CrimeFeaturedHome-bannerKerala

റിജിത്ത് വധക്കേസ്;ആർഎസ്എസ് – ബിജെപി പ്രവർത്തകരായ എല്ലാ പ്രതികൾക്കും ജീവപര്യന്തം, ശിക്ഷാവിധി 19 വർഷത്തിനുശേഷം

കണ്ണൂര്‍: കണ്ണപുരം ചുണ്ടയില്‍ സി.പി.എം പ്രവര്‍ത്തകന്‍ റിജിത്തിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ മുഴുവന്‍ പ്രതികള്‍ക്കും ജീവപര്യന്തം. തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതി-3 ആണ് വിധി പ്രസ്താവിച്ചത്. കേസില്‍ ഒമ്പത് ബി.ജെ.പി.-ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. ആകെ 10 പ്രതികളാണ് കേസില്‍ ഉള്‍പ്പെട്ടിരുന്നത്. ഇതില്‍ ഒരാള്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു.

ചുണ്ടയിലും പരിസരത്തുമുള്ള ആര്‍.എസ്.എസ്.-ബി.ജെ.പി. പ്രവര്‍ത്തകരായ ഹൈവേ അനില്‍, പുതിയപുരയില്‍ അജീന്ദ്രന്‍, തെക്കേവീട്ടില്‍ ഭാസ്‌കരന്‍, ശ്രീജിത്ത്, ശ്രീകാന്ത്, രാജേഷ്, അജേഷ്, ജയേഷ്, രഞ്ജിത്ത് എന്നിവരാണ് പ്രതികള്‍. മൂന്നാംപ്രതി അജേഷ് സംഭവശേഷം വാഹനാപകടത്തില്‍ മരിച്ചു. കേസുമായി ബന്ധപ്പെട്ട 28 സാക്ഷികളെ കോടതി വിസ്തരിച്ചു. 59 രേഖകളും 50 തൊണ്ടിമുതലും പ്രോസിക്യൂഷന്‍ കോടതിക്ക് മുന്നില്‍ ഹാജരാക്കി.

പ്രതികൾക്ക് വധശിക്ഷയാണ് പ്രതീക്ഷിച്ചതെന്നും ഈ വിധിയിൽ ആശ്വാസമുണ്ടെന്നും റിജിത്തിന്റെ അമ്മ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഒരു രാഷ്ട്രീയ പാർട്ടിയും കൊലക്കത്തി എടുക്കരുതെന്നും ഈ വിധി മറ്റുള്ളവർക്ക് പാഠമാണെന്നും അമ്മ വ്യക്തമാക്കി.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ കൊലപാതകം (302), വധശ്രമം (307), അന്യായമായി സംഘംചേരൽ (143), സംഘം ചേർന്ന്‌ ലഹളയുണ്ടാക്കൽ (147), തടഞ്ഞുവയ്‌ക്കൽ (341), ആയുധം ഉപയോഗിച്ച്‌ പരിക്കേൽപ്പിക്കൽ (324) വകുപ്പുകൾ പ്രകാരം പ്രതികൾ കുറ്റം ചെയ്‌തതായി കോടതി കണ്ടെത്തി.

2005 ഒക്ടോബര്‍ മൂന്നിന് ആയിരുന്നു കേസിനാസ്പദമായ സംഭവം. രാത്രി ഒമ്പതിന് സുഹൃത്തുക്കളായ നികേഷ്, വിമല്‍, വികാസ്, സജീവന്‍ എന്നിവര്‍ക്കൊപ്പം വീട്ടിലേക്ക് നടന്നുപോകുമ്പോഴാണ് സംഭവം. ചുണ്ട തച്ചങ്കണ്ടിയാലിനടുത്ത പഞ്ചായത്ത് കിണറിന് സമീപംവെച്ച് പത്തംഗ സംഘം ആക്രമിക്കുകയായിരുന്നു. സമീപത്തെ ക്ഷേത്രത്തില്‍ ശാഖ തുടങ്ങുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

ആക്രമണത്തില്‍ റിജിത്ത് കൊല്ലപ്പെടുകയും മൂന്ന് സി.പി.എം. പ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വടിവാള്‍കൊണ്ട് വിമലിനെ വെട്ടുന്നത് കണ്ടപ്പോള്‍ തടയാന്‍ചെന്നതായിരുന്നു റിജിത്ത്. ഗുരുതരമായി പരിക്കേറ്റ റിജിത്ത് സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker