കൊച്ചി: നടിയെ പീഡിപ്പിച്ച കേസില്‍ ഒളിവില്‍പോയ നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരേ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുമെന്ന് പോലീസ്. ചൊവ്വാഴ്ചയും ഹാജരായില്ലെങ്കില്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുമെന്നും എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച്. നാഗരാജു പറഞ്ഞു. ആവശ്യമെങ്കില്‍ പോലീസ് സംഘം ജോര്‍ജിയയിലേക്ക് പോകുന്നതും പരിഗണിക്കുന്നുണ്ട്.
നടിയെ പീഡിപ്പിച്ച കേസില്‍ വിജയ് ബാബു നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കുന്നുണ്ട്. ഏപ്രില്‍ 29-ന് നല്‍കിയ ഹര്‍ജിയില്‍ നേരത്തെ ഹൈക്കോടതി സര്‍ക്കാരിന്റെ നിലപാട് തേടിയിരുന്നു. തുടര്‍ന്ന് വേനലവധിക്ക് ശേഷം പരിഗണിക്കാന്‍ മാറ്റിവെയ്ക്കുകയായിരുന്നു. സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുകയെന്ന ലക്ഷ്യത്തോടെയാണ് യുവനടി താനുമായി ബന്ധം സ്ഥാപിച്ചതെന്നും ഇപ്പോള്‍ ലൈംഗിമായി പീഡിപ്പിച്ചെന്നു പരാതി നല്‍കി തന്നെ ബ്ലാക്ക് മെയില്‍ ചെയ്യുകയാണെന്നും വിജയ് ബാബു ഹര്‍ജിയില്‍ പറയുന്നു. തന്റെ പുതിയ ചിത്രത്തില്‍ അവസരമില്ലെന്നറിഞ്ഞാണ് യുവനടി പരാതി നല്‍കിയതെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്.
നടിയുടെ പരാതിയെത്തുടര്‍ന്ന് പോലീസ് കേസ് എടുത്തതോടെ വിജയ് ബാബു ദുബായിലേക്ക് കടന്നിരുന്നു. ഇതോടെ വിജയ് ബാബുവിനെ നാട്ടിലെത്തിക്കാനുള്ള നീക്കം പോലീസ് ശക്തമാക്കി. പോലീസ് ഇന്റര്‍പോളിന്റെ സഹായത്തോടെ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുകയും പാസ്പോര്‍ട്ട് റദ്ദാക്കുകയും ചെയ്തു. ഇതോടെ വിജയ് ബാബു ജോര്‍ജിയയിലേക്ക് കടന്നെന്നാണ് പോലീസ് പറയുന്നത്.
കുറ്റവാളികളെ കൈമാറാന്‍ ഇന്ത്യയുമായി കരാറില്ലാത്ത രാജ്യമാണ് ജോര്‍ജിയ. ജോര്‍ജിയയില്‍ ഇന്ത്യന്‍ എംബസിയില്ല. സമീപരാജ്യമായ അര്‍മേനിയയിലാണ് എംബസിയുള്ളത്. അവിടുത്തെ സ്ഥാനപതിക്കാണ് ജോര്‍ജിയയുടെയും ചുമതല. അര്‍മേനിയന്‍ എംബസിയുമായി ബന്ധപ്പെട്ട് വിജയ് ബാബുവിനെ നാട്ടിലെത്തിക്കാനാണ് പോലീസ് നീക്കം. ഈ നീക്കത്തിലൂടെ വിജയ് ബാബുവിന്റെ ഒളിത്താവളം കണ്ടെത്താമെന്നും പിടികൂടി നാട്ടിലെത്തിക്കാന്‍ സാധിക്കുമെന്നുമാണ് പോലീസ് പ്രതീക്ഷ. പീഡനക്കേസിനൊപ്പം ഇരയുടെ പേര് വെളിപ്പെടുത്തിയതിന് മറ്റൊരു കേസും വിജയ് ബാബുവിനെതിരേ നിലവിലുണ്ട്.