രണ്ട് മണ്ടൻമാർക്കിടയിൽ ആരാണ് വലിയ മണ്ടൻ’; രഞ്ജിത്തിന്റെ പരാമർശത്തിൽ ഹരീഷ് പേരടി
കൊച്ചി:സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത്ത് നടന്‍ ഭീമന്‍ രഘുവിനെക്കുറിച്ച് നടത്തിയ പരാമര്‍ശം ഏറെ ചര്‍ച്ചയാവുകയാണ്. ഒരു പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഭീമന്‍ രഘുവിനെക്കുറിച്ചുള്ള ചോദ്യത്തോട് രഞ്ജിത്ത് പ്രതികരിച്ചത്. പൊതുവേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിക്കുന്ന വേളയില്‍ ഭീമന്‍ രഘു എഴുന്നേറ്റ് നിന്നതിനെക്കുറിച്ചുള്ളതായിരുന്നു ചോദ്യം.
ഞങ്ങള്‍ ഒക്കെ കളിയാക്കി കൊല്ലാറുള്ള ഒരു മണ്ടനാണ് ഭീമന്‍ രഘു എന്നാണ് രഞ്ജിത്ത് പറഞ്ഞത്.
”അദ്ദേഹം ആ ഭാഗത്തേക്കു നോക്കിയില്ല എന്നതാണ് എനിക്ക് മുഖ്യമന്ത്രിയോടുള്ള ബഹുമാനം . കാരണം മിസ്റ്റര്‍ രഘൂ, നിങ്ങള്‍ അവിടെ ഇരിക്കൂ എന്നു പറഞ്ഞാല്‍ ഇയാള്‍ ആളായി. അങ്ങനെ പുള്ളി ആരെയും ആളാക്കില്ല. സിനിമയില്‍ ഇയാള്‍ ഒരു കോമാളിയാണ്. മസില്‍ ഉണ്ടെന്നേയുള്ളൂ. ഞങ്ങളൊക്കെ എത്ര കാലമായി കളിയാക്കി കൊന്നുകൊണ്ടിരിക്കുന്ന ഒരുത്തനാ. മണ്ടനാണ്.” – രഞ്ജിത്ത് പറഞ്ഞു.
ഇപ്പോള്‍ ഇത് സംബന്ധിച്ച വാര്‍ത്ത ഷെയര്‍ ചെയ്ത് പ്രതികരിച്ചിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി. ഫേയ്‌സ്ബുക്ക് കുറിപ്പിലായിരുന്നു പ്രതികരണം. ഒരു മണ്ടന് മറ്റൊരു മണ്ടനെ ഇഷ്ടമല്ലാ എന്ന് പറഞ്ഞവന്‍ ഏതായാലും മണ്ടനല്ല എന്നായിരുന്നു നടന്റെ പ്രതികരണം.
”രാജാവിനെ പുകഴ്ത്താന്‍ പെടാപ്പാടുപെടുന്ന രാജസദസ്സിലെ രണ്ട് മണ്ടന്‍മാര്‍ക്കിടയില്‍ ആരാണ് വലിയ മണ്ടന്‍ എന്ന് മാത്രമേ ഇനി അറിയേണ്ടു. ഒരു മണ്ടന് മറ്റൊരു മണ്ടനെ ഇഷ്ടമല്ലാ എന്ന് പറഞ്ഞവന്‍ ഏതായാലും മണ്ടനല്ല എന്ന് ഉറപ്പായി . സ്വന്തം മണ്ട എങ്ങിനെ നിങ്ങളെ സഹിക്കുന്നു. മണ്ട സലാം” – ഹരീഷ് പേരടി കുറിച്ചു.