EntertainmentKeralaNews

Joju george: മലയാള സിനിമയെ നശിപ്പിക്കുന്നത് ജോജുവിനെ പോലുള്ളവരുടെ ഹുങ്ക്; ആദ്യം നിലത്തിറങ്ങി നടക്ക്; വിമർശിച്ച് ശാരദക്കുട്ടി

കൊച്ചി: സിനിമയെക്കുറിച്ച് റിവ്യൂ പറഞ്ഞയാളെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ നടൻ ജോജുവിനെതിരെ വിമർശനവുമായി നിരൂപക എസ്. ശാരദക്കുട്ടി. മലയാള സിനിമയെ നശിപ്പിക്കുന്നത് ജോജുവിനെപോലുള്ളവരുടെ ഹുങ്ക് തന്നെയാണെന്ന് ശാരദക്കുട്ടി പറഞ്ഞു. സംഭവം വലിയ ചർച്ചയായതിന് പിന്നാലെ സോഷ്യൽ മീഡിയയിലൂടെ ആയിരുന്നു ശാരദകുട്ടി വിമർശനവുമായി രംഗത്ത് എത്തിയത്.

പണി സിനിമ കാണാനിരുന്നതാണ്. എന്നാൽ ജോജുവിന്റെ ഫോൺ സംഭാഷണം കേട്ടതോടെ ഇനി സിനിമ കാണേണ്ടെന്ന് തീരുമാനിക്കുകയായിരുന്നുവെന്ന് ശാരദക്കുട്ടി പറഞ്ഞു. മലയാള സിനിമയെ നശിപ്പിക്കുന്നത് പ്രേഷകരോ ഇതുപോലെ റിവ്യൂ പറയുന്നവരും അല്ല. മറിച്ച് ജോജുവിനെ പോലെ ഹുങ്കുള്ള ആളുകൾ ആണ്. നിങ്ങൾ മുടക്കിയ കാശ് ലാഭമാക്കി മാറ്റണം എങ്കിൽ അതിന് അപ്പുറത്തുള്ള ആളുകളുടെ പോക്കറ്റിലെ ചെറിയ കാശ് മുടക്കണം. അത് എല്ലായ്‌പ്പോഴും ഓർമ്മ വേണം.

ആദ്യം നിലത്തിറങ്ങി നടക്ക്. എന്നിട്ട് ഐവി ശശിയുടെയും പത്മരാജന്റെയും ഭരതന്റെയുമെല്ലാം അഭിമുഖം കണ്ട് നോക്ക്. അപ്പോൾ അറിയാം കാര്യം. കാലം മാറി. ഇനി സിനിമാക്കാർ കൂടുതൽ ജാഗ്രത കാണിക്കണം. ഇന്ന് സിനിമ ഇറക്കുന്നവരെക്കാൾ അധികാരം അത് കണ്ട് വിലയിരുത്തുന്ന പ്രേഷകർക്കാണ്. താരമുഷ്‌ക് മടക്കി കൂട്ടി കയ്യിൽ വയ്ക്കണം എന്നും ശാരദക്കുട്ടി പറഞ്ഞു.

താന്‍ സംവിധാനം ചെയ്ത പണി എന്ന സിനിമയെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടയാളെ ജോജു ജോര്‍ജ് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുന്നതിന്‍റെ ഓഡിയോ റെക്കോര്‍ഡിംഗ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. ആദര്‍ശ് എച്ച് എസ് എന്നയാളെയാണ് സിനിമയെ വിമര്‍ശിച്ചതിന് ജോജു ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയത്. ആദര്‍ശ് തന്നെയാണ് ഇതിന്‍റെ ഓഡിയോ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. മുന്നില്‍ വരാന്‍ ധൈര്യമുണ്ടോയെന്നും നേരില്‍ കാണാമെന്നുമൊക്കെ ജോജു ഫോണില്‍ ആദര്‍ശിനോട് പറയുന്നുണ്ട്. എന്നാല്‍ സിനിമാ റിവ്യൂസ് താന്‍ സ്ഥിരം ചെയ്യാറുള്ളതാണെന്നും ജോജുവിനെപ്പോലെ ഒരാള്‍ ഇങ്ങനെ ചെയ്യുന്നത് ശരിയല്ലെന്നും ആദര്‍ശും വ്യക്തമാക്കുന്നു. ഓഡിയോ വൈറല്‍ ആയതിന് പിന്നാലെ വിശദീകരണവുമായി ജോജുവും രംഗത്തെത്തി.

“ആ ഫോണ്‍ കോള്‍ ഞാന്‍ തന്നെ വിളിച്ചതാണ്. കുറച്ച് കാര്യങ്ങള്‍ പറയണമെന്ന് തോന്നിയതുകൊണ്ടാണ് ഇപ്പോള്‍ വന്നത്. പണി എന്ന സിനിമയെ സംബന്ധിച്ച് ഞാന്‍ രക്ഷപെട്ട സന്തോഷത്തിലാണ്. ഒരുപാട് പൈസ ഇന്‍വെസ്റ്റ് ചെയ്ത സിനിമയാണ്. ആദ്യത്തെ രണ്ട് ദിവസങ്ങളിലെ ഡീ​ഗ്രേഡിം​ഗ് നമ്മളെ വളരെ തളര്‍ത്തി. പക്ഷേ പ്രേക്ഷകര്‍ ആ സിനിമ ഏറ്റെടുത്തു. അതിന് ശേഷം സിനിമയുടെ പ്രിന്‍റുകള്‍ വന്നു പല സൈറ്റുകളിലും.

ഒരുപാട് റിവ്യൂസ് വന്നിട്ടുണ്ട് നെ​ഗറ്റീവ് ആയിട്ട്. ഞാന്‍ ഒരാളെപ്പോലും വിളിച്ചിട്ടില്ല. അതെല്ലാം അഭിപ്രായ സ്വാതന്ത്ര്യം തന്നെയാണ്. എന്‍റെ സിനിമ ഇഷ്ടമല്ല എങ്കില്‍ ഇഷ്ടമല്ല എന്നുതന്നെ പറയണം. പക്ഷേ ഈ കക്ഷി ഒരേ റിവ്യൂ ഒരുപാട് സ്ഥലങ്ങളില്‍ കോപ്പി പേസ്റ്റ് ചെയ്യുകയും അത് പ്രചരിപ്പിക്കുകയും കമന്‍റുകളില്‍ പലരോടും ഈ സിനിമ കാണരുത് എന്ന് എഴുതുകയും ചെയ്തിട്ടുള്ള ആളാണ്. ഈ സിനിമയെപ്പറ്റി മോശം പറഞ്ഞിട്ടുള്ള ഒരാളെപ്പോലും ഞാന്‍ വിളിച്ചിട്ടില്ല.

റിവ്യൂവിന്‍റെ പേരിലല്ല അദ്ദേഹത്തെ വിളിച്ചത്. പക്ഷേ ഒരുപാട് സ്ഥലങ്ങളില്‍ ഇത് കോപ്പി പേസ്റ്റ് ചെയ്യപ്പെട്ടു. അത് ബോധപൂര്‍വ്വം ഒരാള്‍ ചെയ്യുന്നതാണ്. അപ്പോള്‍ അയാളോട് എനിക്ക് സംസാരിക്കണമെന്ന് തോന്നി. കാരണം എന്‍റെ രണ്ട് വര്‍ഷത്തെ അധ്വാനമാണ് ഈ സിനിമ. എനിക്ക് കിട്ടിയ രേഖകള്‍ വച്ചിട്ട് നിയമപരമായി ഞാന്‍ മുന്നോട്ട് പോവുക തന്നെ ചെയ്യും. ഒരു കഥയുടെ സ്പോയിലര്‍ പ്രചരിപ്പിക്കുക റിവ്യൂ ചെയ്യുന്ന ഒരാളും ചെയ്യാറില്ല. ഇതിലെ പ്രധാന കാര്യം പറഞ്ഞാണ് അയാള്‍ എഴുതിയിട്ടുള്ളത്”, ജോജു ജോര്‍ജ് വീഡിയോ സന്ദേശത്തിലൂടെ പറഞ്ഞു.

ആദര്‍ശിന്‍റെ പ്രതികരണം ഇങ്ങനെ- “ജോജു ജോർജ് സംവിധാനം ചെയ്ത ‘പണി’ എന്ന ചിത്രത്തെ വിമർശനാത്മകമായി സമീപിച്ചുകൊണ്ട് ഇന്നലെ ഫേസ്ബുക്കിൽ ഒരു പോസ്റ്റ് ഇട്ടിരുന്നു. ഇന്ന് അത് വായിച്ച് അസഹിഷ്ണുത കയറിയ ജോജു ഭീഷണിപ്പെടുത്താനായി കുറച്ചു മുൻപ് വിളിച്ചു. നേരിൽ കാണാൻ ധൈര്യമുണ്ടോയെന്നും, കാണിച്ചു തരാമെന്നുമൊക്കെയുള്ള ഭീഷണികൾ കേട്ട് ഭയപ്പെടുന്നവരെ ജോജു കണ്ടിട്ടുണ്ടാകും.

എന്തായാലും അത്തരം ഭീഷണികൾ ഇവിടെ വിലപോവില്ല എന്ന് വിനയപൂർവം അറിയിക്കുകയാണ്. ജോജുവിനുള്ളത് ആ ഫോൺ കോളിൽ തന്നെ നൽകിയതാണ്. ഇവിടെ അത് പങ്ക് വയ്ക്കുന്നത് ഇനിയൊരിക്കലും അയാൾ മറ്റൊരാളോടും ഇങ്ങനെ ചെയ്യാതിരിക്കാൻ വേണ്ടിയാണ്”, ജോജുവിന്‍റെ ഫോണ്‍ കോളിന്‍റെ ഓഡിയോ സന്ദേശം പങ്കുവച്ചുകൊണ്ട് ആദര്‍ശ് കുറിച്ചിരുന്നു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker