മുംബൈ: ട്വന്റി20 ലോകകപ്പില്‍ ഋഷഭ് പന്ത് തന്നെ ഇന്ത്യയുടെ വിക്കറ്റ് കീപ്പറാകണമെന്ന് മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗാവസ്‌കര്‍. വിക്കറ്റ ്കീപ്പറുടെ റോളില്‍ സഞ്ജു സാംസണെക്കാളും മിടുക്കന്‍ ഋഷഭ് പന്ത് ആണെന്ന് ഒരു സ്‌പോര്‍ട്‌സ് മാധ്യമത്തോട് സുനില്‍ ഗാവസ്‌കര്‍ വ്യക്തമാക്കി. ”വിക്കറ്റ് കീപ്പിങ്ങിലെ മികവു നോക്കുകയാണെങ്കിലും സഞ്ജു സാംസണെക്കാള്‍ മികച്ച താരം ഋഷഭ് പന്താണ്. നമ്മള്‍ ബാറ്റിങ്ങിനെക്കുറിച്ചല്ല ഇവിടെ സംസാരിക്കുന്നത്. പക്ഷേ താരത്തെ പരിഗണിക്കുമ്പോള്‍ ബാറ്റിങ് മികവുകൂടി നോക്കേണ്ടിവരും.”- ഗാവസ്‌കര്‍ ഒരു സ്‌പോര്‍ട്‌സ് മാധ്യമത്തോടു പ്രതികരിച്ചു.
”കഴിഞ്ഞ കുറച്ചു മത്സരങ്ങളായി ഋഷഭ് പന്ത് നന്നായി ബാറ്റു ചെയ്യുന്നുണ്ട്. സഞ്ജു സാംസണ്‍ അങ്ങനെയല്ല.”- സുനില്‍ ഗാവസ്‌കര്‍ വ്യക്തമാക്കി. ട്വന്റി20 ലോകകപ്പിനു മുന്‍പ് ഇന്ത്യ കളിച്ച ഏക സന്നാഹ മത്സരത്തില്‍ തിളങ്ങാന്‍ സഞ്ജു സാംസണിനു കഴിഞ്ഞിരുന്നില്ല. രോഹിത് ശര്‍മയ്‌ക്കൊപ്പം ഓപ്പണറായി ഇറങ്ങിയ സഞ്ജു ആറു പന്തുകളില്‍നിന്ന് ഒരു റണ്‍സ് മാത്രമെടുത്തു പുറത്തായിരുന്നു. അതേസമയം ഋഷഭ് പന്ത് അര്‍ധ സെഞ്ചറി തികച്ചു.
32 പന്തുകള്‍ നേരിട്ട ഋഷഭ് പന്ത് 53 റണ്‍സാണു നേടിയത്. അര്‍ധ സെഞ്ചറിക്കു പിന്നാലെ ‘റിട്ടയേഡ് ഹര്‍ട്ടായി’ താരം മടങ്ങുകയായിരുന്നു. മൂന്നാം നമ്പരില്‍ ബാറ്റിങ്ങിന് ഇറങ്ങിയ പന്ത് നാലു വീതും സിക്‌സുകളും ഫോറുകളുമാണു ബൗണ്ടറി കടത്തിയത്. ഹാര്‍ദിക് പാണ്ഡ്യ (23 പന്തില്‍ 40), സൂര്യകുമാര്‍ യാദവ് (18 പന്തില്‍ 31) എന്നിവരും ബാറ്റിങ്ങില്‍ തിളങ്ങി.
മത്സരത്തില്‍ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സാണു നേടിയത്. മറുപടി ബാറ്റിങ്ങില്‍ വെസ്റ്റിന്‍ഡീസിന് ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 122 റണ്‍സെടുക്കാന്‍ മാത്രമാണു സാധിച്ചത്. ഇന്ത്യയ്ക്ക് 60 റണ്‍സിന്റെ വിജയം. ജൂണ്‍ അഞ്ചിന് അയര്‍ലന്‍ഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ ലോകകപ്പ് പോരാട്ടം.