കൊച്ചി/ പാലക്കാട്: സ്വർണ്ണക്കടത്ത് കേസിലെ പ്രതി സരിത്തിനെ വിജിലൻസ് വിട്ടയച്ചു. മറ്റൊരു പ്രതിയായ സ്വപ്ന സുരേഷിന്‍റെ ഫ്ലാറ്റിൽ നിന്നാണ് ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ വിജിലൻസ് കൊണ്ടുപോയത്. സംഭവത്തിൽ ബന്ധുക്കൾ ഹേബിയസ് കോർപ്പസ് ഹർജിയുമായി ഹൈക്കോടതിയെ സമീപിക്കാനിരിക്കെയാണ് സരിത്തിനെ വിട്ടയച്ചിരിക്കുന്നത്.
രണ്ടരമണിക്കൂറോളം സരിത്തിന്‍റെ മൊഴി വിജിലൻസ് രേഖപ്പെടുത്തി. ലൈഫ് മിഷനെക്കുറിച്ചൊന്നും വിജിലൻസ് ഒന്നും തന്നോട് ചോദിച്ചിട്ടില്ലെന്നും, സ്വപ്ന ഇന്നലെ മൊഴി കൊടുത്തത് ആര് പറഞ്ഞിട്ടെന്നാണ് തന്നോട് ചോദിച്ചതെന്നും സരിത്ത് വ്യക്തമാക്കി. ബലം പ്രയോഗിച്ചാണ് തന്നെ കൊണ്ടുപോയത്. ചെരിപ്പിടാൻ പോലും സമ്മതിച്ചില്ല. തനിക്ക് ഹാജരാകണമെന്നാവശ്യപ്പെട്ട് ഇതിന് മുമ്പ് വിജിലൻസ് നോട്ടീസൊന്നും തന്നിട്ടില്ലെന്നും സരിത്ത് പറയുന്നു. ഈ മാസം 16-ാം തീയതി തിരുവനന്തപുരത്തെ വിജിലൻസ് ഓഫീസിൽ സരിത്തിനോട് ഹാജരാകാൻ വിജിലൻസ് നിർദേശിച്ചിട്ടുണ്ട്.
സരിത്തിനെ നിയമവിരുദ്ധമായി ഒരു സംഘം കസ്റ്റഡിയിലെടുത്തെന്നും ജീവന് ഭീഷണിയുണ്ടെന്നും ചൂണ്ടിക്കാണിച്ച് സരിത്തിന്‍റെ ബന്ധുക്കൾ ഹേബിയസ് കോർപ്പസ് ഹർജിയുമായി ഹൈക്കോടതിയെ സമീപിക്കാനിരിക്കുകയായിരുന്നു. സരിത്തിന്‍റെ ബന്ധുക്കൾ കൊച്ചിയിലെ അഭിഭാഷകരുമായി കൂടിയാലോചന നടത്തുകയും ചെയ്തു. നാളെ ഹൈക്കോടതിയിൽ ഹർജി നൽകാനാണ് തീരുമാനിച്ചത്. അടിയന്തര പ്രാധാന്യം കണക്കിലെടുത്ത് ഹർജി നാളെത്തന്നെ പരിഗണിക്കണമെന്നും കോടതിയിൽ ആവശ്യപ്പെടാൻ ആലോചിച്ചിരുന്നു. സരിത്ത് എവിടെയാണെന്നറിയില്ല, ആരാണ് കൊണ്ടുപോയതെന്നറിയില്ല, മുന്നറിയിപ്പ് നൽകിയില്ല, തന്‍റെ മകന്‍റെ ജീവന് ഭീഷണിയുണ്ട്, അതിനാൽത്തന്നെ മകനെ ഉടനടി തിരിച്ചെത്തിക്കണമെന്നാവശ്യപ്പെട്ടാണ് സരിത്തിന്‍റെ അമ്മ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങിയത്.
തന്നെ വലിച്ചിഴച്ചാണ് ഫ്ലാറ്റിൽ നിന്ന് കൊണ്ടുപോയതെന്നും, തനിക്ക് ഇതിന് മുമ്പ് വിജിലൻസ് ഒരു നോട്ടീസും തന്നിട്ടില്ലെന്നും സരിത്ത് പുറത്തിറങ്ങിയ ശേഷം മാധ്യമങ്ങളോട് പറഞ്ഞു.
പാലക്കാട് വിജിലൻസ് യൂണിറ്റിന്‍റെ ഓഫീസിൽ രണ്ടര മണിക്കൂറോളം മാധ്യമപ്പട തന്നെയാണ് കാത്ത് നിന്നിരുന്നത്. സരിത്തിനെ കസ്റ്റഡിയിലെടുക്കവേ സരിത്തിന്‍റെ ഫോണും വിജിലൻസ് പിടിച്ചെടുത്തിരുന്നു. ചോദ്യം ചെയ്യവേ സരിത്തിന്‍റെ ഫോൺ വിജിലൻസ് കസ്റ്റഡിയിലായിരുന്നു, സരിത്തിനെ കസ്റ്റഡിയിലെടുക്കവേ ആരെയും വിളിക്കാൻ പോലും അനുവദിച്ചില്ലെന്ന് സ്വപ്ന സുരേഷ് ആരോപിച്ചിരുന്നു.
ലൈഫ് മിഷൻ കേസുമായി ബന്ധപ്പെട്ട് ഹാജരാകാനാവശ്യപ്പെട്ടുള്ള കേസ് സരിത്ത് നോട്ടീസ് സ്വീകരിച്ചില്ലെന്ന് വിജിലൻസ് വ്യക്തമാക്കുന്നു. നോട്ടീസ് സ്വീകരിക്കുന്നതിന് പകരം നേരിട്ട് ഡിവൈഎസ്പിയെ കാണാൻ എത്താമെന്ന് സമ്മതിച്ചുവെന്നും വിജിലൻസ് വിശദീകരിക്കുന്നു.