KeralaNews

ചര്‍ച്ച പരാജയം; റേഷന്‍ വ്യാപാരികള്‍ തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല സമരത്തില്‍

തിരുവനന്തപുരം: റേഷന്‍ കടകള്‍ തിങ്കളാഴ്ച മുതല്‍ അടഞ്ഞു കിടക്കും. റേഷന്‍ വ്യാപാരികള്‍ 27 മുതല്‍ അനിശ്ചിതകാല പണിമുടക്കിന് ഒരുങ്ങുകയാണ്. സംഘടനാ നേതാക്കളുമായി മന്ത്രിമാരായ കെ.എന്‍.ബാലഗോപാലും ജി.ആര്‍.അനിലും നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് വ്യാപാരികള്‍ പണിമുടക്കിന് ഒരുങ്ങുന്നത്. ഇതോടെ തിങ്കളാഴ്ച മുതല്‍ റേഷന്‍ കടകളില്‍ ഭൂരിഭാഗവും അടഞ്ഞുകിടക്കുമെന്നതിനാല്‍ റേഷന്‍ വിതരണം പ്രതിസന്ധിയിലാകും.

ഗോഡൗണുകളില്‍നിന്നു റേഷന്‍ കടകളിലേക്കു വിതരണം നടത്തുന്ന ഗതാഗത കരാറുകാര്‍ ഈ മാസം ആദ്യം മുതല്‍ പണിമുടക്കിലാണെന്നതും പ്രതിസന്ധി വര്‍ധിപ്പിക്കുന്നു. നാലു സംഘടനകള്‍ ഉള്‍പ്പെട്ട റേഷന്‍ ഡീലേഴ്‌സ് കോഓര്‍ഡിനേഷന്‍ സംസ്ഥാന കമ്മിറ്റിയും കേരള റേഷന്‍ എംപ്ലോയീസ് ഫെഡറേഷനും (എഐടിയുസി) ആണ് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്.

വേതന പരിഷ്‌കരണം എന്ന വ്യാപാരികളുടെ ആവശ്യം, മൂന്നംഗ സമിതിയുടെ റിപ്പോര്‍ട്ടിന്മേല്‍ ചര്‍ച്ചകള്‍ നടത്തി സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്ന മുറയ്ക്ക് പരിഗണിക്കാമെന്നായിരുന്നു മന്ത്രിമാരുടെ വാഗ്ദാനം. പണിമുടക്കില്‍നിന്നു പിന്മാറണമെന്നും മന്ത്രിമാര്‍ അഭ്യര്‍ഥിച്ചു. എന്നാല്‍, ഇക്കാര്യത്തില്‍ കൃത്യമായ പ്രഖ്യാപനം വേണമെന്ന ആവശ്യത്തില്‍ വ്യാപാരി സംഘടനകള്‍ ഉറച്ചുനിന്നതോടെയാണു ചര്‍ച്ച അലസിപ്പിരിഞ്ഞത്.

ധനമന്ത്രി 5 മിനിറ്റ് മാത്രമാണു യോഗത്തില്‍ പങ്കെടുത്തതെന്നും ഭക്ഷ്യമന്ത്രി കഴിഞ്ഞ ദിവസത്തെ ചര്‍ച്ചയില്‍ പറഞ്ഞ കാര്യങ്ങള്‍ ആവര്‍ത്തിക്കുകയായിരുന്നെന്നും സംഘടനാ നേതാക്കള്‍ കുറ്റപ്പെടുത്തി. സംഘടനാ നേതാക്കളായ ജി.സ്റ്റീഫന്‍ എംഎല്‍എ, ജോണി നെല്ലൂര്‍, ജി.കൃഷ്ണപ്രസാദ്, പി.ജി.പ്രിയന്‍കുമാര്‍, ടി.മുഹമ്മദലി, ടി.ശശിധരന്‍, കാരേറ്റ് സുരേഷ്, ബിജു കൊട്ടാരക്കര, സി.മോഹനന്‍പിള്ള തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker