CrimeKeralaNews

മൊബൈല്‍ ഫോണിനായുള്ള പിടിവലിക്കിടെ ടെറസിലേയ്ക്ക് ഇരുവരും നിലത്ത് വീണു: പ്ലാസ്റ്റിക് കയര്‍ കയ്യില്‍ കെട്ടി, കഴുത്ത് മുറുക്കി കൊലപ്പെടുത്തി: ഒറ്റയ്ക്ക് കുഴിയെടുത്ത് മൃതദേഹം താഴെ എത്തിച്ച്‌ മറവ് ചെയ്തു

കൊച്ചി:ഒന്നര വര്‍ഷം മുമ്ബ് ഭാര്യയെ കൊലപ്പെടുത്തി വീടിന് സമീപം കുഴിച്ചിട്ട സംഭവത്തില്‍ പ്രതി സജീവന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ പുറത്ത്. നായരമ്ബലം നികത്തിത്തറ രമ്യയാണ് (35) കൊല്ലപ്പെട്ടത്. ഭര്‍ത്താവ് എടവനക്കാട് അറക്കപറമ്ബില്‍ സജീവിനെ (45) പൊലീസ് അറസ്റ്റ് ചെയ്തത് കുറ്റസമ്മതത്തിന് ശേഷമായിരുന്നു. തുടര്‍ച്ചയായി മൊഴിയെടുക്കലിനൊടുവിലാണ് കൊലപാതക വിവരം പുറത്ത് വരുന്നത്. മൊബൈല്‍ ഫോണിനു വേണ്ടിയുള്ള പിടിവലിക്കിടെ വീടിന്റെ ടെറസില്‍ വച്ച്‌ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് മൊഴി. 2021 ഓഗസ്റ്റ് 16നായിരിക്കും കൊല നടന്നതെന്നാണു പൊലീസ് കരുതുന്നത്. ഇക്കാര്യത്തില്‍ കൂടുതല്‍ ശാസ്ത്രീയ പരിശോധന ആവശ്യമാണ്.

അന്നു രാവിലെ വീട്ടില്‍ നിന്നിറങ്ങിയ താന്‍ വൈകാതെ തിരിച്ചെത്തിയതായി സജീവ് പൊലീസിനോടു പറഞ്ഞു. കുട്ടികള്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല. വീട്ടിലെത്തിയപ്പോള്‍ ഭാര്യ രമ്യ ഫോണ്‍ ചെയ്യുകയായിരുന്നു. തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ ആരാണു വിളിച്ചതെന്നറിയാന്‍ സജീവ് ഫോണ്‍ കൈക്കലാക്കി ടെറസിലേക്ക് ഓടി. രമ്യയും പിന്നാലെ എത്തി. ഫോണിനു വേണ്ടിയുള്ള പിടിവലിക്കിടെ ഇരുവരും നിലത്തു വീണു. തുണി ഉണക്കാന്‍ അയ കെട്ടിയിരുന്ന പ്ലാസ്റ്റിക് കയര്‍ കയ്യില്‍ കെട്ടുകയും അത് ഉപയോഗിച്ചു രമ്യയുടെ കഴുത്തില്‍ മുറുക്കുകയും ചെയ്തു എന്നാണു സജീവ് പറയുന്നത്.

മരണം ഉറപ്പാക്കിയ ശേഷം വീടിനു താഴെ എത്തി. സന്ധ്യ മയങ്ങിയതിനു ശേഷം വീട്ടുമുറ്റത്ത് കുഴിയെടുത്തു. പിന്നീട് ഒറ്റയ്ക്ക് തന്നെ മൃതദേഹം താഴെ എത്തിച്ചു. എളുപ്പത്തില്‍ അഴുകിപ്പോകുന്നതിനായി രമ്യയുടെ ദേഹത്തു നിന്ന് വസ്ത്രങ്ങള്‍ ഊരി മാറ്റി മൊബൈല്‍ ഫോണ്‍, കഴുത്തില്‍ കുരുക്കിയ പ്ലാസ്റ്റിക് കയര്‍ എന്നിവയ്ക്കൊപ്പം കത്തിച്ചു. വീടിന്റെ തെക്കുഭാഗത്തു കൂടി മൃതദേഹം ഒറ്റയ്ക്കു വലിച്ചുകൊണ്ടുവന്നു കുഴിയിലിട്ടു മൂടി. അധികം ആഴം ഇല്ലാതിരുന്നതിനാല്‍ ശരീരം അഴുകി വീര്‍ത്തപ്പോള്‍ മേല്‍ഭാഗത്തെ മണ്ണ് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഉയര്‍ന്നു വന്നു.

