KeralaNews

കല്ലിടാന്‍ റവന്യൂ വകുപ്പ് പറഞ്ഞിട്ടില്ല; കെ റെയില്‍ വാദം തള്ളി മന്ത്രി കെ രാജന്‍

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിക്കായി അതിരടയാള കല്ലുകള്‍ സ്ഥാപിക്കാന്‍ റവന്യൂ വകുപ്പു നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് മന്ത്രി കെ രാജന്‍. ഇതു സംബന്ധിച്ച് കെ റെയില്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുവന്ന വാര്‍ത്തയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കല്ലിടാന്‍ നിര്‍ദേശിച്ചത് റവന്യൂ വകുപ്പാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ മറുപടി നല്‍കും. ഉദ്യോഗസ്ഥര്‍ ഉത്തരവാദിത്വമില്ലാതെ എന്തെങ്കിലും പറയരുത്. ഒരോ പദ്ധതിക്കും ഭൂമി ഏറ്റെടുക്കാന്‍ നിര്‍ദേശിക്കുന്നത് അതത് ഏജന്‍സികളാണ്. ഭൂമി ഏറ്റെടുത്തു നല്കുകയാണ് റവന്യൂ വകുപ്പിന്റെ ഉത്തരവാദിത്വം. ഇപ്പോള്‍ നടക്കുന്നത് സാമൂഹിക ആഘാത പഠനത്തിനായുള്ള കല്ലിടലാണ്. ആഘാത പഠനത്തിന്റെ ഫലം എതിരായാല്‍ കല്ലു മാറ്റും. ഭൂമിയില്‍ എന്തു പഠനം നടത്തണമെങ്കിലും അതിരടയാളം വേണമെന്ന് റവന്യൂ മന്ത്രി പറഞ്ഞു.

സാമൂഹിക ആഘാത പഠനം നടത്താന്‍ തീരുമാനിച്ചെങ്കിലും കല്ലിടാന്‍ നിര്‍ദേശിച്ചിട്ടില്ലെന്നാണ് കെ റെയില്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുകൊണ്ടുള്ള വാര്‍ത്തയില്‍ പറയുന്നത്. കേരള സര്‍വേ അതിര്‍ത്തി നിയമം അനുസരിച്ചു അതിര്‍ത്തി നിര്‍ണയിക്കുന്നതു റവന്യു വകുപ്പായതിനാല്‍ കല്ലിടാനുള്ള തീരുമാനമെടുത്തതും അവരാകാം എന്നാണു വിശദീകരണം. അതിര്‍ത്തി നിര്‍ണയിക്കാന്‍ എന്തു മാര്‍ഗം സ്വീകരിക്കണമെന്നു ചര്‍ച്ച ചെയ്യുകയോ നിര്‍ദേശിക്കുകയോ ചെയ്തിട്ടില്ലെന്നും കെറെയില്‍ അധികൃതര്‍ പറഞ്ഞു.

അതേസമയം കോട്ടയം നട്ടാശേരിയില്‍ കെറെയില്‍ സര്‍വെ പുനഃരാരംഭിച്ചു. കനത്ത പോലീസ് സുരക്ഷയില്‍ മൂന്ന് സ്ഥലങ്ങളില്‍ അതിരടയാള കല്ല് സ്ഥാപിച്ചു. ഇവിടെ പ്രതിഷേധവുമായി നാട്ടുകാരും ജനപ്രതിനിധികളും തടിച്ച് കൂടിയിട്ടുണ്ട്. തഹസീല്‍ദാരെ നാട്ടുകാര്‍ തടഞ്ഞുവച്ചിരിക്കുകയാണ്. ഇന്ന് രാവിലെ അപ്രതീക്ഷിതമായാണ് പോലീസ് സന്നാഹത്തോടെ കെറെയില്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയത്.

ഈ സമയം ചുരുക്കം ചില പ്രതിഷേധക്കാര്‍ മാത്രമെ സ്ഥലത്തുണ്ടായിരുന്നുള്ളു. അതുകൊണ്ടാണ് ഇവര്‍ക്ക് മൂന്ന് കല്ലുകള്‍ സ്ഥാപിക്കാനായത്. മറ്റ് സ്ഥലങ്ങളിലും കല്ല് സ്ഥാപിക്കാനാണ് ഉദ്യോഗസ്ഥരുടെ ശ്രമം. അതേസമയം, ഇവിടേയ്ക്ക് ജനക്കൂട്ടം എത്തിക്കൊണ്ടിരിക്കുകയാണ്. നാട്ടിയ കല്ലുകള്‍ പിഴുതെറിയുമെന്നും മറ്റ് സ്ഥലങ്ങളില്‍ കല്ല് സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്നുമാണ് ഇവരുടെ നിലപാട്. സ്ഥലത്ത് ജില്ലയിലെ പ്രധാനപ്പെട്ട യുഡിഎഫ് നേതാക്കള്‍ ഉടന്‍ എത്തുമെന്നാണ് സൂചന.

കഴിഞ്ഞ ദിവസം നട്ടാശേരിയില്‍ അതിരടയാള കല്ല് സ്ഥാപിക്കാന്‍ വന്ന ഉദ്യോഗസ്ഥരെ പ്രതിഷേധക്കാര്‍ തടഞ്ഞ സാഹചര്യത്തില്‍ സ്ഥലത്ത് സംഘര്‍ഷമുണ്ടായിരുന്നു. സമരക്കാര്‍ കല്ല് പിഴുതെടുത്തു. പ്രതിഷേധത്തില്‍ പങ്കെടുത്ത 175 പേര്‍ക്കെതിരെ പോലീസ് കേസുമെടുത്തു. ഇന്നു രാവിലെ അപ്രതീക്ഷിതമായി വന്‍ പോലീസ് സന്നാഹത്തോടൊപ്പം കെയില്‍ ഉദ്യോഗസ്ഥര്‍ എത്തുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button