കൊച്ചി: ലോഡ്ജ് മുറിയിൽ യുവതിയുടെ കഴുത്തില്‍ ചരടു കെട്ടിയാൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനുള്ള അനുമതിയാകില്ലെന്നു കോടതി. കഴിഞ്ഞ ദിവസം എറണാകുളം സെഷൻസ് കോടതി ജഡ്ജി ജി. ഗിരീഷിനു മുൻപാകെയാണ് മുൻകൂർ ജാമ്യം ലഭിക്കുന്നതിനായി യുവാവ് വിചിത്രമായ വാദം ഉന്നയിച്ചത്. പീഡനക്കേസിൽ പ്രതിയാക്കപ്പെട്ട ചേർത്തല പാണാവള്ളി സ്വദേശി വൈശാഖ് വിജയകുമാർ(24) ആണ് മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചത്.
വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചു എന്ന പട്ടികജാതിക്കാരിയായ യുവതിയുടെ പരാതിയിൽ എറണാകുളം ഉദയംപേരൂർ പൊലീസാണ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. കഴിഞ്ഞ വർഷം നവംബർ, ഡിസംബർ മാസങ്ങളിലാണ് കേസിന് ആസ്പദമായ സംഭവം. നവംബർ 27ന് യുവതിയെ ലോഡ്ജ് മുറിയിലെത്തിച്ച് യുവാവ് നിർബന്ധിച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കി. തന്റെ എതിർപ്പിനെ മറികടന്നാണ് പീഡിപ്പിച്ചത് എന്നാണ് പരാതിക്കാരി കോടതിയിൽ നൽകിയ മൊഴി.
ഡിസംബർ 24ന് വീണ്ടും ലോഡ്ജ് മുറിയിൽ എത്തിച്ചപ്പോൾ എതിർപ്പു രേഖപ്പെടുത്തി. ഈ സമയം ഒരു ചരട് യുവതിയുടെ കഴുത്തിൽ ചാർത്തി വിവാഹം കഴിച്ചതായി പ്രഖ്യാപിച്ചു. ഭാവിയിൽ വിവാഹം കഴിച്ച് ഒരുമിച്ചു ജീവിക്കാമെന്ന വാഗ്ദാനവും നൽകി. തുടർന്ന് നിർബന്ധിച്ച് ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടു. പിന്നീട് യുവാവ് വിവാഹത്തിനു താൽപര്യമില്ല എന്ന് അറിയിച്ച് പിൻവാങ്ങുകയായിരുന്നു. ചില സാമ്പത്തിക കാരണങ്ങളാലാണ് വിവാഹ ബന്ധത്തിൽ നിന്നു പിൻമാറുന്നത് എന്നാണ് കോടതിയെ അറിയിച്ചത്.
വിവാഹത്തിൽ നിന്നു പിൻമാറിയതോടെ യുവതി പരാതിയുമായി പൊലീസിനെ സമീപിച്ചു. പൊലീസ് അറസ്റ്റു ചെയ്യാൻ സാധ്യതയുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് യുവാവ് കോടതിയെ സമീപിച്ചത്. താൻ താലി ചാർത്തിയ യുവതി ആയതിനാൽ കേസ് പീഡന പരിധിയിൽ വരില്ലെന്നായിരുന്നു വാദം. എന്നാൽ ചരട് ചാർത്തുന്നത് വിവാഹമാകില്ലെന്നും സാങ്കൽപികമായി വിവാഹം കഴിച്ചു എന്ന വാദം അംഗീകരിക്കാൻ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി. ഇത് ഐപിസി സെക്‌ഷൻ 375 പ്രകാരം ബലാൽസംഗമാണെന്നുമാണ് കോടതി സ്വീകരിച്ച നിലപാട്.