ന്യൂഡല്‍ഹി: കടമെടുപ്പുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച സ്യൂട്ട് ഹര്‍ജിയില്‍ കേരളത്തിന് ആശ്വാസം. ഈ സാമ്പത്തികവര്‍ഷം അവസാനിക്കുന്ന മാര്‍ച്ച് 31-ന് മുന്‍പ് സംസ്ഥാനത്തിന് കടമെടുക്കാന്‍ അര്‍ഹതയുള്ളത് 13,608 കോടി രൂപയാണ്. ഈ തുക കടമെടുക്കാനുള്ള അനുമതി സംസ്ഥാന സര്‍ക്കാരിന് അടിയന്തരമായി നല്‍കണമെന്ന് കേന്ദ്രത്തോട് സുപ്രീം കോടതി നിര്‍ദേശിച്ചു.
സുപ്രീം കോടതിയില്‍ സംസ്ഥാനം നല്‍കിയിരിക്കുന്ന ഹര്‍ജി പിന്‍വലിച്ചാല്‍ മാത്രമേ ഈ തുക എടുക്കാന്‍ സംസ്ഥാനത്തിന് അധികാരം നല്‍കാന്‍ കഴിയൂ എന്നായിരുന്നു കേന്ദ്രനിലപാട്. എന്നാല്‍ ഇതിനെ സുപ്രീം കോടതി വിമര്‍ശിച്ചു. അധികതുക കടമെടുക്കുന്നത് സംബന്ധിച്ച് കേരളവും കേന്ദ്രവും ചര്‍ച്ച ചെയ്യാനും കോടതി നിര്‍ദേശിച്ചു.
കടമെടുപ്പിന് പരിധിനിശ്ചയിച്ചുകൊണ്ട് കേന്ദ്രം സാമ്പത്തികമായി ഞെരുക്കുന്നുവെന്നുകാട്ടിയാണ് കേരളം സ്യൂട്ട് ഹര്‍ജി നല്‍കിയത്.
മുന്‍പ് കേസ് പരിഗണിച്ച ദിവസങ്ങളില്‍ വിഷയം പരസ്പരം ചര്‍ച്ചചെയ്ത് രമ്യമായി പരിഹരിച്ചുകൂടേയെന്ന നിലപാടാണ് സുപ്രീംകോടതി ആവര്‍ത്തിച്ചത്. സാമ്പത്തികവിഷയത്തില്‍ സുപ്രീംകോടതി ഇടപെടുന്നതിലെ പരിമിതികളും ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു.
എല്ലാ സംസ്ഥാനങ്ങൾക്കും ഒരേ നിയമമേ പറ്റൂവെന്നും കേരളം തങ്ങളുടെ ആവശ്യം ഉന്നയിക്കുകയും ഇതു നടപ്പായില്ലെങ്കിൽ മറ്റൊന്നുമില്ല എന്ന നിലയിലാണ് നിലപാട് എടുക്കുന്നതെന്നും കേന്ദ്ര സർക്കാർ വാദത്തിനിടെ ആരോപിച്ചു. കേന്ദ്ര സർക്കാർ പണം നൽകണമെന്നതല്ല സംസ്ഥാനത്തിന്റെ ആവശ്യമെന്നു വാദത്തിനിടെ കേരളം വ്യക്തമാക്കി. കടമെടുക്കാൻ അനുമതി നൽകണം എന്നതാണ് ആവശ്യം. ഒരുകാലത്ത് 98 ശതമാനം വരെ കടമെടുപ്പിനായിരുന്നു കേന്ദ്രത്തെ ആശ്രയിച്ചത്. ഇപ്പോൾ 3 ശതമാനത്തിൽ താഴെ മാത്രമാണ് ആവശ്യമുന്നയിക്കുന്നത്. സ്വയംഭരണ സ്ഥാപനങ്ങളുടെ കടവും സംസ്ഥാനത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തുകയാണെന്നും കേരളം ചൂണ്ടിക്കാട്ടി. 12,000 കോടി രൂപ സമാഹരിക്കാൻ കേന്ദ്രം അനുവദിക്കുന്നില്ലെന്നും കേരളം വ്യക്തമാക്കി.
കേരളത്തെ മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുന്നതിൽ അർഥമില്ല. ഓരോ സംസ്ഥാനങ്ങളുടെയും ബജറ്റ് പരിഗണനകൾ വ്യത്യസ്തമാണ്. സംസ്ഥാനങ്ങളുടെ വരുമാനം കുറവാണ്. വരുമാനത്തേക്കാൾ കൂടുതൽ ചെലവുമുണ്ട്. സംസ്ഥാന ബജറ്റിനെ നിയന്ത്രിക്കാൻ കേന്ദ്രത്തിനു കഴിയില്ല. സംസ്ഥാനത്തിന്റെ ആവശ്യത്തിന് അനുസരിച്ചാണ് ബജറ്റ് അവതരിപ്പിക്കുന്നത്. അതിനുള്ള ഭരണഘടനാപരമായ അധികാരം സംസ്ഥാനത്തിനുണ്ടെന്നും കേരളം വാദിച്ചു.
കേരളത്തിലെ അടിയന്തര സാഹചര്യം എന്നു പരിഗണിക്കുമെന്ന് വ്യക്തമാക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടെങ്കിലും, ചർച്ചയ്ക്കു ശേഷം കോടതിയിൽ വിഷയം നേരിട്ടുന്നയിക്കാൻ ഇരുകക്ഷികൾക്കും ബെഞ്ച് അനുമതി നൽകി