അമ്മ മറ്റൊരാൾക്കൊപ്പം പോയെന്ന് മക്കളെ വിശ്വസിപ്പിച്ചു, ബംഗ്ളൂരുവിൽ പഠിക്കാൻ പോയെന്ന് ബന്ധുക്കളെയും;വെളിപ്പെടുത്തലുമായി കൊല്ലപ്പെട്ട രമ്യയുടെ സഹോദരൻ
കൊച്ചി : കൊച്ചി വൈപ്പിനിൽ യുവതിയെ ഭർത്താവ് കൊന്ന് കുഴിച്ചുമൂടിയ സംഭവത്തിൽ വെളിപ്പെടുത്തലുമായി കൊല്ലപ്പെട്ട രമ്യയുടെ സഹോദരൻ. രമ്യ ബംഗളൂരുവിൽ പഠിക്കാൻ പോയിരിക്കുകയാണെന്ന് സജീവൻ നുണ പറഞ്ഞ് വിശ്വസിപ്പിച്ചെന്ന് രമ്യയുടെ സഹോദരൻ രത് ലാൽ പറഞ്ഞു. അതേസമയം അമ്മ മറ്റൊരാളുടെ കൂടെ പോയെന്ന് പറഞ്ഞാണ് മക്കളെ വിശ്വസിപ്പിച്ചത്. ഇക്കാര്യം പുറത്തറിഞ്ഞാൽ നാണക്കേടാണെന്നും അതിനാൽ ബംഗളൂരുവിൽ പഠിക്കാൻ പോയിരിക്കുകയാണെന്ന് എല്ലാവരോടും പറയണമെന്നും സജീവൻ കുട്ടികളെ പഠിപ്പിച്ചു. കുട്ടികളുടെ സംസാരത്തിൽ പിന്നീട് സംശയം തോന്നിയതോടെ പരാതി നൽകുകയായിരുന്നെന്നും രത് ലാൽ പറഞ്ഞു.
കുട്ടികൾ വീട്ടിൽ വരുന്ന സമയത്തൊക്കെ അമ്മ എവിടെ എന്ന് ഞാൻ അന്വേഷിച്ചിരുന്നു. അമ്മ വിളിക്കാറില്ലേയെന്നും പഠന കാര്യങ്ങളിൽ ശ്രദ്ധിക്കാറില്ലേയെന്നും അവരോട് ചോദിച്ചിരുന്നു. മൂത്ത കുട്ടിയുടെ അഡ്മിഷന്റെ സമയമായിരുന്നു അത്. ആ സമയത്തു പോലും വിളിച്ചില്ലെന്ന് പറഞ്ഞപ്പോൾത്തന്നെ എനിക്ക് സംശയം തോന്നിയിരുന്നു. ഒൻപതു വയസ്സുള്ള ഇളയ കുട്ടിയേപ്പോലും ആദ്യമേ എല്ലാം പറഞ്ഞു പഠിപ്പിച്ചുവച്ചിരുന്നു. അതുകൊണ്ട് സംശയം തോന്നാലുള്ള സാധ്യത കുറവായിരുന്നു. പിന്നീട് ഇരുവരോടും വെവ്വേറെ കാര്യങ്ങൾ ചോദിച്ചപ്പോഴാണ് പൊരുത്തക്കേടു തോന്നിയത്. അപ്പോഴേയ്ക്കും മാസങ്ങൾ പിന്നിട്ടിരുന്നു’ – രമ്യയുടെ സഹോദരൻ പറഞ്ഞു.
വൈപ്പിൻ ഞാറക്കലിൽ നിന്നും കാണാതായ രമ്യയെ ഭർത്താവ് കൊന്ന് കുഴിച്ചുമുടുകയായിരുന്നുവെന്നാണ് ഒന്നരവർഷത്തിന് ശേഷം തെളിഞ്ഞത്. വാച്ചാക്കലിൽ വാടകക്ക് താമസിച്ച് വരുന്നതിനിടെ 2021 ഒക്ടോബർ 16 നാണ് രമ്യയെ കൊലപ്പെടുത്തിയതെന്നാണ് ഭർത്താവ് സജീവൻ പൊലീസിന് നൽകിയ മൊഴി. ഭാര്യയെ സംബന്ധിച്ച് ചില സംശയങ്ങൾ സജീവനുണ്ടായിരുന്നു. ഒക്ടോബർ 16 ന് രമ്യയുമായി വാക്കുതർക്കമായി. തർക്കത്തിനിടെ കഴുത്തിൽ കയർ കുരുക്കി കൊലപ്പെടുത്തി. പകൽ സമയത്താണ് കൊലപാതകം നടത്തിയത്. മൃതദേഹം ഒളിപ്പിച്ച ശേഷം രാത്രി വീട്ടു മുറ്റത്ത് കുഴിച്ചുമൂടുകയായിരുന്നുവെന്നാണ് മൊഴി.
അയൽവാസികൾ വിവരമന്വേഷിച്ചപ്പോൾ ബംഗ്ലൂരുവിൽ ജോലി കിട്ടിയ രമ്യ അങ്ങോട്ട് പോയെന്നായിരുന്നു സജീവൻ മറുപടി നൽകിയത്. ഇതിന് ശേഷം ഒരുപാട് കാലമായിട്ടും വിവരമൊന്നുമില്ലാതായതോടെ കഴിഞ്ഞ മാസങ്ങളിൽ ബന്ധുക്കളും രമ്യയെ അന്വേഷിച്ചു. ഇതോടെ സജീവൻ ഭാര്യയെ കാണ്മാനില്ലെന്ന് പൊലീസിൽ ഒരു പരാതി നൽകി. പത്തനംതിട്ടയിലെ നരബലി കേസുകൾ പുറത്ത് വന്ന സമയത്ത് പൊലീസ് മിസിംഗ് കേസുകളിൽ കാര്യമായ അന്വേഷണം നടത്തി. ഇതിന്റെ ഭാഗമായി രമ്യയുടെ തിരോധാനവും അന്വേഷിച്ചു. ഇതുമായി ബന്ധപ്പെട്ട മൊഴിയെടുക്കലിനൊടുവിലാണ് കൊലപാതക വിവരം പുറത്തായത്.