
കൊല്‍ക്കത്ത: ഐപിഎല്‍ ഉദ്ഘാടന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളുരുവിന് ഏഴ് വിക്കറ്റ് ജയം. നിലവില്‍ ചാംപ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ 175 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന, ആര്‍സിബി 16.2 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. കൊല്‍ക്കത്ത, ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ വിരാട് കോലി (36 പന്തില്‍ പുറത്താവാതെ 59), ഫിലിപ് സാള്‍ട്ട് (31 പന്തില്‍ 56), രജത് പടിധാര്‍ (14 പന്തില്‍ 36) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ആര്‍സിബിയെ വിജയത്തിലേക്ക് നയിച്ചത്. നേരത്തെ അജിന്‍ക്യ രഹാനെ (56), സുനില്‍ നരെയ്ന്‍ (44) എന്നിവരുടെ ഇന്നിംഗ്‌സുകളറാണ് കൊല്‍ക്കത്തയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. ആര്‍സിബിക്ക് വേണ്ടി ക്രുനാല്‍ പാണ്ഡ്യ മൂന്ന് വിക്കറ്റ് വീഴ്ത്തി.
മികച്ച തുടക്കമായിരുന്നു ആര്‍സിബിക്ക്. പവര്‍ പ്ലേയില്‍ തന്നെ വിക്കറ്റ് നഷ്ടമില്ലാതെ 80 റണ്‍സെടുക്കാന്‍ ആര്‍സിബിക്ക് സാധിച്ചിരുന്നു. ഒന്നാം വിക്കറ്റില്‍ 95 റണ്‍സ് ചേര്‍ത്ത ശേഷമാണ് കൂട്ടുകെട്ട് പൊളിഞ്ഞത്. ഒമ്പതാം ഓവറിലെ നാലാം പന്തില്‍ സാള്‍ട്ടിനെ വരുണ്‍ ചക്രവര്‍ത്തി പുറത്താക്കി. രണ്ട് സിക്‌സും ഒമ്പത് ഫോറും ഉള്‍പ്പെടുന്നതായിരുന്നു സാള്‍ട്ടിന്റെ ഇന്നിംഗ്‌സ്. മൂന്നാമതായി ക്രീസിലെത്തിയ ദേവ്ദത്ത് പടിക്കലിന് (10) തിളങ്ങാനായില്ല. എന്നാല്‍ ക്യാപ്റ്റന്‍ രജത് പടിധാറിനെ കൂട്ടുപിടിച്ച് കോലി ആര്‍സിബിയെ വിജയത്തിന് അടുത്തെത്തിച്ചു. എന്നാല്‍ 16-ാം ഓവറില്‍ പടിധാര്‍ വീണു. ഒരു സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ക്യാപ്റ്റന്റെ ഇന്നിംഗ്‌സ്. പടിധാര്‍ മടങ്ങിയെങ്കിലും ലിയാം ലിവിംഗ്സ്റ്റണെ (5 പന്തില്‍ 15) കൂട്ടുപിടിച്ച് കോലി ആര്‍സിബിയെ വിജയത്തിലേക്ക് നയിച്ചു. മൂന്ന് സിക്‌സും നാല് ഫോറും ഉള്‍പ്പെടുന്നതായിരുന്നു കോലിയുടെ ഇന്നിംഗ്സ്. വരുണ്‍ നാല് ഓവറില്‍ 43 റണ്‍സ് വഴങ്ങി.
തകര്‍ച്ചയോടെയായിരുന്നു കൊല്‍ക്കത്തയുടെ ഇന്നിംഗ്‌സ് ആരംഭിച്ചത്. മൂന്നാം പന്തില്‍ ക്വിന്റണ്‍ ഡി കോക്കിന്റെ ക്യാച്ച് ആര്‍സിബി കൈവിട്ടു. എന്നാല്‍ അഞ്ചാം പന്തില്‍ ഡി കോക്കിനെ (4) പുറത്താക്കി ജോഷ് ഹേസല്‍വുഡ് ആര്‍സിബിയ്ക്ക് മികച്ച തുടക്കം നല്‍കി. പിന്നീട് ക്രീസിലെത്തിയ രഹാനെ, സുനില്‍ നരെയ്‌നെ കൂട്ടുപിടിച്ച് സ്‌കോര്‍ ഉയര്‍ത്തി. ആക്രമിച്ച് തുടങ്ങിയ രഹാനെ 25 പന്തില്‍ അര്‍ധ സെഞ്ചുറി തികച്ചു. മറുഭാഗത്ത് പതുക്കെ തുടങ്ങിയ നരെയ്ന്‍ പിന്നീട് ആക്രമണം അഴിച്ചുവിടുന്ന കാഴ്ചയാണ് കാണാനായത്.
103 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ശേഷമാണ് ഇരുവരും പിരിഞ്ഞത്. 10 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ സുനില്‍ നരൈന്‍ (44) മടങ്ങി. മൂന്ന് പന്തുകളുടെ വ്യത്യാസത്തില്‍ രഹാനെയും (56) കൂടാരം കയറിയതോടെ കൊല്‍ക്കത്ത അപകടം മണത്തു. രഹാനെ 31 പന്തുകളില്‍ 6 ബൌണ്ടറികളും 4 സിക്‌സറുകളും സഹിതം അജിങ്ക്യ രഹാനെ 54 റണ്‍സ് നേടിയാണ് പുറത്തായത്. പിന്നീടെത്തിയ വെങ്കടേഷ് അയ്യര്‍ (6), റിങ്കു സിംഗ് (12), ആന്ദ്രേ റസ്സല്‍ (4), എന്നിവര്‍ക്കൊന്നും തിളങ്ങാനായില്ല. ഇതിനിടെ ആംഗൃഷ് രഘുവന്‍ഷി (30) പുറത്തെടുത്ത പ്രകടനമാണ് കൊല്‍ക്കത്തയ്ക്ക് മാന്യമായ സ്‌കോര്‍ സമ്മാനിച്ചത്. സ്‌പെന്‍സര്‍ ജോണ്‍സണ്‍ (1), രമണ്‍ദീപ് സിംഗ് (6) പുറത്താവാതെ നിന്നു.
പ്ലേയിംഗ് ഇലവന്‍
റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു: വിരാട് കോഹ്ലി, ഫിലിപ്പ് സാള്‍ട്ട് (വിക്കറ്റ് കീപ്പര്‍), രജത് പടിധാര്‍ (ക്യാപ്റ്റന്‍), ലിയാം ലിവിംഗ്സ്റ്റണ്‍, ജിതേഷ് ശര്‍മ്മ, ടിം ഡേവിഡ്, ക്രുനാല്‍ പാണ്ഡ്യ, റാസിഖ് ദാര്‍ സലാം, സുയാഷ് ശര്‍മ, ജോഷ് ഹാസില്‍വുഡ്, യാഷ് ദയാല്‍.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്: ക്വിന്റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), വെങ്കിടേഷ് അയ്യര്‍, അജിങ്ക്യ രഹാനെ (ക്യാപ്റ്റന്‍), റിങ്കു സിംഗ്, അങ്ക്കൃഷ് രഘുവംശി, സുനില്‍ നരെയ്ന്‍, ആന്ദ്രെ റസല്‍, രമണ്‍ദീപ് സിംഗ്, സ്‌പെന്‍സര്‍ ജോണ്‍സണ്‍, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി.