കൊച്ചി:ആഷിഖ് അബു സംവിധാനം ചെയ്ത റൈഫിൾ ക്ലബ് എന്ന ചിത്രത്തിനെതിരെ പരാതി. അന്തരിച്ച നടൻ KPAC അസീസിന്റെ മകൻ രാജാ അസീസാണ് ചിത്രത്തിനെതിരെ രംഗത്തെത്തിയത്. കുടുംബത്തിന്റെ സമ്മതമില്ലാതെ അസീസിന്റെ ചിത്രം സിനിമയിലുപയോഗിച്ചു എന്നാണ് രാജാ അസീസിന്റെ പരാതി. നിയമപരമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംവിധായകൻ ആഷിഖ് അബുവിന്റെ അസോസിയേറ്റ് ആണെന്നുപറഞ്ഞ് ഒരാൾ വിളിച്ചിരുന്നെന്ന് രാജാ അസീസ് പറഞ്ഞു. അച്ഛന്റെ ഫോട്ടോ സിനിമയിലേക്ക് ആവശ്യമുണ്ട്. ഒരു രംഗത്തിൽ വെയ്ക്കാനാണ് എന്നാണ് പറഞ്ഞത്. അത് സമ്മതിച്ച താൻ എന്തെങ്കിലും ചെറിയ വേഷം തരണമെന്നും അഭ്യർത്ഥിച്ചു. അവരത് സമ്മതിക്കുകയും ചെയ്തു.
അതിന്റെ അടിസ്ഥാനത്തിൽ കാറ്റ് എന്ന ചിത്രത്തിൽ അഭിനയിച്ചപ്പോൾ ആസിഫ് അലിക്കും മുരളി ഗോപിക്കുമൊപ്പം അഭിനയിച്ച സീനുൾപ്പെടെ എല്ലാം അയച്ചുകൊടുത്തു. പിറ്റേന്ന് വിളിച്ച് രണ്ട് സൈഡ് തിരിഞ്ഞിട്ടുള്ള ഫോട്ടോ വേണം എന്നുപറഞ്ഞു. അതും അയച്ചുകൊടുത്തു. ഇതെല്ലാം ചെയ്തിട്ട് തന്റെ സമ്മതമില്ലാതെ ആഷിഖ് അബുവും സംഘവും പടം റിലീസ് ചെയ്യുകയായിരുന്നെന്ന് രാജാ അസീസ് പറഞ്ഞു.പിന്നീട് തിരിച്ചുവിളിച്ചപ്പോൾ ആഷിഖ് അബുവോ തന്നെ ബന്ധപ്പെട്ട അസോസിയേറ്റ് ഡയറക്ടറോ ഫോണെടുത്തില്ലെന്നും രാജ കൂട്ടിച്ചേർത്തു.