InternationalNews

ഋഷി സുനക് രാജിവെച്ചു; കെയ്ർ സ്റ്റാർമർ ബ്രിട്ടീഷ് പ്രധാനമന്ത്രി

ലണ്ടന്‍: തിരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് രാജിവെച്ചു. ബക്കിങ് ഹാം കൊട്ടാരത്തിലെത്തി ചാള്‍സ് മൂന്നാമന്‍ രാജാവിന് ഋഷി സുനക് തന്റെ രാജിക്കത്ത് കൈമാറി. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ് സ്ഥാനത്തുനിന്നും സുനക് ഒഴിഞ്ഞു. 14 വര്‍ഷമായി ബ്രിട്ടണില്‍ അധികാരത്തിലിരുന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കെതിരെ കെയ്ർ സ്റ്റാർമർ നേതൃത്വം നല്‍കുന്ന ലേബര്‍ പാര്‍ട്ടി വന്‍ വിജയമാണ് നേടിയത്.

ഋഷി സുനികിന്റെ രാജിക്ക് പിന്നാലെ കെയ്ർ സ്റ്റാർമർ ബക്കിങ്ഹാം കൊട്ടാരത്തിലെത്തി. പുതിയ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള അവകാശവാദവുമായിട്ടാണ് അദ്ദേഹം ഭാര്യയ്‌ക്കൊപ്പം കൊട്ടാരത്തിലെത്തിയത്. സര്‍ക്കാര്‍ രൂപീകരിക്കാനും പ്രധാനമന്ത്രിയാകാനും അദ്ദേഹത്തെ ചാള്‍സ് രാജാവ് ഔദ്യോഗികമായി ക്ഷണിച്ചു. തുടർന്ന് കെയിര്‍ സ്റ്റാര്‍മറെ ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി ചാൾസ് രാജാവ് നിയമിച്ചു.

412 സീറ്റുകള്‍ പിടിച്ചാണ് ലേബര്‍ പാര്‍ട്ടി അധികാരത്തിലെത്തിയത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് 121 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുകയാകും കെയിര്‍ സ്റ്റാര്‍മറിന്റെ മുന്നിലുള്ള പ്രധാന വെല്ലുവളി.

‘ഇത് വളരെ പ്രയാസകരമായ ഒരു ദിവസമാണ്. എന്നാല്‍, ലോകത്തിലെ ഏറ്റവുംമികച്ച രാജ്യത്തിന്റെ പ്രധാനമന്ത്രി എന്ന ബഹുമതി ഞാന്‍ അവസാനിപ്പിക്കുകയാണ്’, സുനക് തന്റെ വിടവാങ്ങല്‍ പ്രസംഗത്തില്‍ പറഞ്ഞു.

‘നിങ്ങളുടെ ദേഷ്യവും നിരാശയും ഞാന്‍ മനസ്സിലാക്കി, ഈ പരാജയത്തിന്റെ ഉത്തരവാദിത്വം ഞാന്‍ ഏറ്റെടുക്കുന്നു. അക്ഷീണമായി പ്രവര്‍ത്തിച്ചിട്ടും വിജയിക്കാതെപോയ എല്ലാ കണ്‍സര്‍വേറ്റീവ് സ്ഥാനാര്‍ത്ഥികള്‍ക്കും പ്രചാരകര്‍ക്കും നിങ്ങളുടെ പരിശ്രമങ്ങള്‍ക്ക് അര്‍ഹമായത് നല്‍കാന്‍ കഴിയാത്തതില്‍ ഞാന്‍ ഖേദിക്കുന്നു’, സുനക് പറഞ്ഞു.

ബ്രിട്ടീഷ് പ്രധാനമന്ത്രിയായ ആദ്യ ഇന്ത്യന്‍വംശജനും ഹിന്ദുവുമെന്ന നേട്ടത്തോടെയാണ് സുനക് പടിയിറങ്ങിയത്. 2022 ഒക്ടോബറില്‍ പ്രധാനമന്ത്രി ലിസ് ട്രസ് രാജിവെച്ചതിനുപിന്നാലെയാണ് സുനക് പ്രധാനമന്ത്രിയായത്. 210 വര്‍ഷത്തിനിടയിലെ ഏറ്റവുംപ്രായംകുറഞ്ഞ, വെള്ളക്കാരനല്ലാത്ത ആദ്യപ്രധാനമന്ത്രിയാണെന്ന ഖ്യാതിയുണ്ടദ്ദേഹത്തിന്. 2019-ലെ പൊതുതിരഞ്ഞെടുപ്പില്‍ 365 സീറ്റ് കണ്‍സര്‍വേറ്റീവുകള്‍ നേടിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button