കൊച്ചി: ചേന്ദമംഗലത്ത് ഒരുവീട്ടിലെ മൂന്നുപേരെ അടിച്ചുകൊലപ്പെടുത്തിയ കേസിൽ പ്രതി ഋതു ജയനെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. ജനരോഷം കണക്കിലെടുത്ത് സ്ഥലത്ത് കനത്ത സുരക്ഷയൊരുക്കിയായിരുന്നു തെളിവെടുപ്പ്. ഋതുവിന്റെ വീട്ടിലുമെത്തിച്ച് തെളിവെടുത്തു. അഞ്ചു മിനിറ്റിനുള്ളിൽ തെളിവെടുപ്പ് പൂർത്തിയാക്കി.
കൊല നടത്തിയതിൽ ഋതുവിന് കുറ്റബോധമില്ലെന്ന് മുനമ്പം ഡിവൈഎസ്പി എസ് ജയകൃഷ്ണൻ പറഞ്ഞു.. ഒരു മാസത്തിനുള്ളിൽ കുറ്റപത്രം നൽകുമെന്നും അദ്ദേഹം പറഞ്ഞു. പ്രതി ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നുണ്ട്. മാനസിക പ്രശ്നങ്ങൾ ഉണ്ടെന്നു തോന്നുന്നില്ലെന്നും ഡിവൈഎസ്പി പറഞ്ഞു. കൊല്ലപ്പെട്ടവരുമായി പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി പ്രതി സുഹൃത്തുക്കളോട് മുമ്പ് വെളിപ്പെടുത്തിയിട്ടുണ്ട്. അവരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കൊലപാതക സമയത്ത് പ്രതി ലഹരി ഉപയോഗിച്ചിരുന്നില്ല. വേണുവിന്റെ കുടുംബത്തിന് പണി കൊടുക്കുമെന്ന് പ്രതി സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. ഇവരെ കേസിൽ സാക്ഷികളാക്കും. ഡിവൈഎസ്പി പറഞ്ഞു. പ്രതിയുടെ അഞ്ചു ദിവസത്തെ കസ്റ്റഡി കാലാവധി വെള്ളിയാഴ്ച അവസാനിക്കും.
ചേന്ദമംഗലത്ത് ഒരു കുടുബത്തിലെ 3 പേരെയാണ് അതിക്രൂരമായി അടിച്ചു കൊലപ്പെടുത്തിയത്. വേണു, വിനിഷ, ഉഷ, ജിതിൻ എന്നിവരാണ് അതിക്രമത്തിനിരയായത്. ഇവരിൽ വേണുവും ഉഷയും വിനീഷയും മരിച്ചു. ഗുരുതരമായി പരിക്കേറ്റ ജിതിൻ ആശുപത്രിയിൽ ചികിത്സയിലാണ്. കേസിലെ പ്രതി റിതു ജയൻ കൊടും ക്രിമിനലെന്നു പൊലീസ് വ്യക്തമാക്കുന്നു. നേരത്തെയും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട പ്രതി പൊലീസ് നിരീക്ഷണത്തിലായിരുന്നു. കൊല്ലപ്പെട്ട മൂന്ന് പേർക്കും തലയിൽ മാരകമായി മുറിവേറ്റിരുന്നു.
ഒരു നാടിനെയാകെ നടുക്കിയ കൂട്ടക്കൊലയാണ് ചേന്ദമംഗലത്ത് നടന്നത്. ഒരു മതിലിനപ്പുറം താമസിക്കുന്നയാൾ കുഞ്ഞുങ്ങളുടെ മുന്നിൽ വെച്ച് അമ്മയെയും അപ്പൂപ്പനെയും അമ്മൂമയെയും തലക്കടിച്ചു കൊലപ്പെടുത്തി. അടിയേറ്റ അച്ഛൻ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണ്. ക്രൂരകൃത്യത്തിനു ശേഷം പ്രതി പൊലീസിന് മുന്നിൽ കീഴടങ്ങുകയായിരുന്നു. സ്ഥിരം ക്രിമിനലും അഞ്ച് കേസുകളിൽ പ്രതിയുമാണ് റിതു ജയൻ. 2021 മുതൽ ഇയാൾ പൊലീസ് നിരീക്ഷണത്തിലുമാണ്. കഴിഞ്ഞ നവംബറിലും ഡിസംബറിലും റിതുവിനെ അന്വേഷിച്ച് പൊലീസ് ചേന്നമംഗലത്ത് വീട്ടിൽ എത്തിയിരുന്നു. റിതുവിനെതിരെ നേരത്തെ ശക്തമായ നടപടി എടുത്തിരുന്നെങ്കിൽ ഈ ദാരുണ സംഭവം ഉണ്ടാകില്ലായിരുന്നുവെന്നാണ് നാട്ടുകാരുടെ ആരോപണം.