കോട്ടയം: അമൃത് ഭാരത് നവീകരണ പ്രവർത്തനങ്ങൾ വിലയിരുത്താൻ ദക്ഷിണ റെയിൽവേ ജനറൽ ആർ.എൻ സിങ്ഹ് ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷൻ സന്ദർശിച്ചു. പദ്ധതിയുടെ ഭാഗമായുള്ള ആദ്യ ഘട്ടപ്രവർത്തനങ്ങൾ ജനുവരിയിൽ പൂർത്തിയാക്കുമെന്ന് റെയിൽവേ നേരത്തെ പ്രഖ്യാപിച്ചിരുന്നു. സ്റ്റേഷനും പരിസരവും ഡിവിഷനിലെ ഉദ്യോഗസ്ഥർക്കൊപ്പം സഞ്ചരിച്ച് അദ്ദേഹം പ്രവർത്തനങ്ങളെ വിലയിരുത്തി.
പദ്ധതിയുടെ പൂർത്തീകരണത്തിൽ ലിഫ്റ്റ് / യന്ത്ര ഗോവേണി സംവിധാനം കൂടി ഉൾപ്പെടുത്തണമെന്ന് യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്‌സ് ഓൺ റെയിൽസ് ആവശ്യപ്പെട്ടു. അംഗ പരിമിതരും വായോധികരും ട്രെയിൻ നിർത്തുന്ന പ്ലാറ്റ് ഫോമുകളിൽ എത്തിച്ചേരുന്നതിന് നിലവിലെ സാഹചര്യങ്ങൾ അനുകൂലമല്ല. വീൽ ചെയറുകളിൽ സ്റ്റേഷനിൽ എത്തുന്നവർ വളരെയേറെ ബുദ്ധിമുട്ട് അനുഭവിക്കുന്നെണ്ടെന്നും അംഗപരിമിതർക്ക് സൗഹൃദപരമായ അന്തരീക്ഷം സ്റ്റേഷനിലൊരുക്കണമെന്നും അസോസിയേഷനെ പ്രതിനിധീകരിച്ച് ജിജു എസ് നൽകിയ നിവേദനത്തിൽ ചൂണ്ടിക്കാണിച്ചു.
തിരുവനന്തപുരം ഭാഗത്തേയ്ക്ക് യാത്ര ചെയ്യുന്നതിന് നിലവിൽ രാവിലെ ഏറ്റുമാനൂരിൽ നിന്ന് ട്രെയിനുകളില്ലെന്നും വഞ്ചിനാട്, മലബാർ എക്സ്പ്രസ്സ് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനിവാര്യമാണെന്നും യാത്രക്കാർ ആവശ്യപ്പെട്ടു. ഓവർ ബ്രിഡ്ജിൽ നിന്ന് അപ്രോച്ച് റോഡിലേയ്ക്കുള്ള പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ സ്റ്റേഷനിലേയ്ക്ക് ഒറ്റ എൻട്രൻസ് എന്നതാണ് റെയിൽവേ നയമെന്നും നിയന്ത്രണങ്ങളോടെ ഡിവിഷന് അനിവാര്യമായ മാറ്റങ്ങൾ സാധ്യമാണെന്നും അദ്ദേഹം അറിയിച്ചു