പത്ത് രൂപ വാങ്ങിച്ചാൽ രണ്ട് രൂപയുടെ എങ്കിലും ആത്മാർഥത കാണിക്കേണ്ടേ;നടി നൂറിന്‍ ഷെരീഫിനെതിരേ നിർമാതാവ്
സാന്റാക്രൂസ് സിനിമയുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തില്‍ നടി നൂറിന്‍ ഷെരീഫിനെതിരേ നിര്‍മാതാക്കള്‍. സിനിമയുടെ പ്രചാരണവുമായി ബന്ധപ്പെട്ട പരിപാടികളില്‍ നൂറിന്‍ സഹകരിക്കുന്നില്ലെന്നും ഫോണ്‍ വിളിച്ചാലും സന്ദേശമയച്ചാലും പ്രതികരിക്കുന്നില്ലെന്നും നിര്‍മാതാവ് രാജുഗോപി ചിറ്റേത്ത് പറഞ്ഞു.
‘നൂറിൻ ചോദിച്ച പണം മുഴുവന്‍ നല്‍കിയതാണ്. പ്രമോഷന് വരാമെന്ന് ഏറ്റതുമാണ്. ഒരു വാക്ക് ആ കുട്ടി പറഞ്ഞാല്‍ ആളുകള്‍ തിയേറ്ററില്‍ കയറില്ലേ. പത്ത് രൂപ വാങ്ങിക്കുമ്പോള്‍ രണ്ട് രൂപയുടെ ജോലി എടുക്കേണ്ടതല്ലേ. അതല്ലേ മനസാക്ഷി. ഫോണ്‍ വിളിച്ചാല്‍ പ്രതികരണമില്ല. മെസേജിന് മറുപടിയില്ല. എന്റെ മകളുടെ പ്രായമേയുള്ളൂ. എന്നെ കണ്ടാണോ സിനിമയ്ക്ക് കാശ് മുടക്കിയത് എന്ന് നൂറിന്‍ ചോദിച്ചു.’- രാജു ഗോപി ചിറ്റേത്ത് പറഞ്ഞു.നൂറിൻ ഇല്ലാത്തിന്റെ പേരില്‍ പല പരിപാടികളും നഷ്ടമായതായി സംവിധായകന്‍ സംവിധായകന്‍ ജോണ്‍സണ്‍ ജോണ്‍ ഫെര്‍ണാണ്ടസ് പറഞ്ഞു.
‘നിര്‍മാതാവ് ഒടിടിയ്ക്ക് എതിരല്ല. അദ്ദേഹത്തിന്റെ വേദനയാണ് അന്ന് പറഞ്ഞത്. ഒരു പുതുമുഖത്തെ വച്ച് സിനിമ ചെയ്യാന്‍ ആര് രംഗത്ത് വരും. സിനിമയുടെ റിലീസിന്റെ തലേ ദിവസമുള്ള വാര്‍ത്താസമ്മേളനത്തില്‍ നൂറിനെതിരേ സംസാരിക്കേണ്ടെന്ന് ഞാനാണ് പറഞ്ഞത്. പക്ഷേ ഇപ്പോള്‍ പറയാതെ പറ്റില്ല. നൂറിനില്ലാത്തത് കൊണ്ട് ഒരു ചാനല്‍ പ്രോഗ്രാം എടുത്തിട്ടും അവര്‍ ഒഴിവാക്കി. അവരെ കുറ്റപ്പെടുത്തുന്നതല്ല. അവര്‍ക്ക് അതുകൊണ്ട് കാര്യമില്ല. ഇങ്ങനെയുള്ള സാഹചര്യങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്നു.
നൂറിന്‍ ഉണ്ടെങ്കില്‍ സ്ലോട്ട് തരാമെന്നാണ് അവര്‍ പറയുന്നത്. എല്ലാവരും നൂറിനെക്കുറിച്ചാണ് ചോദിക്കുന്നത്. ഈ സിനിമയില്‍ അധികം പ്രശസ്തരില്ല. പിന്നെയുള്ളത് അജു വര്‍ഗീസ് ആണ്. അദ്ദേഹം ഗസ്റ്റ് റോള്‍ ആണ്. ഇന്ദ്രന്‍സ് ചേട്ടനൊക്കെ എപ്പോള്‍ വിളിച്ചാലും വരും. അദ്ദേഹത്തിന് സമയം ഇല്ലാത്തത്കൊണ്ടാണ്’- സംവിധായകന്‍ പറഞ്ഞു.