ജയ്പൂർ : സർക്കാർ കോളേജുകൾക്ക് കാവിനിറം നൽകിയ രാജസ്ഥാൻ സർക്കാരിന്റെ നടപടിക്കെതിരെ കോൺഗ്രസ്. കോളേജുകൾക്ക് കാവി നിറം നൽകിയത് രാഷ്ട്രീയവൽക്കരണത്തിനുള്ള ശ്രമമാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. സംസ്ഥാനത്തെ 20 സർക്കാർ കോളേജുകൾക്കാണ് ഇതിനകം രാജസ്ഥാൻ സർക്കാർ കാവിനിറം നൽകിയിട്ടുള്ളത്.
എന്നാൽ ഇക്കാര്യത്തിൽ രാഷ്ട്രീയ വൽക്കരണം ഇല്ലെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നല്ല അന്തരീക്ഷം ഉറപ്പാക്കാനാണ് ഈ നിറം നൽകിയിരിക്കുന്നത് എന്നും ഉന്നതവിദ്യാഭ്യാസം കമ്മിഷണറേറ്റ് അധികൃതർ അറിയിച്ചു. കേന്ദ്രസർക്കാരിന്റെ കായകൽപ് പദ്ധതി പ്രകാരമാണ് സർക്കാർ കോളേജുകൾക്ക് പുതിയ നിറം നൽകിയിരിക്കുന്നത്. ഇന്ത്യയിലെ പൊതുജനാരോഗ്യ കേന്ദ്രങ്ങളിൽ ശുചിത്വം, അണുബാധ നിയന്ത്രണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിൻ്റെ ദേശീയ സംരംഭമാണ് കായകൽപ് പദ്ധതി.
രാജസ്ഥാൻ സർക്കാരിന്റെ കോളേജ് വിദ്യാഭ്യാസ ജോയിൻ്റ് ഡയറക്ടർ വിജേന്ദ്ര കുമാർ ശർമ്മ കഴിഞ്ഞ മാസമാണ് സർക്കാർ കോളേജുകൾക്ക് കാവി നിറം നൽകുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.
കോളേജുകൾ ഉന്നത വിദ്യാഭ്യാസത്തിൻ്റെ പ്രധാന കേന്ദ്രങ്ങളാണ്. കോളേജിലെ വിദ്യാഭ്യാസ അന്തരീക്ഷവും സാഹചര്യവും വിദ്യാർത്ഥികൾക്ക് കോളേജിൽ പ്രവേശിക്കുമ്പോൾ തന്നെ പോസിറ്റീവ് ഊർജം തോന്നുന്ന തരത്തിലായിരിക്കണം എന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.