ആലപ്പുഴ: എ അലക്സാണ്ടര്‍ ഐഎഎസ് ആലപ്പുഴ ജില്ലാ കളക്ടര്‍ സ്ഥാനത്തു നിന്നും പടിയിറങ്ങുമ്പോള്‍ പകരം ചുമതലയേല്‍ക്കാന്‍ ഡോ. രേണു രാജ് ഐഎഎസ് എത്തും. ആലപ്പുഴ ജില്ലാ കളക്ടര്‍ ആയി രേണു രാജിനെ നിയമിച്ച് ഉത്തരവായി. നഗരകാര്യ ഡയറക്ടര്‍ സ്ഥാനത്തു നിന്നാണ് ഡോ. രേണു രാജ് കളക്ടര്‍ സ്ഥാനത്തേക്കെത്തുന്നത്. ഈ മാസം 28നാണ് എ അലക്സാണ്ടര്‍ വിരമിക്കുന്നത്.
കെ എസ് ആര്‍ ടി സി ബസ് ജീവനക്കാരന്‍ (റിട്ടയേഡ് ഡി.റ്റി.ഒ) രാജകുമാരന്‍ നായരുടെയും വി എം ലതയുടെയും മകളായി കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിയില്‍ മലകുന്നം ശ്രീശൈലത്തില്‍ ജനിച്ച രേണു വാഴപ്പിള്ളി സെന്റ് തെരേസാസ് ഹൈസ്‌കൂളില്‍ നിന്നും പത്താം റാങ്കോടെ പത്താം തരം പരീക്ഷ പാസായി. കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്നാണ് എം.ബി.ബി.എസ്. പാസായത്. തുടര്‍ന്ന് കല്ലുവാതുക്കല്‍ ഇ.എസ്.ഐ. ആശുപത്രിയില്‍ പ്രവര്‍ത്തിച്ചു. അതിനിടയില്‍ 27ആം വയസ്സില്‍ ആദ്യ ചാന്‍സില്‍ തന്നെ ഐ.എ.എസ് പരീക്ഷ രണ്ടാം റാങ്കോടെ പാസായി. തൃശ്ശൂര്‍ സബ് കളക്ടറായിട്ടായിരുന്നു ആദ്യ നിയമനം. ഇവരുടെ സഹോദരിയും ഒരു ഡോക്ടറാണ്.
മൂന്നാറില്‍ സബ് കളക്റ്റര്‍ ആയ രേണു മുതിരപ്പുഴയാറിന്റെ തീരത്ത് അനധികൃതമായി നിര്‍മ്മിക്കുന്ന കെട്ടിടത്തിനു സ്റ്റോപ് മെമ്മോ കൊടുത്തു. നേരിട്ടെത്തി പരിശോധിക്കുന്നതിനിടയില്‍ ദേവീകുളം എം.എല്‍.എ. രാജേന്ദ്രന്‍ സ്ഥലത്തെത്തുകയും കളക്ടറോട് കയര്‍ക്കുകയും അവരെ അവഹേളിക്കുകയും ചെയ്തു. അദ്ദേഹം രേണുവിനെക്കുറിച്ച് നടത്തിയ മോശമായ പരാമര്‍ശങ്ങള്‍ സമൂഹത്തിന്റെ വിമര്‍ശനത്തിനു കാരണമായി. അതിന്റെ പേരില്‍ അദ്ദേഹം പിന്നീട് ഖേദം പ്രകടിപ്പിച്ചിരുന്നു.
വനിതാ- ശിശു വികസന വകുപ്പ്, ലോട്ടറീസ് വകുപ്പ്, ജെന്‍ഡര്‍ പാര്‍ക്ക് എന്നിവയുടെ ഡയറക്ടര്‍ ആയി ചുമതലയേറ്റിരുന്ന അദീല അബ്ദുള്ളയെ ഫിഷറീസ് ഡയറക്ടറായി നിയമിച്ചു. നിലവിലെ ഫിഷറീസ് ഡയറക്ടര്‍ ആര്‍ ഗിരിജ ഐഎഎസ് വിരമിക്കുന്ന ഒഴിവിലേക്കാണ് അദീല അബ്ദുള്ളയെ നിയമിച്ചത്.
മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണ പ്ലാനിങ് ആന്‍ഡ് ഇക്കണോമിക് അഫയേഴ്‌സ് അഡീഷണല്‍ ചീഫ് സെക്രട്ടറി സ്ഥാനത്തു നിന്നും വിരമിക്കുന്നതിനാല്‍ തല്‍സ്ഥാനത്തിന്റെ ചുമതല മറ്റൊരു ഉത്തരവുണ്ടാകുന്നത് വരെ അതാത് വിഭാഗങ്ങളുടെ തലവന്‍മാര്‍ക്കാകുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
തൃശ്ശൂര്‍ ജില്ലാ വികസന കമ്മീഷണറായ അരുണ്‍ കെ വിജയനെ നഗരകാര്യ ഡയറക്റായും സര്‍ക്കാര്‍ നിയമിച്ചു. നിലവിലെ ഡയറക്ടര്‍ ഡോ. രേണു രാജ് ആലപ്പുഴ കളക്ടറായതോടെയാണ് അരുണിനെ നഗരകാര്യ ഡയറക്ടറായി നിയമിച്ചത്.