‘അന്ന് രണ്ട് തവണ ഡക്കായി, ഇനി എന്ത് സംഭവിക്കുമെന്ന് ചിന്തിച്ചാണ് കേരളത്തിലേക്ക് മടങ്ങിയത്’ തുറന്ന് പറഞ്ഞ് സഞ്ജു
ഹൈദരാബാദ്: ബംഗ്ലാദേശിനെതിരായ മൂന്നാം ടി20 യില്‍ വെടിക്കെട്ട് പ്രകടനമാണ് സഞ്ജു സാംസണ്‍ കാഴ്ചവെച്ചത്. ബംഗ്ലാദേശ് ബൗളര്‍മാരെ തലങ്ങും വിലങ്ങും പ്രഹരിച്ച സഞ്ജു കന്നി ടി20 സെഞ്ചുറിയും നേടി. മത്സരത്തില്‍ നിരവധി റെക്കോഡുകള്‍ സ്വന്തം പേരിലാക്കിയ താരം 47 പന്തില്‍ നിന്ന് 111 റണ്‍സെടുത്താണ് മടങ്ങിയത്. എട്ട് സിക്‌സറുകളും 11 ഫോറുകളും അടങ്ങുന്നതായിരുന്നു ഇന്നിങ്‌സ്. തനിക്കിനിയും മെച്ചപ്പെടുത്താന്‍ സാധിക്കുമെന്നാണ് മത്സരശേഷം സഞ്ജു പ്രതികരിച്ചത്. താന്‍ ഒരുപാട് പരാജയപ്പെട്ടിട്ടുണ്ടെന്നും അതിനാല്‍ സമ്മര്‍ദങ്ങളേയും പരാജയങ്ങളേയും നേരിടാനറിയാമെന്നും സഞ്ജു കൂട്ടിച്ചേര്‍ത്തു.
ഞാന്‍ മികച്ച പ്രകടനം നടത്തിയത് ടീമംഗങ്ങളെ സന്തോഷിപ്പിച്ചു. അത് എനിക്കും സന്തോഷം നല്‍കുന്നു. ഇനിയും മെച്ചപ്പെട്ട പ്രകടനം നടത്താനാവുമെന്നാണ് കരുതുന്നത്.- മത്സരശേഷം സഞ്ജു പറഞ്ഞു.
നിരവധി മത്സരങ്ങള്‍ കളിച്ചതിനാല്‍ എങ്ങനെയാണ് സമ്മര്‍ദ്ദങ്ങളേയും പരാജയങ്ങളേയും നേരിടേണ്ടതെന്ന് എനിക്കറിയാം. കാരണം ഞാന്‍ ഒരുപാട് തവണ പരാജയപ്പെട്ടിട്ടുണ്ട്. രാജ്യത്തിന് വേണ്ടി കളിക്കുമ്പോള്‍ സമ്മര്‍ദങ്ങളുണ്ടാകും. എന്നാല്‍ തനിക്ക് മികച്ച പ്രകടനം നടത്തുകയാണ് വേണ്ടതെന്ന് സഞ്ജു പറഞ്ഞു.
ഇന്ത്യന്‍ ടീമിന്റെ നേതൃത്വത്തിലുള്ളവര്‍ തന്നെ പിന്തുണച്ചിട്ടുണ്ട്. വാക്കുകളില്‍ മാത്രമല്ല, പ്രവൃത്തിയിലും. കഴിഞ്ഞ രണ്ട് പരമ്പരയില്‍ ഞാന്‍ രണ്ട് തവണ ഡക്കായി. ഇനി എന്താണ് സംഭവിക്കുകയെന്ന് ചിന്തിച്ചാണ് കേരളത്തിലേക്ക് മടങ്ങിയത്. പക്ഷേ ഞാനിവിടെയെത്തി. – സഞ്ജു പറഞ്ഞു.ഒരോവറില്‍ അഞ്ച് സിക്‌സ് നേടണമെന്നും അതിനായി കാത്തിരിക്കുകയാണെന്നും മെന്റര്‍ പറഞ്ഞെന്നും അത് നടപ്പിലാക്കാന്‍ സാധിച്ചെന്നും സഞ്ജു കൂട്ടിച്ചേര്‍ത്തു.
മത്സരത്തില്‍ നിരവധി നേട്ടങ്ങളാണ് സഞ്ജു സ്വന്തമാക്കിയത്. ഒരു ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ ടി20-യിലെ ഉയര്‍ന്ന സ്‌കോറെന്ന നേട്ടവും നേട്ടവും സഞ്ജു സ്വന്തം പേരിലാക്കി. 2022-ല്‍ ലഖ്‌നൗവില്‍ ശ്രീലങ്കയ്‌ക്കെതിരേ 89 റണ്‍സെടുത്ത ഇഷാന്‍ കിഷന്റെ റെക്കോഡാണ് സഞ്ജു മറികടന്നത്. ടി20-യില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ മൂന്നാമത്തെ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ എന്ന നേട്ടവും സഞ്ജുവിന്റെ പേരിലാണ്. 2022-ല്‍ ഡബ്ലിനില്‍ അയര്‍ലന്‍ഡിനെതിരേ സഞ്ജു 77 റണ്‍സെടുത്തിരുന്നു.
ടി20-യില്‍ സെഞ്ചുറി നേടുന്ന 11-ാമത്തെ ഇന്ത്യന്‍ താരം കൂടിയാണ് സഞ്ജു. മാത്രമല്ല സുരേഷ് റെയ്‌ന, രോഹിത് ശര്‍മ, കെ.എല്‍ രാഹുല്‍, വിരാട് കോലി, ശുഭ്മാന്‍ ഗില്‍ എന്നിവര്‍ക്ക് ശേഷം ഏകദിനത്തിലും ടി20-യിലും ഇന്ത്യയ്ക്കായി സെഞ്ചുറി നേടുന്ന ആറാമത്തെ താരവുമായി സഞ്ജു.ബംഗ്ലാദേശിനെതിരേ സ്പിന്നര്‍ റിഷാദ് ഹുസൈന്‍ എറിഞ്ഞ പത്താം ഓവറില്‍ തുടര്‍ച്ചയായ അഞ്ചു പന്തുകളും സഞ്ജു സിക്‌സറിന് പറത്തിയിരുന്നു.