InternationalNews

വടക്ക് നിന്നും തെക്കോട്ട് 3 മണിക്കൂര്‍ സമയത്തേക്ക് സുരക്ഷിത പാത; ഗാസയില്‍ കരയുദ്ധത്തിന് ഒരുക്കം

ടെല്‍അവീവ്: വടക്കന്‍ ഗാസയില്‍ നിന്നും ആളുകള്‍ക്ക് തെക്കന്‍ ഗാസയിലേക്ക് പോകുന്നതിനായി മൂന്ന് മണിക്കൂര്‍ സുരക്ഷിത പാതയൊരുക്കുമെന്ന് അറിയിച്ച്‌ ഇസ്രയേല്‍.

ഗാസയിലെ പ്രാദേശിക സമയം രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെയാണ് വടക്കന്‍ ഗാസയില്‍ നിന്നും ജനങ്ങള്‍ക്ക് പലായനം ചെയ്യാന്‍ സുരക്ഷിത പാതയൊരുക്കുമെന്ന് ഇസ്രയേല്‍ അറിയിച്ചിരിക്കുന്നത്.

വടക്കന്‍ ഗാസയിലെ ബെയ്റ്റ് ഹനൂനില്‍ നിന്നും ഖാന്‍ യൂനിസിലേക്ക് സുരക്ഷിതപാത ഒരുക്കുമെന്നാണ് ഇസ്രയേല്‍ വാഗ്ദാനം. തെക്കന്‍ ഗാസയിലേക്ക് പോകുന്നവര്‍ ബെയ്റ്റ് ഹനൂനില്‍ നിന്ന് ഖാന്‍ യൂനിസിലേക്കുള്ള ഒരൊറ്റവഴി തന്നെ ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ആ വഴി ഈ മൂന്ന് മണിക്കൂറില്‍ ആക്രമിക്കില്ലെന്നാണ് ഇസ്രയേല്‍ വ്യക്തമാക്കിയിരിക്കുന്നത്. വടക്കന്‍ ഗാസയില്‍ നിന്നും ഒഴിഞ്ഞു പോകുന്ന ആളുകളെ ഹമാസ് തടയുന്നു എന്ന ആരോപണവുമായി ഇസ്രയേല്‍ നേരത്തെ രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് സുരക്ഷിത പാത ഒരുക്കുമെന്ന് ഇസ്രയേല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ഇസ്രയേല്‍ പട്ടാളക്കാര്‍ ഗാസ അതിര്‍ത്തിയില്‍ തയ്യാറെടുപ്പുകള്‍ നടത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. വടക്കന്‍ ഗാസയില്‍ നിന്നും ആളുകള്‍ക്ക് ഒഴിഞ്ഞു പോകാനായി ഇസ്രയേല്‍ അന്ത്യശാസനം നല്‍കിയിരുന്നു. ബുള്ളറ്റ് പ്രൂഫ് ജാക്കറ്റെല്ലാം ധരിച്ച്‌ കനത്ത ആയുധശേഖരവുമായി ഒരുങ്ങി നില്‍ക്കുന്ന സൈനികരുടെ വീഡിയോ ദൃശ്യങ്ങളെ ഉദ്ധരിച്ചാണ് ഇസ്രയേല്‍ കരയുദ്ധത്തിനുള്ള അവസാന ഒരുക്കത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നത്.

യുദ്ധത്തിന് തയ്യാറെടുത്ത് നില്‍ക്കുന്ന സൈനികരെ ഗാസ അതിര്‍ത്തിലെത്തി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ശനിയാഴ്ച കണ്ടിരുന്നു. പോരാട്ടത്തിന്റെ അടുത്തഘട്ടം വരുന്നുവെന്നായിരുന്നു നെതന്യാഹുവിന്റെ പ്രതികരണം.

ഗാസയില്‍ മുതിര്‍ന്ന ഹമാസ് കമാന്‍ഡര്‍ കൊല്ലപ്പെട്ടതായി ഇസ്രയേല്‍ അവകാശവാദം ഉന്നയിച്ചിരുന്നു. ഹമാസിന്റെ പ്രത്യേക സേനയായ നുഖ്ബയുടെ തലവന്‍ ബിലാല്‍ അല്‍-കെദ്രയെ വധിച്ചതായാണ് ഇസ്രായേല്‍ സൈന്യം അവകാശപ്പെടുന്നത്. ഖാന്‍ യൂനിസില്‍ നടന്ന വ്യോമാക്രമണത്തിലാണ് കെദ്ര കൊല്ലപ്പെട്ടത്. ഗാസയില്‍ ഇസ്രയേല്‍ അക്രമണങ്ങളില്‍ കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണം 2329 ആയി. 9714 പേര്‍ക്ക് പരിക്കേറ്റു. ഹമാസ് ആക്രമണത്തില്‍ 1300 ഇസ്രയേലികളും കൊല്ലപ്പെട്ടു.

ഗാസയിലെ ജനങ്ങള്‍ക്കുള്ള അവശ്യസാധനങ്ങളുമായി നിരവധി വാഹനങ്ങള്‍ റഫ ക്രോസിങ് കടക്കാന്‍ ഈജിപ്ത് അതിര്‍ത്തിയില്‍ കാത്തുകിടക്കുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈജിപ്ത്യന്‍ അതിര്‍ത്തി നഗരമായ അരിഷിലാണ് ഈജിപ്തില്‍ നിന്നും തുര്‍ക്കിയില്‍ നിന്നുമുള്ള സഹായങ്ങളുമായി എത്തിയ ട്രക്കുകളുടെ നീണ്ടനീര കാത്തുകിടക്കുന്നത്.

ഇസ്രയേലിന്റെ വ്യോമാക്രമണത്തെ തുടര്‍ന്ന് ഏതാനും ദിവസങ്ങളായി റഫ പാലം അടച്ചിരിക്കുകയാണ്. ഈജിപ്തിന്റെ അതിര്‍ത്തിയില്‍ നിന്ന് റഫ പാലം വഴിയുള്ള ക്രോസിങ്ങ് തുറന്നെങ്കിലും തെക്കന്‍ ഗാസ അതിര്‍ത്തിയില്‍ നിന്നുള്ള ക്രോസിങ്ങ് ഇതുവരെ തുറന്നിട്ടില്ല. ഗാസയുടെ ഭാഗത്ത് നിന്നുള്ള ക്രോസിങ്ങ് ഇസ്രയേല്‍ ആക്രമണത്തില്‍ തകര്‍ന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ചെക്ക്പോസ്റ്റിലൂടെ ആര്‍ക്കെല്ലാം കടന്നുപോകാന്‍ കഴിയും എന്നതില്‍ ഹമാസ്, ഇസ്രായേല്‍, ഈജിപ്ത് എന്നിവര്‍ക്ക് വ്യത്യസ്ത നിയന്ത്രണമുണ്ട്.

ബ്രിട്ടനും അമേരിക്കയും ഉള്‍പ്പെടെയുള്ള നിരവധി വിദേശ ഗവണ്‍മെന്റുകള്‍ ഗാസയിലെ തങ്ങളുടെ പൗരന്മാരോട് റഫ ക്രോസിങ്ങിന് സമീപത്തേയ്ക്ക് നീങ്ങാന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. റഫ അതിര്‍ത്തി തുറക്കുമ്ബോള്‍ ഇവര്‍ക്കും ഗാസയില്‍ നിന്ന് ഈജിപ്തിലേയ്ക്ക് പോകാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. റഫ അതിര്‍ത്തി തുറന്നാലും വളരെ കുറച്ച്‌ സമയത്തേക്ക് മാത്രമെ അതിര്‍ത്തി കടക്കാന്‍ അവസരമുണ്ടായിരിക്കൂ എന്നും മുന്നറിയിപ്പുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker