Home-bannerKeralaNews

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും വെട്ടിക്കുറയ്ക്കണം,മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കി പി.സി.ജോര്‍ജ് എം.എല്‍.എ

തിരുവനന്തപുരം : സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കണമെന്നും പരമാവധി പെന്‍ഷന്‍ 25,000 രൂപയായി നിജപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് പി.സി. ജോര്‍ജ് എംഎല്‍എ മുഖ്യമന്ത്രി പിണറായി വിജയനു കത്തു നല്‍കി.

സംസ്ഥാന വരുമാനത്തിന്റെ 80 ശതമാനവും ചെലവഴിക്കുന്നത് 10 ലക്ഷത്തോലം മാത്രം വരുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കായാണ്. റവന്യൂ വരുമാനത്തിന്റെ 24 ശതമാനവും പെന്‍ഷന്‍ നല്‍കാനായി മാറ്റി വെക്കേണ്ട അവസ്ഥയുണ്ട്. പലയിടങ്ങളില്‍ നിന്നായി കടം വാങ്ങിയ പണത്തിനു പലിശയായി റവന്യൂ വരുമാനത്തിന്റെ 18 ശതമാനം നല്‍കുന്നു. ബാക്കിയുള്ള പണത്തിന്റെ 42 ശതമാനവും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സമ്പളമായി നല്‍കേണ്ട സ്ഥിതിയാണെന്നാണ് നിവേദനത്തില്‍ പിസി ജോര്‍ജ് ചൂണ്ടിക്കാട്ടുന്നത്.

ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, അധ്യാപകര്‍, പൊലീസ്, ഫയര്‍ഫോഴ്‌സ്, ജയില്‍, എക്‌സൈസ് തുടങ്ങിയ വിഭാഗങ്ങള്‍ക്ക് ശമ്പളം എത്ര വര്‍ധിപ്പിച്ചാലും തെറ്റില്ല. ഇതേക്കുറിച്ച് ഞാന്‍ പ്രസംഗിച്ചപ്പോള്‍ എന്റെ ശമ്പളവും പെന്‍ഷനും ചൂണ്ടിക്കാട്ടി ചിലര്‍ വിമര്‍ശിക്കുകയാണ്. എംഎല്‍എക്ക് ശമ്പളമായി 50,000 രൂപയും ടിഎ ആയി 20,000 രൂപയുമാണ് ലഭിക്കുന്നത്. മന്ത്രിമാര്‍ക്ക് 90,000 രൂപയാണ് ശമ്പളം. മുന്‍ എംഎല്‍എ വാങ്ങുന്ന കുറഞ്ഞ പെന്‍ഷന്‍ 8,000 രൂപയാണ്. 52 വര്‍ഷം എംഎല്‍എ ആയിരുന്നയാളുടെ ഭാര്യ വാങ്ങുന്നത് പരമാവധി പെന്‍ഷനായി 50,000 രൂപയാണ്.

എന്നാല്‍ സഹകരണ വകുപ്പിലെ ഒരു അര്‍ബന്‍ ബാങ്കില്‍ ഏഴാം ക്ലാസ് പാസാകാത്ത ആളുടെ ശമ്പളം 94,000 രൂപയാണ്. ചെറുകിട കച്ചവകടക്കാര്‍ കച്ചവടം തകര്‍ന്ന് ആത്മഹത്യയുടെ വക്കിലാണെന്നും കത്തില്‍ പി.സി. ജോര്‍ജ് ചൂണ്ടിക്കാട്ടി.

ശമ്പളം നിജപ്പെടുത്തണമെന്നും ശമ്പള പരിഷ്‌കരണ കമ്മിഷനെ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടുള്ള പി.സി. ജോര്‍ജിന്റെ പ്രസംഗം വിവാദമായിരിക്കെയാണ് ഇതേ ആവശ്യം ആവര്‍ത്തിച്ച് അദ്ദേഹം മുഖ്യമന്ത്രിക്കു കത്തു നല്‍കിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button