
പനജി: വിനോദ സഞ്ചാരത്തിനായി ഗോവയിലെത്തിയ ബ്രിട്ടീഷ് യുവതിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. മഡ്ഗാവ് ജില്ലാ സെഷന്‍സ് കോടതിയുടേതാണ് വിധി. ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് പുറമെ 50,000 രൂപ പിഴയും ഒടുക്കണം. ഡാനിയാലേ മാക്കിളോറിന്‍ എന്ന 28കാരിയെ ആണ് പ്രതി വികാത് ഭഗത്ത് (31) സൗഹൃദം നടിച്ച് പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയത്.
എട്ടുവര്‍ഷം മുന്‍പ് ഗോവയിലെ കാണക്കൊണ ബീച്ചിന് സമീപമാണ് സംഭവം നടന്നത്. യുവതിയുമായി ചങ്ങാത്തമുണ്ടാക്കിയശേഷം ബീച്ചില്‍ പോയിവരുന്ന വഴിയില്‍ യുവതിയെ സമീപത്തുള്ള കുറ്റിക്കാട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. യുവതിയുടെ അമ്മയാണ് കഴിഞ്ഞ എട്ടുവര്‍ഷമായി പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കാന്‍ നിയമപോരാട്ടം നടത്തിയത്.
കേസില്‍ ദൃക്‌സാക്ഷികള്‍ ഇല്ലാഞ്ഞത് അന്വേഷണത്തില്‍ തടസ്സം സൃഷ്ടിച്ചിരുന്നെങ്കിലും പ്രോസിക്യൂഷന്‍ ശക്തമായി നീങ്ങിയതിനാല്‍ ശിക്ഷ ഉറപ്പാക്കാന്‍ സാധിച്ചു. മരിച്ച യുവതിയുടെ സഹോദരിയും അമ്മയും ബ്രിട്ടീഷ് കോണ്‍സുലേറ്റ് അധികൃതരും കോടതിയില്‍ ശിക്ഷാവിധി കേള്‍ക്കാന്‍ എത്തിയിരുന്നു.