മാര്‍ട്ട്’ ഓരോ സ്ഥലത്തും നിര്‍മിക്കുന്ന കെട്ടിടത്തിന് എത്ര ഉയരമാകാമെന്നുവരെ പറഞ്ഞുതരും. തദ്ദേശവസേവനത്തിനുള്ള പുതിയ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമാണ്’കെ സ്മാര്‍ട്ട്’ .ഇത് വിന്യസിക്കുന്നതോടെ സേവനങ്ങള്‍ ലഭ്യമാകുന്നതിനുള്ള പതിവുരീതി അടിമുടി മാറുകയാണ്.

പുതുവര്‍ഷംമുതല്‍ കെ സ്മാര്‍ട്ടുവഴിയുള്ള ഓണ്‍ലൈന്‍ സേവനത്തിനു തുടക്കമാകും. ആദ്യം സംസ്ഥാനത്തെ നഗരസഭകളിലും ഏപ്രില്‍ ഒന്നുമുതല്‍ എല്ലാ ഗ്രാമപഞ്ചായത്തുകളിലും നടപ്പാകുന്നതോടെ ജനത്തിന് ഓഫീസുകള്‍ കയറിയിറങ്ങാതെ സേവനങ്ങള്‍ കിട്ടും. അപേക്ഷിക്കേണ്ടതും ഓണ്‍ലൈനായാണ്. സര്‍ക്കാര്‍ വകുപ്പുകളുടെ ഡേറ്റാശേഖരം ഉപയോഗിച്ച് രാജ്യത്ത് ആദ്യമായാണ് ഭൂമിവിവരങ്ങള്‍ സര്‍ക്കാര്‍ സംവിധാനത്തിലൂടെത്തന്നെ ഓണ്‍ലൈനായി ജനങ്ങളിലെത്തിക്കുന്നത്. ‘കെ സ്മാര്‍ട്ടി’ല്‍ അപേക്ഷാഫീസും നികുതിയും പരാതികളുമെല്ലാം ഓണ്‍ലൈനായി നല്‍കാം, തത്സമയം സ്ഥിതിവിവരം അറിയാം.

*പ്ലാനുകള്‍ ചട്ടപ്രകാരമാണോ?
റവന്യുവകുപ്പിന്റെ ഡിജിറ്റല്‍ സര്‍വേയിലെയും ദുരന്തനിവാരണ വകുപ്പിലേയും രേഖകള്‍ കെ സ്മാര്‍ട്ടില്‍ ഉപയോഗിക്കും. എയര്‍പോര്‍ട്ട് അതോറിറ്റി, തീരദേശപരിപാലന വിഭാഗം, തദ്ദേശസ്ഥാപനങ്ങളുടെ മാസ്റ്റര്‍ പ്ലാന്‍, റെയില്‍വേ എന്നിവയിലെ വിവരങ്ങള്‍ ഉപയോഗിച്ചാകും ഭൂമിവിവരം ഇന്‍ഫര്‍മേഷന്‍ കേരള തയ്യാറാക്കിയ കെ സ്മാര്‍ട്ടില്‍ നല്‍കുക. ഭൂമി സ്‌കാന്‍ ചെയ്യുമ്പോള്‍ത്തന്നെ തീരദേശപരിപാലന നിയമപരിധിയിലാണോ,റെയില്‍വേ-എയര്‍പോര്‍ട്ട് സോണുകളിലാണോ, പരിസ്ഥിതിലോല പ്രദേശമാണോ,കെട്ടിടത്തിന് പറ്റിയ ഭൂമിയാണോ എന്നൊക്കെ അറിയാം. കെട്ടിടനിര്‍മാണ പ്ലാനുകള്‍ ചട്ടപ്രകാരമാണോ എന്ന് കെ സ്മാര്‍ട്ട് പറയും.

*സ്വകാര്യവിവരങ്ങള്‍ സുരക്ഷിതം
കെ സ്മാര്‍ട്ടില്‍ വ്യക്തികള്‍ നല്‍കുന്ന വിവരങ്ങള്‍ മൂന്നാമതൊരാള്‍ക്ക് കാണാനാവില്ല. സിറ്റിസണ്‍ ലോഗിനില്‍ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചോ അക്ഷയ, കുടുംബശ്രീ ഹെല്‍പ് ഡെസ്‌ക് വഴിയോ രജിസ്റ്റര്‍ ചെയ്യാം. കൈപ്പറ്റ് രസീതിന്റെ വിവരം എസ്.എം.എസ്.ആയും മെയിലിലും വാട്സാപ്പിലും വരും. തുടക്കം നഗരങ്ങളിലായിരിക്കുമെങ്കിലും ഗ്രാമപഞ്ചായത്തുകളിലുള്‍പ്പടെ ഭാവിയില്‍ സേവനങ്ങളെല്ലാം ഒരുകുടക്കീഴിലാകുന്ന പ്ലാറ്റ് ഫോമായിരിക്കും കെ സ്മാര്‍ട്ട്. പഞ്ചായത്തുകളില്‍ ഇപ്പോഴുള്ള ഐ.എല്‍.ജി.എം.എസ്. സോഫ്റ്റ് വെയര്‍ ഭാവിയില്‍ ഇല്ലാതാകും.

