മൗണ്ട് മോംഗനൂയി: ന്യൂസിലന്‍ഡിന് എതിരായ ആദ്യ ട്വന്‍റി 20 മഴ കൊണ്ടുപോയപ്പോള്‍ രണ്ടാം മത്സരത്തില്‍ സഞ്ജു സാംസണിന് പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചിരുന്നില്ല. സഞ്ജുവിന് പകരം റിഷഭ് പന്താണ് വിക്കറ്റ് കീപ്പര്‍ ബാറ്ററുടെ റോളിലെത്തിയത്. സഞ്ജുവിനെ ഒരിക്കല്‍ക്കൂടി ബഞ്ചിലിരുത്തിയതില്‍ വലിയ രോക്ഷമാണ് ആരാധകര്‍ പ്രകടിപ്പിച്ചത്. സഞ്ജുവിനെ പിന്തുണച്ച് അദേഹത്തിന്‍റെ ഐപിഎല്‍ ടീം രാജസ്ഥാന്‍ റോയല്‍സ് രംഗത്തെത്തിയതും ശ്രദ്ധേയമായി.
ടോസ് വേളയില്‍ സഞ്ജു സാംസണ്‍ ടീമിലില്ല എന്ന് അറിഞ്ഞതോടെ ട്വിറ്റര്‍ അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളില്‍ താരത്തിന് പിന്തുണയുമായി ആയിരക്കണക്കിന് ആരാധകരാണ് രംഗത്തെത്തിയത്. സഞ്ജുവിന്‍റെ പ്ലക്കാര്‍ഡുകളുമായാണ് താരം കളിക്കുമെന്ന് പ്രതീക്ഷിച്ച് ഗാലറിയില്‍ ആരാധകരെത്തിയത്. എന്നാല്‍ ആരാധകരുടെ പ്രതീക്ഷകളെല്ലാം കാറ്റില്‍ പറത്തി പ്ലേയിംഗ് ഇലവന്‍ പ്രഖ്യാപിച്ചപ്പോള്‍ സഞ്ജു സാംസണിന്‍റെ പേരുണ്ടായിരുന്നില്ല.
സഞ്ജുവിനെ തഴയുന്നതില്‍ ആരാധക രോക്ഷം പുകയുന്നതിനിടെയാണ് രാജസ്ഥാന്‍ റോയല്‍സിന്‍റെ ട്വീറ്റ് എത്തിയത്. ‘ദിസ് മാന്‍ ഈസ് വേള്‍ഡ്‌വൈഡ്’ എന്ന തലക്കെട്ടോടെ ന്യൂസിലന്‍ഡിലെ സഞ്ജു ആരാധകരുടെ ചിത്രമാണ് ട്വീറ്റിലുള്ളത്.
മത്സരത്തില്‍ ഇന്ത്യ 65 റണ്‍സിന് വിജയിച്ചിരുന്നു. ടോസ് നേടി ബാറ്റിംഗിറങ്ങിയ ഇന്ത്യ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സാണ് സ്വന്തമാക്കിയത്. ടിം സൗത്തി കിവീസിനായി ഹാട്രിക് നേടിയപ്പോള്‍ 51 പന്തില്‍ പുറത്താവാതെ 111 റണ്‍സുമായി സൂര്യകുമാര്‍ യാദവ് രണ്ടാം രാജ്യാന്തര ടി20 സെഞ്ചുറി നേടി. ഓപ്പണര്‍ ഇഷാന്‍ കിഷന്‍ 36ല്‍ പുറത്തായപ്പോള്‍ സഞ്ജുവിന് പകരം ടീമിലെത്തിയ റിഷഭ് പന്തിന് 13 പന്തില്‍ ആറ് റണ്‍സേ നേടാനായുള്ളൂ. ലോക്കീ ഫെര്‍ഗ്യൂസന്‍റെ പന്തില്‍ ടിം സൗത്തിക്കായിരുന്നു ക്യാച്ച്.
മറുപടി ബാറ്റിംഗില്‍ ആതിഥേയര്‍ 18.5 ഓവറില്‍ 126ന് എല്ലാവരും പുറത്തായി. 52 പന്തില്‍ 61 റണ്‍സ് നേടിയ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണാണ് ടോപ് സ്‌കോറര്‍. ദീപക് ഹൂഡ നാല് വിക്കറ്റ് നേടി. ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ മുന്നിലെത്തി. ആദ്യ മത്സരം മഴ മുടക്കിയിരുന്നു. അവസാന ടി20 ചൊവ്വാഴ്ച്ച നേപ്പിയറില്‍ നടക്കും.