യൂറോപ്പ് യുദ്ധത്തിനരികെയെന്ന് ജര്‍മനി; ഉപരോധം കാട്ടി ഭയപ്പെടുത്തരുതെന്ന് റഷ്യ
ബെർലിൻ/കീവ്:യുക്രൈൻ- റഷ്യ സംഘർഷം രൂക്ഷമാകുന്നതിനിടെ യൂറോപ്പ് യുദ്ധത്തിനരികിലെന്ന് ജർമനി. വെല്ലുവിളിനിറഞ്ഞ സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് ജർമൻ വൈസ് ചാൻസലർ റോബർട്ട് ഹാബെക്ക് പറഞ്ഞു. പ്രശ്നപരിഹാരത്തിനായി ജർമൻ ചാൻസലർ ഒലാഫ് ഷോൾസ് തിങ്കളാഴ്ച കീവിലെത്തി യുക്രൈൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കിയെയും ചൊവ്വാഴ്ച മോസ്കോയിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുതിനെയും കാണും. യൂറോപ്പിൽ യുദ്ധം തടയുന്നത് തങ്ങളുടെ കടമയാണെന്നും അതിനായി സാധ്യമായതെല്ലാം ചെയ്യുമെന്നും നേരത്തേ ഷോൾസ് പറഞ്ഞിരുന്നു.
അതിനിടെ യുക്രൈനിലെ നയതന്ത്രകാര്യാലയം ഒഴിപ്പിക്കുന്ന പ്രവർത്തനങ്ങൾക്ക് യു.എസ്. വേഗം കൂട്ടി. സംയമനം പാലിക്കണമെന്നും മുഖ്യ ശത്രു പരിഭ്രമത്തിലാണെന്നും യുക്രൈൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കിയുടെ വാക്കുകൾക്കു പിന്നാലെയാണ് നടപടി.
ഞായറാഴ്ച യു.എസ്. പ്രസിഡന്റ് ജോ ബൈഡനുമായി സെലെൻസ്കി ഫോണിൽ സംസാരിച്ചിരുന്നു. അയർലൻഡ്, ജോർദാൻ, ഇറ്റലി, സ്വീഡൻ, സൈപ്രസ്, കുവൈത്ത്, ഇറാഖ്, ഫിൻലൻഡ് അടക്കമുള്ള രാജ്യങ്ങൾ യുക്രൈൻ വിടാൻ പൗരന്മാർക്ക് നിർദേശം നൽകി. സൗദി അറേബ്യ, യു.എ.ഇ., തുർക്കി, സ്ളൊവാക്യ എന്നീ രാജ്യങ്ങൾ യുക്രൈനിലേക്കുള്ള യാത്ര ഒഴിവാക്കാൻ പൗരന്മാർക്ക് നിർദേശം നൽകിയിട്ടുണ്ട്.
എന്നാൽ പാശ്ചാത്യ രാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധങ്ങളിൽ ഭയമില്ലെന്ന് റഷ്യ പ്രതികരിച്ചു. മുൻപും ഒട്ടേറെ ഉപരോധങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടായിരുന്നുവെന്നും അതു രാജ്യത്തിന്റെ വളർച്ചയ്ക്കാണ് കാരണമായതെന്നും സ്വീഡനിലെ റഷ്യയുടെ സ്ഥാനപതി വിക്ടർ താതറിൻസ്റ്റേവ് പറഞ്ഞു. പാശ്ചാത്യരാജ്യങ്ങളുടെ എതിർപ്പ് കൂടുന്നതിനനുസരിച്ച് റഷ്യയുടെ ശക്തി കൂടും. എന്നാൽ യുദ്ധം ഒഴിവാക്കാനാണ് റഷ്യ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.