*സേവനം ഈ മേഖലകളില്‍ ആദ്യം
തദ്ദേശ സേവനങ്ങള്‍ക്കുള്ള 35 മൊഡ്യൂളുകളില്‍ എട്ടെണ്ണമാണ് തുടക്കത്തില്‍.1.സിവില്‍ രജിസ്ട്രേഷന്‍(ജനനം,മരണം,വിവാഹം): വിവാഹ രജിസ്ട്രേഷന്‍ ഓണ്‍ലൈനായി ഇ-കൈ.വൈ.സി. സംവിധാനത്തിലാക്കും. 2.ബിസിനസ് ഫെസിലിറ്റേഷന്‍: വ്യാപാര, വ്യവസായ ലൈസന്‍സ് തുടങ്ങിയവ.3.നികുതികള്‍: കെട്ടിടനികുതി അടയ്ക്കാന്‍ എന്റെ കെട്ടിടങ്ങള്‍ എന്ന മെനു. കെട്ടിടം പൂര്‍ത്തിയായാലുടന്‍ നമ്പര്‍, സര്‍ട്ടിഫിക്കറ്റ്, നികുതി നിര്‍ണയം. കെട്ടിടങ്ങളുടെ കാലപ്പഴക്കം, വിലാസം, ഉടമയുടെ വിവരങ്ങള്‍, കൈവശവിവരം, നികുതി എല്ലാം കാണാം.4.യൂസര്‍മാനേജ്മെന്റ്: ലളിതമായ യൂസര്‍മാപ്പിങ്. പെന്‍ നമ്പര്‍ ഉപയോഗിച്ച് തിരിച്ചറിയല്‍.5. ഫയല്‍ മാനേജ്മെന്റ് : സംസ്ഥാനത്താകെ ഏകീകൃത ഫയല്‍ സംവിധാനം.6. ഫിനാന്‍സ്: ബജറ്റ് അനുസൃത സാമ്പത്തിക നടപടികളുടെ റിപ്പോര്‍ട്ട് ജനങ്ങള്‍ക്കും വായിക്കാം.7. കെട്ടിടങ്ങള്‍ക്ക് അനുമതി: ജി.ഐ.എസ്. ഉപയോഗിച്ച് പ്ലോട്ടുകളുടെയും കെട്ടിടങ്ങളുടെയും വിവരങ്ങള്‍ ഡിജിറ്റല്‍ രൂപത്തില്‍. പെര്‍മിറ്റ് വിവരങ്ങളും ഓണ്‍ലൈനില്‍.8. പൊതുജന പരാതി പരിഹാരം.

*ഓണ്‍ലൈനില്‍ അപേക്ഷിക്കൂ; എല്ലാം വിരല്‍ത്തുമ്പില്‍
കെ-സ്മാര്‍ട്ട് അഥവാ കേരള സൊല്യൂഷന്‍സ് ഫോര്‍ മാനേജിങ് അഡ്മിനിസ്‌ട്രേറ്റീവ് റീഫര്‍മേഷന്‍ ആന്‍ഡ് ട്രാന്‍ഫര്‍മേഷന്‍ തദ്ദേശവകുപ്പിനുവേണ്ടി ഇന്‍ഫര്‍മേഷന്‍ കേരള മിഷനാണ് വികസിപ്പിച്ചത്. കെ-സ്മാര്‍ട്ട് ആപ്ലിക്കേഷനിലൂടെ അപേക്ഷകളും പരാതികളും ഓണ്‍ലൈനായി നല്‍കാനും അവയുടെ സ്റ്റാറ്റസ് ഓണ്‍ലൈനായിത്തന്നെ അറിയാനും സാധിക്കും.

വെബ് പോര്‍ട്ടലില്‍ സ്വന്തം ലോഗിന്‍ ഉപയോഗിച്ച് അതാത് മൊഡ്യൂളുകളിലെത്തി വിവരങ്ങള്‍ നല്‍കി സേവനം നേടാം. പ്രവാസികള്‍ക്ക് നേരിട്ടെത്താതെതന്നെ അതാത് തദ്ദേശ സ്ഥാപനങ്ങളില്‍നിന്നുള്ള സേവനങ്ങള്‍ ലഭ്യമാവും. ലോഗിന്‍ ഐഡി ഉപയോഗിച്ച് വീഡിയോ കെവൈസിയും പൂര്‍ത്തിയാക്കുന്നതോടെ വിവാഹ രജിസ്‌ട്രേഷന് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിദേശത്തിരുന്നുതന്നെ ചെയ്യാം. ജി.ഐ.എസ് സാങ്കേതികവിദ്യ ഉപയോഗിച്ച് പ്ലോട്ടുകളുടെയും കെട്ടിടങ്ങളിലെയും വിവരങ്ങള്‍ ഡിജിറ്റല്‍ രൂപത്തില്‍ തയ്യാറാക്കുന്നതിലൂടെ ഏറ്റവും വേഗത്തില്‍ കെട്ടിടനിര്‍മാണ പെര്‍മിറ്റ് ലഭ്യമാകും. കെ-സ്മാര്‍ട്ടിലെ ‘നോ യുവര്‍ ലാന്‍ഡ്’ എന്ന ഫീച്ചറിലൂടെയാണ് ഒരുസ്ഥലത്ത് ഏതെല്ലാം തരത്തിലുള്ള കെട്ടിടങ്ങളാണ് നിര്‍മിക്കാമെന്ന വിവരം കിട്ടുക.

*സാങ്കേതിക വിദ്യകള്‍
ബ്ലോക്ക് ചെയിന്‍, നിര്‍മിതബുദ്ധി, ജി.ഐ.എസ്/സ്‌പെഷ്യല്‍ ഡേറ്റ, ചാറ്റ് ബോട്ട്, മെസേജ് ഇന്റഗ്രേഷന്‍,ക്ലൗഡ് കമ്പ്യൂട്ടിങ, വിവിധ സോഫ്‌റ്റ്വെയറുകള്‍ തമ്മിലുള്ള എ.പി.ഐ ഇന്റഗ്രഷന്‍ എന്നീ സാങ്കേതിക വിദ്യകളെ ഏകോപിപ്പിച്ചാണ് കെ-സ്മാര്‍ട്ട് ഓണ്‍ലൈന്‍ ആകുന്നത്. കൂടാതെ ചാറ്റ് ജി.പി.റ്റി, മെഷീന്‍ ലേണിങ്, ഡാറ്റാ സയന്‍സ് വെര്‍ച്വല്‍ ആന്‍ഡ് ഓഗ്മെന്റഡ് റിയാലിറ്റി, ഇന്റര്‍്‌നെറ്റ് ഓഫ് തിങ്‌സ് തുടങ്ങിയ സാങ്കേതിക വിദ്യകള്‍കൂടി രണ്ടാം ഘട്ടത്തില്‍ ഉപയോഗിക്കും.

*സേവനം വൈകില്ല
സേവനം വൈകുന്നുവെന്നും ഓഫീസുകള്‍ കയറിയിറങ്ങി മടുക്കുന്നുവെന്നുമുള്ള സ്ഥിരം പരാതികള്‍ ഈ സംവിധാനത്തിലൂടെ പരിഹരിക്കാന്‍ കഴിയും. നിലവില്‍ ഒരു അപേക്ഷ നാലുമുതല്‍ ആറുവരെ ഉദ്യോഗസ്ഥര്‍ കാണണം. ഉദാഹരണത്തിന് ഒരു കോര്‍പ്പറേഷന് ബില്‍ഡിങ് പെര്‍മിറ്റ് നല്‍കണമെങ്കില്‍ ഓവര്‍സിയര്‍, എന്‍ജിനിയര്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍, എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍, സൂപ്രണ്ടിങ് എന്‍ജിനിയര്‍, സെക്രട്ടറി എന്നിവര്‍ കാണണം. കെ-സ്മാര്‍ട്ടില്‍ ഇത് മൂന്ന് തട്ടായി കുറയും. ഉദ്യോഗസ്ഥരുടെ ജോലിഭാരം വലിയ തോതില്‍ കെ-സ്മാര്‍ട്ടിലൂടെ കുറയ്ക്കാം. ഒപ്പം, സേവനം കൃത്യസമയത്ത് ഉദ്യോഗസ്ഥര്‍ നല്‍കുന്നുണ്ട് എന്ന് ഉറപ്പാക്കാനും കഴിയും.

നഗരസഭകളില്‍ ഹെല്‍പ് ഡെസ്‌ക്
തുടക്കത്തില്‍ നഗരസഭകളിലെ ഫ്രണ്ട് ഓഫീസില്‍ ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തിക്കും. ജീവനക്കാരെയും ജനങ്ങളേയും സഹായിക്കാന്‍ ഐ.കെ.എമ്മിന്റെ അഞ്ചുപേര്‍വീതം ഡെസ്‌കിലുണ്ടാകുമെന്ന് മന്ത്രി എം.ബി.രാജേഷും ഐ.കെ.എം. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.സന്തോഷ് ബാബു, കണ്‍ട്രോളര്‍ ഓഫ് അഡ്മിനിസ്‌ട്രേഷന്‍ ടിമ്പിള്‍ മാഗി എന്നിവരും വിശദീകരിച്ചു. സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേകടീമിനെ ഐ.കെ.എമ്മിലും നിയോഗിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker