കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടിയല്ല, മുഖ്യമന്ത്രിയുടെ കാറിന് മുന്നിലേക്ക് കരിങ്കൊടിയുമായി എത്തുന്നവര്‍ക്കാണ് സുരക്ഷ ഒരുക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. പിണറായിക്ക് സര്‍ക്കാരിന്റെ നയപരമായ കാര്യങ്ങള്‍ ഒറ്റയ്ക്ക് തീരുമാനിക്കാനാകില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു.
പിണറായി വിജയന് പാര്‍ട്ടി ബ്ലാങ്ക് ചെക്കാണ് നല്‍കിയിരിക്കുന്നത് എന്ന് പറയുന്നതില്‍ യാതൊരു അടിസ്ഥാനവുമില്ല. സര്‍ക്കാരിന്റെ നയപരമായ കാര്യങ്ങളൊക്കെ ഇടതുമുന്നണിയാണ് കൈകാര്യം ചെയ്യുക. സര്‍ക്കാരിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രിയും മന്ത്രിമാരും തീരുമാനിക്കുമെന്നും ഗോവിന്ദന്‍ പറഞ്ഞു.
‘മുഖ്യമന്ത്രിക്ക് അതീവ സുരക്ഷയില്ല, സുരക്ഷ മാത്രമേയുള്ളൂ. അത് വേണ്ടതാണ്. യഥാര്‍ത്ഥത്തില്‍ പിണറായി വിജയനുള്ള സുരക്ഷയല്ല അത്. ചാവേറുകളെ പോലെ ചില ആളുകള്‍ കൊടിപിടിച്ച് കാറിന് മുന്നിലേക്ക് ചാടുന്നുണ്ട്. അവരെ രക്ഷിക്കാനാണ് സുരക്ഷ. ജനകീയ സമരമല്ല നടക്കുന്നത്. അഞ്ചോ പത്തോ ആളുകള്‍ അവിടെയും ഇവിടെയും നിന്നിട്ട് കാറിന്റെ മുന്നിലേക്ക് ചാടുക.
അപ്പോള്‍ സ്വാഭാവികമായി നല്ല സുരക്ഷ നല്‍കേണ്ടി വരും. പിണറായി വിജയന്റെ കാറിന്റെ മുന്നിലേക്ക് ചാടാന്‍ പോകുന്ന ഈ ചാവേറുകള്‍ക്കാണ് ശരിയായ രീതിയിലുള്ളസുരക്ഷ’ സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.
ജനകീയ പ്രക്ഷോഭത്തിലേക്ക് യുഡിഎഫ് വരുന്നില്ല. രാപ്പകല്‍ സമരം നടത്തുമെന്നൊക്കെ പറഞ്ഞു. മാധ്യമങ്ങളൊന്നും അത് മൈന്‍ഡ് ചെയ്തില്ല. അത്രയേ ഉള്ളൂ കാര്യങ്ങളെന്നും എം.വി.ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.
വാഹന വ്യൂഹത്തിന് നേരെ യുഡിഎഫ് പ്രവര്‍ത്തകര്‍ നിരന്തരം കരിങ്കൊടി കാണിക്കുന്ന സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ പാലക്കാട് നടന്ന പരിപാടിക്ക് വന്നതും പോയതും ഹെലികോപ്റ്ററിലായിരുന്നു.
കണ്ണൂരില്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയ ആകാശ് തില്ലങ്കേരിയെ എം.വി.ഗോവിന്ദന്‍ തള്ളിപ്പറഞ്ഞു. ആകാശ് തില്ലങ്കേരി ക്രിമിനലാണ്. അയാളെ പാര്‍ട്ടി സംരക്ഷിക്കേണ്ടതില്ലെന്നും ഗോവിന്ദന്‍ വ്യക്തമാക്കി.
ശിവശങ്കര്‍ പാര്‍ട്ടി വാക്താവല്ലെന്നും അയാള്‍ ജയിലില്‍ കിടക്കട്ടെയെന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു. മുഖ്യമന്ത്രിയെ തൊടാന്‍ ഇ.ഡി.ക്കാവില്ലെന്നും ഗോവിന്ദന്‍ വ്യക്തമാക്കി.