KeralaNews

കാവ്യയും പൾസർ സുനിയും തമ്മിലുള്ള പരിചയത്തിന് സാക്ഷി; മൊഴി നല്‍കിയശേഷം സംഭവിച്ചത്, രഞ്ജു രഞ്ജിമാറിന്റെ വെളിപ്പെടുത്തല്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ സാക്ഷിയായിരുന്നു സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റായ രഞ്ജു രഞ്ജിമാർ. കേസിൽ നടിയെ പിന്തുണച്ചതിന്റെ പേരിൽ താൻ സിനിമ മേഖലയിൽ നിന്നും മാറ്റി നിർത്തപ്പെട്ടിട്ടുണ്ടെന്ന് പറയുകയാണ് ഇപ്പോൾ അവർ. നടിയെ പിന്തുണച്ചിരുന്ന താരങ്ങൾ പോലും തന്നെ പിന്തുണച്ചില്ലെന്ന് രഞ്ജു രഞ്ജിമാർ പറയുന്നു. കാൻ മീഡിയ ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം. രഞ്ജി രഞ്ജിമാറിന്റെ വാക്കുകളിലേക്ക്

‘അഭിപ്രായങ്ങൾ വെട്ടിത്തുറന്ന് പറയുന്നയാളാണ് ഞാൻ. അങ്ങനെ അഭിപ്രായങ്ങൾ പറഞ്ഞതിന്റെ പേരിൽ സിനിമ മേഖലയിൽ നിന്നും ഞാൻ മാറ്റി നിർത്തപ്പെട്ടിട്ടുണ്ട്. കുറെ സിനിമ താരങ്ങൾ എന്നെ വർക്കിന് വിളിക്കാതിരുന്നിട്ടുണ്ട്. വിലപിടിപ്പുള്ള മേക്കപ്പുകൾ വിദേശ രാജ്യങ്ങളിൽ നിന്നടക്കം വാങ്ങുന്നൊരാളാണ് ഞാൻ. അവയൊക്കെ സെലിബ്രിറ്റികൾ, ബ്രൈഡൽ എന്നൊക്കെ തരംതിരിച്ച് വെച്ചിരിക്കുകയായിരുന്നു. അവയിൽ എല്ലാം ഉപയോഗിച്ചപ്പോഴും ഏറ്റവും വിലപിടിപ്പുള്ള സെലിബ്രിറ്റികൾക്ക് വേണ്ടിയുള്ള മേക്കപ്പ് സെറ്റ് മാത്രം ഉപയോഗിക്കാൻ കഴിയാതെ ഞാൻ നിന്നു. ഏറെ സങ്കടപ്പെട്ടു.

എനിക്ക് തോന്നുന്നു നടി ആക്രമിക്കപ്പെട്ട കേസിൽ ഞാൻ പ്രതികരിച്ചത് കൊണ്ടാകാം എന്നെ മാറ്റി നിർത്തിയത്. ഇരയായ നടിയെ പിന്തുണച്ചവർ പോലും എന്നെ പിന്തുണക്കാൻ തയ്യാറായില്ല. ഞാൻ ആ നടിക്ക് വേണ്ടിയല്ലേ സംസാരിച്ചത് പിന്നെ ആ ഗ്രൂപ്പ് ഓഫ് ടീം എന്നെ എന്തിന് ഒഴിവാക്കിയെന്ന തോന്നൽ എനിക്കുണ്ടായി. ചിലപ്പോൾ ഈ സിനിമ താരങ്ങൾ അവളെ ജെനുവിനായിട്ടായിരിക്കില്ല പിന്തുണച്ചത്.

എന്റെ കണ്ണിൽ കണ്ട കാര്യമാണ് ഞാൻ പറഞ്ഞത്. അല്ലാതെ ഇത്രയും വലിയ കഥ രചിക്കാനൊന്നും എനിക്ക് അറിയില്ല.നടി ആക്രമിക്കപ്പെട്ട ദിവസം ഞാനും മറ്റൊരു നടിയും ഇരയായ താരവും നമ്മുടെ സുഹൃത്തായ വേറൊരു നടിയുടെ വീട്ടിൽ വെച്ച് ഒരുമിച്ച് കാണാം ഭക്ഷണം കഴിക്കാം എന്ന് പറഞ്ഞിരുന്നു. എന്നാൽ എനിക്ക് മൈഗ്രെയ്ൻ ആയോണ്ട് ഞാൻ നേരേ വീട്ടിലേക്ക് വന്നു. അവൾ ആക്രമിക്കപ്പെടുന്ന സമയത്ത് എതിർ ദിശയിൽ എന്റെ വാഹനം പോകുന്നുണ്ടായിരുന്നു. നിനക്ക് എന്നെയൊന്ന് വിളിക്കാമായിരുന്നില്ലേയെന്ന് ഞാൻ ചോദിച്ചു. ശരിക്കും ആ സംഭവങ്ങൾ മാനസികമായി എന്നെ തളർത്തി.പിറ്റേ ദിവസം മറ്റൊരു നടിയാണ് ഇത്തരത്തിൽ നടി ആക്രിക്കപ്പെട്ട സംഭവം എന്നോട് പറയുന്നത്. ശരിക്കും ഞാൻ ഷോക്കായി.

എൻറെ ബോധ്യം ഞാൻ കോടതിയിൽ പറഞ്ഞിട്ടുണ്ട്. അറിയാവുന്ന കാര്യങ്ങളെല്ലാം വ്യക്തമായി പറഞ്ഞിട്ടുണ്ട്‌. ഈ അഭിമുഖത്തിന് ശേഷം എനിക്ക് വധഭീഷണി വന്നേക്കാം. എനിക്ക് പല തരത്തിലുള്ള വധഭീഷണികളും പലപ്പോഴും ഉണ്ടായിട്ടുണ്ട്. തട്ടിക്കളയും കൈവെട്ടി കളയും കണ്ണ് കുത്തിപൊട്ടിക്കുമെന്നൊക്കെ പറഞ്ഞാണ് ഭീഷണകൾ ഉണ്ടാകാറുള്ളത്. അത്തരം ഭീഷണി സന്ദേശം വരുമ്പോൾ ഞാൻ അവർക്ക് എന്റെ മേൽവിലാസം പറഞ്ഞുകൊടുക്കും. നിങ്ങൾ എന്റെ വീട്ടിലേക്ക് വരൂവെന്ന് പറയും.

ആ മാറ്റി നിർത്തലുകൾ നേരിട്ട സമയത്ത് എന്നെ ചേർത്ത് നിർത്തിയത് മംമ്തയാണ്. ഫ്രീയാണോ നമ്മുക്കൊരു പുതിയ സിനിമ ഉണ്ടെന്ന് പറഞ്ഞു. അത് എനിക്ക് കിട്ടിയൊരു കച്ചിത്തുരുമ്പായിരുന്നു. അതിൽ ഞാൻ മുറുകെ പിടിക്കുകയായിരുന്നു. എന്റെ സമയം അനുസരിച്ചായിരുന്നു ആ സിനിമയുടെ ക്ലൈമാക്സ് തന്നെ തീരുമാനിച്ചിരുന്നത്’, രഞ്ജി രഞ്ജിമാർ പറഞ്ഞു.

2017 ഫെബ്രുവരി 17നായിരുന്നു ഒരു സിനിമയുമായി ബന്ധപ്പെട്ട് കൊച്ചിയിലേക്കു വരികയായിരുന്ന നടി ആക്രമിക്കപ്പെട്ടത്. ഓടുന്ന വാഹനത്തിൽ വെച്ച് പൾസർ സുനിയാണ് നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയത്. കേസിൽ ദിലീപ് ഉൾപ്പെടെ 12 പ്രതികളാണ് ഉള്ളത്. കേസിന്റെ അനുബന്ധ കുറ്റപത്രത്തിലാണ് രഞ്ജു രഞ്ജിമാറിനെ സാക്ഷിയായി ഉൾപ്പെടുത്തിയത്. നടി കാവ്യ മാധവനും പൾസർ സുനിയും തമ്മിലുള്ള പരിചയത്തിന് രഞ്ജു സാക്ഷിയാണെന്നാണ് ക്രൈംബ്രാഞ്ച് കുറ്റപത്രത്തിൽ പറയുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker