
അഹമ്മദാബാദ്: രഞ്ജി ട്രോഫി ക്രിക്കറ്റ് സെമി ഫൈനലില്‍ ഗുജറാത്തിനെതിരേ കേരളം ശക്തമായ നിലയില്‍. രണ്ടാം ദിനം കളി അവസാനിപ്പിച്ചപ്പോള്‍ ഏഴുവിക്കറ്റ് നഷ്ടത്തില്‍ 418 റണ്‍സെന്ന നിലയിലാണ് സന്ദര്‍ശകര്‍. മുഹമ്മദ് അസ്ഹറുദ്ദീന്റെ സെഞ്ചുറിത്തിളക്കമുള്ള ഇന്നിങ്സും ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുടെയും സല്‍മാന്‍ നിസാറിന്റെയും അര്‍ധസെഞ്ചുറികളുമാണ് കേരള സ്‌കോര്‍ 400 കടത്തിയത്. 149 റണ്‍സോടെ അസ്ഹറുദ്ദീന്‍ പുറത്താകാതെ നില്‍ക്കുകയാണ്. ആദിത്യ സര്‍വാതെ(10*) യാണ് അസ്ഹറിനൊപ്പം ക്രീസിലുള്ളത്.
അഹമ്മദാബാദ്, നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ടോസ് ബാറ്റിംഗ് തിരഞ്ഞെടുത്ത കേരളം രണ്ടാം ദിനത്തിലും പ്രതിരോധിച്ച് മുന്നേറുന്നതാണ് കണ്ടത്. കേരളത്തിനായി അസറിന് പുറമെ ക്യാപ്റ്റന്‍ സച്ചിന്‍ ബേബി (69), സല്‍മാന്‍ നിസാര്‍ (52) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ഗുജറാത്തിന് വേണ്ടി അര്‍സാന്‍ നാഗ്വസ്വാല മൂന്ന് വിക്കറ്റ് വീഴ്ത്തി. ഒന്നാം ഇന്നിംഗ്സില്‍ വലിയ സ്‌കോര്‍ നേടി, ഗുജറാത്തിനെ പ്രതിരോധത്തിലാക്കാനായിരിക്കും കേരളത്തിന്റെ ശ്രമം. ആദ്യ ഇന്നിംഗ്സില്‍ ലീഡ് നേടുന്നവര്‍ക്ക് മത്സരം സമനിലയില്‍ അവസാനിച്ചാലും ഫൈനലിലെത്താം.
നാലിന് 206 എന്ന നിലയിലാണ് കേരളം രണ്ടാം ദിനം ബാറ്റിംഗിനെത്തുന്നത്. എന്നാല്‍ കേരളത്തെ തുടക്കത്തില്‍ തന്നെ ഞെട്ടിച്ചാണ് ഗുജറാത്ത് തുടങ്ങിയത്. തലേന്നത്തെ സ്‌കോറിനോട് ഒരു റണ്‍ പോലും കൂട്ടിച്ചേര്‍ക്കാനാനാകാതെ സച്ചിന്‍ ബേബി മടങ്ങി. നാഗ്വസ്വാലയുടെ പന്തില്‍ ആര്യ ദേശായിക്ക് ക്യാച്ച്. 206 – 5 എന്ന നിലയില്‍ പതറിയ കേരളത്തെ പിന്നീട് ചുമലിലേറ്റിയ അസറുദ്ദീന്‍-സല്‍മാന്‍ നിസാര്‍ സഖ്യമായിരുന്നു.
ഇരുവരും കരുതലോടെ കളിച്ച് കൂടുതല്‍ നഷ്ടങ്ങളില്ലാതെ 300 കടത്തുകയായിരുന്നു. ടീം ടോട്ടല്‍ 350 കടന്നശേഷമാണ് സല്‍മാന്‍ നിസാര്‍ മടങ്ങിയത്. ഇരുവരും 149 റണ്‍സ് കൂട്ടിചേര്‍ത്തു. 202 പന്തില്‍ നാലു ഫോറും ഒരു സിക്സും പറത്തി 52 റണ്‍സെടുത്ത സല്‍മാന്‍ നിസാറിനെ വൈശാല്‍ ജയ്സ്വാള്‍ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. സെമിയില്‍ കേരളത്തിനായി സെഞ്ചുറി നേടുന്ന ആദ്യ താരമാണ് അസ്ഹര്‍. പിന്നാലെയെത്തിയ അഹമ്മദ് ഇമ്രാന്‍ 24 എടുത്ത് പുറത്തായി.
ആദ്യ ഇന്നിങ്സ് ലീഡ് പ്രതീക്ഷിച്ച് ബാറ്റുചെയ്യുന്ന കേരളത്തിന് രണ്ടാംദിനത്തില്‍ മൂന്നാം സെഷനിലെത്തിനില്‍ക്കുമ്പോള്‍ മൂന്ന് വിക്കറ്റുകളാണ് നഷ്ടമായത്. രണ്ടാംദിനം നേരിട്ട രണ്ടാംപന്തില്‍ത്തന്നെ സച്ചിന്‍ മടങ്ങിയിരുന്നു. അര്‍സാന്‍ നഗ്വാസ്വല്ലയെറിഞ്ഞ ഓവറില്‍ ആര്യന്‍ ദേശായിക്ക് ക്യാച്ച് നല്‍കിയാണ് മടക്കം. 195 പന്തില്‍ എട്ട് ഫോര്‍ സഹിതം 69 റണ്‍സാണ് സച്ചിന്റെ സമ്പാദ്യം. തലേന്നത്തെ സ്‌കോറിനോട് ഒന്നും ചേര്‍ത്തിരുന്നില്ല.
നാലുവിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സ് എന്ന നിലയില്‍ കഴിഞ്ഞ ദിവസം സ്റ്റമ്പെടുത്തിരുന്നു. ഓപ്പണര്‍മാരായ അക്ഷയ് ചന്ദ്രനും (71 പന്തില്‍ 30) രോഹന്‍ കുന്നുമ്മലും (68 പന്തില്‍ 30) അരങ്ങേറ്റ താരം വരുണ്‍ നായനാരും (55 പന്തില്‍ 10) ജലജ് സക്സേനയും 30 ആണ് നേരത്തേ പുറത്തായത്. കരുതലോടെയായിരുന്നു കേരളത്തിന്റെ തുടക്കം.
ഗുജറാത്തിലെ അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് സെമി മത്സരം. രഞ്ജിയില്‍ കേരളത്തിന്റെ രണ്ടാമത്തെ സെമി ഫൈനലാണിത്. 2018-19 സീസണിലെ സെമിയില്‍ വിദര്‍ഭയോട് തോറ്റു. 2016-17 സീസണില്‍ ചാമ്പ്യന്‍മാരായ ഗുജറാത്ത് 2019-20 സീസണിലാണ് അവസാനമായി സെമിയിലെത്തിയത്. ഈ സീസണില്‍ കേരളത്തിന്റെ പരിശീലകനായെത്തിയ അമേയ് ഖുറേസിയുടെ ആസൂത്രണമികവും പരിചയസമ്പന്നരായ ഒരുകൂട്ടം കളിക്കാരുടെ ഒത്തൊരുമയുമാണ് കേരളത്തിന്റെ മുന്നേറ്റത്തിനു പിന്നില്‍.
രണ്ടാമത്തെ സെമി പോരാട്ടത്തില്‍ വിദര്‍ഭയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 383 റണ്‍സിനെതിരെ ബാറ്റിംഗ് തുടരുന്ന മുംബൈ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സ് എന്ന നിലയിലാണ്. ഇന്ത്യയുടെ ട്വന്റി 20 ടീം നായകന്‍ സൂര്യകുമാര്‍ യാദവ് നിരാശപ്പെടുത്തി. സൂര്യക്ക് പുറമെ ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ (18), ശിവം ദുബെ (0) എന്നിവരും അതിവേഗം മടങ്ങിയതാണ് മുംബൈയ്ക്ക് തിരിച്ചടിയായത്. പാര്‍ത്ഥ് രെഖാതെയാണ് മൂവരേയും പുറത്താക്കിയത്.