മുംബൈ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജയ് ബംഗാറിന്റെ മകന്‍ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായി. ആര്യന്‍ ബംഗാറാണ്, ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീയായി മാറിയത്. ‘അനായ ബംഗാര്‍’ എന്ന പേരും സ്വീകരിച്ചിട്ടുണ്ട്. ഇന്ത്യന്‍ ദേശീയ ടീമിന്റെയും വിവിധ ഐപിഎല്‍ ടീമുകളുടെയും ബാറ്റിങ് പരിശീലകനും കൂടിയായിരുന്നു ബംഗാര്‍. 23കാരനായ ആര്യന്‍, ഹോര്‍മോണ്‍ റീപ്ലേസ്‌മെന്റ് തെറപ്പിക്കും വിധേയനായി. നിലവില്‍ ഇംഗ്ലണ്ടിലാണ് അവര്‍ ജീവിക്കുന്നത്.
പുതിയ രൂപമാറ്റിത്തിലേക്കുള്ള വഴിയും അവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. ഇന്‍സ്റ്റഗ്രാം പോസ്റ്റ് ഇങ്ങനെ… ”കരുത്ത് അല്‍പം കുറഞ്ഞു, എങ്കിലും സന്തോഷമുണ്ട്. ശരീരം മാറികൊണ്ടിരിക്കുകയാണ് ഇനിയും ഏറെ ദൂരം മുന്നോട്ട് പോവാനുണ്ട്. ഓരോ ചുവടും യഥാര്‍ഥ എന്നിലേക്കുള്ള യാത്രയാണ്.” ആര്യന്‍ കുറിച്ചിട്ടു. മുമ്പ് ഇംഗ്ലണ്ടില്‍ പ്രാദേശിക ക്രിക്കറ്റ് ക്ലബ്ബായ ഇസ്‌ലാം ജിംഖാനയ്ക്ക് വേണ്ടി കളിച്ചിരുന്നു ആര്യന്‍.
ക്രിക്കറ്റിനോടുള്ള തന്റെ ഇഷ്ടം തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ അറിയിച്ചിരുന്നു ആര്യന്‍. ട്രാന്‍സ് വുമണ്‍ വിഭാഗത്തിലുള്ളവര്‍ക്ക് ക്രിക്കറ്റ് തുടരാനുള്ള സാഹചര്യമില്ലാത്തതിനാല്‍ ക്രിക്കറ്റ് ഉപേക്ഷിക്കുന്നുവെന്നും ആര്യന്‍ വെളിപ്പെടുത്തിയിരുന്നു.
കുറിപ്പില്‍ പറയുന്നതിങ്ങനെ.. ക്രിക്കറ്റ് നന്നേ ചെറുപ്പം മുതല്‍ ജീവിതത്തിന്റെ ഭാഗമാണ്. ഇന്ത്യയ്ക്കായി കളിക്കുകയും പിന്നീട് ഇന്ത്യയെ പരിശീലിപ്പിക്കുകയും ചെയ്ത അച്ഛനായിരുന്നു എന്റെ മാതൃക. അദ്ദേഹത്തിന്റെ വഴിയേ പോകണമെന്നായിരുന്നു എന്റെ ആഗ്രഹം. ക്രിക്കറ്റിനോട് അച്ഛന്‍ കാണിച്ചിട്ടുള്ള ആത്മാര്‍തത്ഥയും താല്‍പര്യവും എന്നെ പ്രചോദിപ്പിപ്പിച്ചിട്ടേയുള്ളൂ.
അച്ഛനെ പോലെ ഒരു കാലത്ത് രാജ്യത്തിന് വേണ്ടി കളിക്കാനാകുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നു. അതിന് വേണ്ടിയുള്ള പ്രയ്തനവും നടത്തിയിരുന്നു. എനിക്ക് ഏറ്റവും പ്രിയപ്പെട്ട ക്രിക്കറ്റ് ഉപേക്ഷിക്കേണ്ടി വരുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചിരുന്നില്ല. വേദനയോടെ ഉപേക്ഷിക്കുകയല്ലാതെ വഴിയില്ല.
ശസ്ത്രക്രിയക്ക് ശേഷം എന്റെ ശരീരത്തില്‍ കാര്യമായ മാറ്റങ്ങള്‍ സംഭവിച്ചിരിക്കുന്നു. പേശികളുടെ ബലം കുറഞ്ഞു. എന്റെ കായികക്ഷമതയും പഴയ പടിയല്ല. ക്രിക്കറ്റ് എന്നില്‍ നിന്ന് അകന്നുപോകുന്നു.” ആര്യന്‍ കുറിച്ചിട്ടു.