ഇത് ചവിട്ടി അമര്‍ത്തി കൂടുതല്‍ മണ്ണ് നിറയ്ക്കുകയും ചെയ്തു. വീട്ടില്‍ ഉണ്ടായിരുന്ന നായ ഈ ഭാഗത്തു മണം പിടിച്ച്‌ എത്തുന്നതും മാന്തുന്നതും ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് അതിനെ ഒഴിവാക്കി. കുഴിയെടുക്കാന്‍ കോരി മാറ്റിയ ചെളി കലര്‍ന്ന മണ്ണ് വീടിന്റെ പടിഞ്ഞാറുഭാഗത്തു കൊണ്ടുപോയി ഇടുകയും ചെയ്തു. ഇന്നലെ രാവിലെയാണു വാച്ചാക്കലിലുള്ള വാടകവീട്ടില്‍ മുനമ്ബം ഡിവൈഎസ്പി എം.കെമുരളി, ഇന്‍സ്പെക്ടര്‍മാരായ രാജന്‍ കെ.അരമന, എ.എല്‍.യേശുദാസ് എന്നിവരുടെ നേതൃത്വത്തില്‍ ഇയാളെ തെളിവെടുപ്പിന് എത്തിച്ചത്. തെളിവെടുപ്പിലാണ് കൊലപാതകം ടെറസിയില്‍ വച്ചാണ് നടത്തിയതെന്ന് പ്രതി വെളിപ്പെടുത്തിയത്.

പ്ലാസ്റ്റിക് ഷീറ്റ് കെട്ടി മറച്ചാണു കാര്‍പോര്‍ച്ചിനോടു തൊട്ടുചേര്‍ന്നു കുഴിയെടുത്തത്. വീടിന്റെ ഈ ഭാഗത്ത് അധികം വെളിച്ചമില്ലാത്തതും കോവിഡ് കാലമായിരുന്നതിനാല്‍ മുന്നിലുള്ള ഇടവഴിയില്‍ സഞ്ചാരം കുറവായതും കുറ്റകൃത്യം ആരുടെയും ശ്രദ്ധയില്‍പെടാതിരിക്കാന്‍ പ്രതിക്കു സഹായകമായി. രമ്യ കാമുകന്റെ കൂടെ പോയി എന്ന കഥ മെനഞ്ഞ് മക്കളെയടക്കം വിശ്വസിപ്പിച്ചു.

ഭാര്യയിലുള്ള സംശയമാണ് കൊലപാതകത്തിന് ഇടയാക്കിയതെന്ന് സജീവന്‍ പറഞ്ഞു. ഇലന്തൂര്‍ നരബലി കേസിന് ശേഷം സ്ത്രീകളെ കാണാതായ കേസുകളില്‍ പൊലീസ് നടത്തിയ അന്വേഷണമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. രമ്യയെ കാണാതായതിനു ശേഷം മാസങ്ങളോളം പൊലീസ് അതിനു പിന്നാലെ ഉണ്ടായിരുന്നെങ്കിലും സംശയത്തിന്റെ കണികപോലുമുണ്ടാക്കാത്ത പ്ലാനിങ് സജീവ് നടത്തി.

കൊലപാതകത്തിന്റെ തെളിവുകള്‍ ഒന്നും ആദ്യം ലഭിച്ചില്ല. പിന്നീട് ചില പ്രത്യേക സാഹചര്യത്തില്‍ ഇത്തരം സ്വഭാവമുള്ള കേസുകള്‍ പുനഃപരിശോധന നടത്തിയപ്പോള്‍ ഞാറയ്ക്കല്‍ പൊലീസ് ഇന്‍സ്പെക്ടര്‍ രാജന്‍ കെ.അരമനയ്ക്കു തോന്നിയ സംശയമാണ് അന്വേഷണം വീണ്ടും ഊര്‍ജിതമാവാന്‍ കാരണമായത്. തുടര്‍ന്നു ഭര്‍ത്താവ് സജീവിനെ നിരീക്ഷണത്തിലാക്കി. ഭാര്യയെ കാണാനില്ലെന്നു കാണിച്ചു മാസങ്ങള്‍ക്ക് ശേഷം നല്‍കിയ പരാതിയും മൊഴികളിലെ വൈരുധ്യവും കണക്കിലെടുത്തപ്പോള്‍ അന്വേഷണം ഭര്‍ത്താവിലേക്കു തന്നെയെത്തി. ഇതിനിടെ പലതവണ സജീവിനെ ചോദ്യം ചെയ്തിരുന്നുവെങ്കിലും സമൂഹത്തില്‍ നല്ല പ്രതിഛായ ഉണ്ടായിരുന്നതും ക്രിമിനല്‍ പശ്ചാത്തലം ഇല്ലാത്തതും അറസ്റ്റ് വൈകാന്‍ കാരണമായെന്നും എസ്പി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker