തിരുവനന്തപുരം: ചലച്ചിത്ര അക്കാദമിയിൽ ഭിന്നതയില്ലെന്നും നിലവിൽ രാജിവെക്കേണ്ട സാഹചര്യമില്ലെന്നും ചെയർമാൻ രഞ്ജിത്ത്. അംഗങ്ങൾ തനിക്കെതിരേ സമാന്തരയോഗം ചേർന്നിട്ടില്ലെന്നും എല്ലാം മാധ്യമവാർത്തകൾ മാത്രമാണെന്നും ടാഗോർ തിയേറ്ററിലെ ചലച്ചിത്രമേളവേദിയിൽ വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
തനിക്കെതിരേ അംഗങ്ങൾ പരാതികൊടുത്തിട്ടുണ്ടെങ്കിൽ സർക്കാർ അന്വേഷിക്കട്ടെ. അക്കാദമിക്കെതിരേ തങ്ങൾ ഒരു ചുവടും വെക്കില്ലെന്ന് അംഗങ്ങൾതന്നെ അറിയിച്ചിട്ടുണ്ട്. ഡോ. ബിജുവിനെക്കുറിച്ച് താൻ അഭിമുഖത്തിൽ പറഞ്ഞതു വ്യക്തിപരമായ അഭിപ്രായമാണ്. അക്കാദമിചെയർമാന്റെ കസേരയിലോ ഓഫീസിലോ ഇരുന്നല്ല താൻ സംസാരിച്ചത്.
അക്കാദമിയുടെ എക്സിക്യുട്ടീവ് കൗൺസിൽ വിപുലപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്. കുക്കു പരമേശ്വരനെ അതിലേക്ക് നിർദേശിക്കാനാണ് തീരുമാനം. സ്വയം മാറിനിൽക്കാൻ അഞ്ജലി മേനോൻ തീരുമാനിച്ച സാഹചര്യത്തിലാണ് കുക്കു പരമേശ്വരനെ ഉൾപ്പെടുത്തുന്നത്. കുക്കു പരമേശ്വരനും താനും തമ്മിൽ നല്ലസൗഹൃദമാണുള്ളത്. പ്രശ്നങ്ങളുണ്ടായിട്ടില്ല. ഐ.എഫ്.എഫ്.കെ. ക്യുറേറ്റർ ഗോൾഡ സെല്ലത്തെ അടുത്തമേളയിലും നിലനിർത്താൻ തീരുമാനിച്ചതായും രഞ്ജിത്ത് പറഞ്ഞു.അംഗങ്ങൾ സമാന്തരയോഗം ചേർന്നിട്ടില്ലെന്ന് അക്കാദമി സെക്രട്ടറി സി. അജോയിയും പറഞ്ഞു.
തനിക്കുനേരെ അക്കാദമിയിൽ പരാതികളുയർന്നിട്ടില്ല എന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് പറഞ്ഞത് ശുദ്ധനുണയാണെന്നും മാടമ്പിത്തരം തിരുത്തിയില്ലെങ്കിൽ രഞ്ജിത്തിനെ പുറത്താക്കണമെന്നും അക്കാദമി ജനറൽകൗൺസിൽ അംഗങ്ങൾ. കഴിഞ്ഞദിവസം സമാന്തരയോഗം ചേർന്ന ജനറൽകൗൺസിൽ അംഗങ്ങളായ എൻ. അരുൺ, മനോജ് കാന തുടങ്ങിയവരാണ് പരസ്യപ്രതികരണവുമായി എത്തിയത്.
അംഗങ്ങൾ യോഗംചേർന്ന് തീരുമാനമെടുക്കുകയും മന്ത്രിക്കുൾപ്പെടെ കത്ത് നൽകുകയും ചെയ്തിരുന്നു. ഇങ്ങനെയുണ്ടായിട്ടില്ല എന്ന ചെയർമാന്റെ വാദം കള്ളമാണ്. ‘‘അക്കാദമി എക്സിക്യുട്ടീവ് കമ്മിറ്റി വിപുലപ്പെടുത്തുമെന്നും കുക്കു പരമേശ്വരനെ ഉൾപ്പെടുത്തും എന്നുമൊക്കെയാണ് അദ്ദേഹം പറഞ്ഞത്.
എന്നാൽ, അതിനുള്ള അധികാരം ചെയർമാനില്ല. ചെയർമാന്റെ വീഴ്ചകൾ ചൂണ്ടിക്കാട്ടിയതിന് കഴിഞ്ഞദിവസം കുക്കു പരമേശ്വനെ വിളിച്ച് ‘നിങ്ങളുടെ സേവനം ഇനി ആവശ്യമില്ല, നിർത്തിപ്പോയ്ക്കോളൂ’ എന്നാണ് പറഞ്ഞത്. അങ്ങനെ പറയാൻ ചെയർമാന്റെ വീട്ടിലെ ജോലിക്കാരല്ല അംഗങ്ങൾ’’ -അവർ പറഞ്ഞു.